Breaking NewsKERALANEWSTop News

പ‌ട്ടിണി പാവങ്ങൾ കിറ്റുകാത്ത് വെയിലത്ത് നിൽക്കുമ്പോൾ മണിമാളികളിൽ കിറ്റുമായി മന്ത്രി നേരിട്ടെത്തും; ഇതാണോ സഖാവേ സോഷ്യലിസം എന്ന ചോദ്യവുമായി ഇടത് പ്രവർത്തകരും; വാർത്തകളിൽ നിറയാൻ മന്ത്രി ജി ആർ അനിൽ കാട്ടിയ തന്ത്രം തിരിഞ്ഞുകൊത്തുന്നത് ഇങ്ങനെ

തിരുവനന്തപുരം: പാവപ്പെട്ടവൻ സൗജന്യ കിറ്റിനായി കാത്തിരിക്കുമ്പോൾ നടനും സംവിധായകനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന് പൊതുവിതരണ വകുപ്പ് മന്ത്രി നേരിട്ട് വീട്ടിലെത്തി കിറ്റ് നൽകിയ സംഭവത്തിൽ വിവാ​ദം കനക്കുന്നു. റേഷൻ കട വഴി സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റാണ് മന്ത്രി ജി ആർ അനിൽ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നേരിട്ടെത്തിച്ചത്. യാതൊരു പണിയുമില്ലാതെ നട്ടം തിരിയുന്ന പാവങ്ങൾ റേഷൻ കടകൾക്ക് മുന്നിൽ തങ്ങളുടെ ടേൺ അനുസരിച്ച് ക്യൂ നിന്ന് വാങ്ങുന്ന കിറ്റ് സമ്പന്നനായ നടന് മന്ത്രി നേരിട്ട് വീട്ടിലെത്തിച്ച സംഭവത്തിൽ പാർട്ടിക്കാർക്കിടയിലും മുന്നണിക്കുള്ളിലും വിമർശനം ഉയരുന്നുണ്ട്. ‌

നടന്റെ ജവാഹർ നഗർ ഭഗവതി ലെയ്‌നിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ എത്തിയാണ് മന്ത്രി കിറ്റ് കൈമാറിയത്. റേഷൻ കടകളിലെ ഇപോസ് മെഷിനിൽ വിരൽ പതിപ്പിച്ച് കാർഡ് വിവരങ്ങൾ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് മന്ത്രി തന്റെ സമ്മാനമായി താരത്തിന് നൽകിയത്. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ മന്ത്രിയുമായി ബന്ധപ്പെട്ടവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയത്.

പട്ടിണിപ്പാവങ്ങൾ ഒരുനേരത്തേ പട്ടിണി മാറ്റാൻ സൗജന്യ കിറ്റ് കാത്തിരിക്കുമ്പോൾ സമ്പന്നന്റെ മാളികയിലെത്തി കിറ്റ് സമ്മാനിക്കുന്നതാണോ സഖാവേ സോഷ്യലിസം എന്ന ചോദ്യമാണ് ഇ‌‌ടത് ​ഗ്രൂപ്പുകളിൽ പോലും ഉയരുന്നത്. വാർത്തകളിൽ ഇടംപിടിക്കാൻ കാണിക്കുന്ന ചെപ്പടി വിദ്യകൾ മുന്നണിക്കുണ്ടാക്കുന്ന നാണക്കേട് ചെറുതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സമ്പന്നന് സൗജന്യ കിറ്റ് വീട്ടിൽ കൊണ്ടു കൊടുത്തല്ല മന്ത്രി മേനി പറയേണ്ടതെന്നും പാവങ്ങളുടെ പട്ടിണി മാറ്റാനാണ് ശ്രമിക്കേണ്ടതെന്നുമാണ് വിമർശനം.

കഴിഞ്ഞ ലോക്ഡൗൺ കാലത്തു സർക്കാർ നൽകിയ സൗജന്യ റേഷൻ അരിയെക്കുറിച്ച് മോശം അഭിപ്രായം സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നതോടെ ജവാഹർ നഗറിലെ റേഷൻ കടയിൽ പോയി രാജു അരി വാങ്ങി ഉപയോഗിച്ചത് നേരത്തെ വാർത്ത ആയിരുന്നു. റേഷനരി മോശമാണെന്നു സമൂഹമാധ്യമങ്ങളിലെ ചിലരുടെ സന്ദേശങ്ങൾ കണ്ടാണ് അതു വാങ്ങാൻ പോയതെന്നും അരി വീട്ടിൽ കൊണ്ടുവന്നു ചോറു വച്ചപ്പോൾ മികച്ചതായിരുന്നുവെന്നും രാജു തന്നെ പിന്നീടു വെളിപ്പെടുത്തിയിരുന്നു.

തന്റെ ബാല്യകാലത്ത് റേഷനരി ചോറുണ്ടാണു വളർന്നതെന്നും അതു കൊണ്ടു റേഷൻ കടയിൽ പോയി അരി വാങ്ങാൻ നാണക്കേടൊന്നും തോന്നിയില്ലെന്നും രാജു അഭിപ്രായപ്പെട്ടിരുന്നു. ഈ വാർത്ത കണ്ട് അന്നത്തെ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ രാജുവിനെ വീട്ടിൽ നേരിട്ട് എത്തി അഭിനന്ദിച്ചു. ഇതിന് തുടർച്ച എന്നോണമാണ് ഓണക്കിറ്റിന്റെ വിതരണം ആരംഭിച്ച ഉടൻ ‘സെലിബ്രിറ്റി’ യുടെ വീട്ടിൽ നേരിട്ട് മന്ത്രി ജി.ആർ.അനിൽ എത്തിയതെന്ന് ബന്ധപ്പെട്ടവരുടെ വിശദീകരണം.

ഭക്ഷ്യപൊതുവിതരണ വകുപ്പ് ജൂലൈ 31നാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. പാവപ്പെട്ടവരും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് അംഗങ്ങൾക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്. മന്ത്രി ഭരിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവും ഇറക്കിയിട്ടുണ്ട്.

മുൻഗണന ഇതര വിഭാഗത്തിലെ സബ്‌സിഡി ഇല്ലാത്ത (നോൺ പ്രയോറിറ്റി നോൺ സബ്‌സിഡി) എന്ന വെള്ള നിറത്തിലുള്ള റേഷൻ കാർഡിലെ അംഗമാണ് രാജു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണു കാർഡ്. സാധാരണ, ഒരു വെള്ള കാർഡ് ഉടമയോ അംഗമോ ഈ ദിവസങ്ങളിൽ റേഷൻ കടയിൽ എത്തിയാൽ കിറ്റ് ലഭിക്കില്ല.

റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല. ഇക്കാര്യം അധികൃതരും റേഷൻ വ്യാപാരികളും സമ്മതിക്കുന്നു. വെള്ള കാർഡ് അംഗങ്ങൾക്കു കിറ്റ് നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നൽകിയിട്ടുള്ളത് ഓഗസ്റ്റ് 13 മുതലാണെന്നും ഉത്തരവിൽ പറയുന്നു. ക്രമം തെറ്റിച്ച് സെലിബ്രിറ്റിയുടെ വീട്ടിൽ നേരിട്ട് ഓണക്കിറ്റ് എത്തിച്ച മന്ത്രിയുടെ നടപടിയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.

മന്ത്രി കിറ്റ് വീട്ടിൽ എത്തിച്ചു നൽകിയ വാർത്ത പുറത്തുവന്നതോടെ എല്ലാവർക്കും ഇങ്ങനെ വീട്ടിൽ കൊണ്ടു പോയി കിറ്റ് കൊടുക്കുമോ എന്നാണു ചോദ്യം ഉയരുന്നത്. കിടപ്പുരോഗികളും അവശരുമായവർക്കു പോലും മറ്റൊരാളെ രേഖാമൂലം നിയോഗിച്ച് റേഷൻ വാങ്ങാനാണ് അനുവാദം.

ഇങ്ങനെ നിയോഗിക്കുന്ന ആൾ (പ്രോക്‌സി) അപേക്ഷകന്റെയോ അപേക്ഷകയുടെയോ റേഷകടയുടെ പരിധിയിലുള്ള കാർഡ് ഉടമയോ അംഗമോ ആകണമെന്നാണു വ്യവസ്ഥ. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസറാണ് ഇതിന് അനുമതി നൽകേണ്ടതും. റേഷൻ കട ഉടമകൾ തോന്നിയതു പോലെ കിറ്റ് വിതരണം ചെയ്യാതിരിക്കാനാണ് സർക്കാർ തന്നെ മുൻഗണനാക്രമം നിശ്ചയിച്ചു നൽകുന്നത്.

ഇത്തവണ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം റേഷൻ കടകൾ തോറും ‘പ്രമുഖരെ’ കൊണ്ടു നടത്താൻ സർക്കാർ നൽകിയ നിർദ്ദേശം വിവാദമായിരുന്നു. വിതരണോദ്ഘാടനത്തിന്റെ ചിത്രങ്ങൾ സിവിൽ സപ്ലൈസ് ഡയറക്ടറെയോ ജില്ലാ സപ്ലൈ ഓഫിസറെയോ അറിയിക്കാനാണു റേഷൻ വ്യാപാരികളോടു നിർദേശിച്ചത്.

പിന്നീട് അങ്ങനെയൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നു മന്ത്രി വിശദീകരിച്ചെങ്കിലും ഇതു സംബന്ധിച്ച രേഖകൾ പുറത്തുവന്നതോടെ സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശിച്ചിരുന്നുവെന്ന് ഉറപ്പായി. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണത്തിന്റെ സുതാര്യതയ്ക്കു വേണ്ടി ഒരു കൈമാറ്റച്ചടങ്ങ് നടത്താനാണു നിർദേശിച്ചതെന്നും മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കിയിരുന്നു.

കുതിരാൻ തുരംഗം കൊട്ടിഘോഷിച്ചുള്ള ഔദ്യോഗിക ഉദ്ഘാടനം വേണ്ടന്നുവച്ച് സാധാരണക്കാർക്കായി ജില്ലാ കളക്ടർ തുറന്നുകൊടുക്കുമ്പോഴും സംസ്ഥാനത്തെ സാധാകരണക്കാരുടെ അന്നത്തിനായി സർക്കാർ നൽകുന്ന കിറ്റ് രാഷ്ട്രീയ നേട്ടത്തിനായി വിനിയോഗിക്കുന്നു എന്ന വിമർശനമാണ് അന്ന് ഉയർന്നത്. സർക്കാർ പദ്ധതികൾ പൊതുജനങ്ങൾക്കായി നടപ്പാക്കുമ്പോഴും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം വിമർശന വിധേയമായത്.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് മെയ്‌, ജൂൺ മാസങ്ങൾക്കു ശേഷം മൂന്നാമതു നൽകുന്നതാണ് ഓണക്കിറ്റ്. മേയിൽ നൽകിയതിനെക്കാൾ രണ്ടു ലക്ഷത്തിലേറെ കുറവാണു ജൂണിൽ നൽകിയ കിറ്റുകളുടെ എണ്ണം. 85.68 ലക്ഷം കിറ്റുകൾ മേയിൽ നൽകിയപ്പോൾ ജൂണിൽ 83.62 ലക്ഷം ആയി കുറഞ്ഞതായി സർക്കാരിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു.

ജൂണിലെ കിറ്റ് വിതരണം ജൂലൈ അവസാനം വരെ നീട്ടിയിട്ടും കിറ്റുകൾ യഥാസമയം കടകളിൽ എത്തിക്കാൻ വൈകിയതാണ് ആവശ്യക്കാരായ എല്ലാ കാർഡ് ഉടമകൾക്കും ലഭിക്കാതെ പോകാൻ കാരണം. ജൂലൈ അവസാന ആഴ്ചകളിലാണു ചില കടകളിൽ കിറ്റ് എത്തിച്ചത്. ഇതിനിടെ കിറ്റ് എത്തിയ എന്ന അന്വേഷണവുമായി പല തവണ കടകളിൽ എത്തി നിരാശരായി മടങ്ങിയ ഒട്ടേറെ പേരുണ്ട്. കിറ്റ് ആവശ്യമില്ലാത്തവർ എന്ന രീതിയിൽ പിന്തിരിപ്പിക്കൽ ശ്രമം പാളിയതോടെ പല കാരണങ്ങളാൽ സൗജന്യ കിറ്റിന്റെ പരിധിയിൽ നിന്നും പുറത്തായത് നിരവധി പേരാണ്.

കിറ്റ് വിതരണത്തിന്റെ അവസാന രണ്ടു ദിവസങ്ങളിൽ റേഷൻ കടകളിൽ ഇ പോസ് മെഷീൻ തകരാറിലായതിനാൽ പലർക്കും ലഭിച്ചില്ല. ജൂലൈ 29നാണ് ജൂണിലെ കിറ്റ് വിതരണം അവസാനിപ്പിച്ചത്. ഇത്തരം പരാതികൾ ശ്രദ്ധയിൽപെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. കടകളിൽ ബാക്കി വന്ന ഒരു ലക്ഷത്തിലേറെ കിറ്റുകൾ സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) തിരിച്ചെടുക്കുകയും ചെയ്തു. ബാക്കി വന്ന സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപറേഷൻ സൂപ്പർ മാർക്കറ്റുകൾ വഴി വിറ്റഴിക്കുകയോ പുതിയ കിറ്റിൽ ഇടം പിടിക്കുകയോ ചെയ്യും.

സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണു വിപണിയിൽനിന്നു ടെൻഡർ മാർഗം വാങ്ങി സാധനങ്ങൾ വാങ്ങി കിറ്റ് തയാറാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള ഫണ്ടും ഇതിനായി ചെലവിടുന്നു. ജൂലൈ മാസത്തെ റേഷൻ വിതരണം മുന്നറിയിപ്പില്ലാതെ അധികൃതർ അവസാനിപ്പിച്ചതും പരാതികൾക്കിടയാക്കി. ജൂലൈ 8ന് ആരംഭിച്ച റേഷൻ വിതരണം 31നാണ് അവസാനിപ്പിച്ചത്. ആകെ 19 പ്രവൃത്തിദിവസങ്ങളാണ് കാർഡ് ഉടമകൾക്കു റേഷൻ വാങ്ങാൻ ലഭിച്ചത്. ഇതു കാരണം ആവശ്യക്കാരായ എല്ലാവർക്കും റേഷൻ സാധനങ്ങൾ വാങ്ങാനായില്ല. ആകെയുള്ള 90.67 ലക്ഷം കാർഡ് ഉടമകളിൽ 88.46% പേരാണു റേഷൻ വാങ്ങിയത്. മുൻ മാസങ്ങളിൽ 90 ശതമാനത്തിലേറെ പേർക്കു റേഷൻ ലഭിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close