KERALANEWSTrending

തമ്പല’ക്കാടിനെ’ ഇല്ലാതാക്കുന്ന കരിങ്കൽ ഖനനം

നാടിന്റെ അടിവേരുകൾ പിഴുതെറിഞ്ഞും കുന്നിൻ പ്രദേശങ്ങൾ തുരന്നെടുത്തും നീരുറവകൾ നശിപ്പിച്ചും വൻ ലോബികൾ കരിങ്കൽ ഖനനത്തിലൂടെ ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കുന്നത് കണ്ടു നിൽക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയിലാണ് തമ്പലക്കാട് നിവാസികൾ. തങ്ങളുടെ മണ്ണിലെ ജൈവസമ്പത്തും പ്രകൃതിയുടെ മനോഹാരിതയും ഭരണകൂടത്തിന്റെ കണ്ണടച്ചുകൊണ്ട് പാറമട ലോബികൾ പിഴുതെറിയുമ്പോൾ ഗ്രാമത്തിന്റെ നാളെകളെക്കുറിച്ചോർത്ത് ആകുലരാകുകയാണവർ.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ദീർഘനാളായി പ്രവർത്തിക്കുന്ന പാറമട തമ്പലക്കാട് എന്ന കൊച്ചു ഗ്രാമത്തെ കാർന്നു തിന്നുകയാണ്. തമ്പലക്കാടിന്റെ കുന്നിൻ പ്രദേശമായ പന്തമാവ് ഇന്ന് നാമാവശേഷമായി മാറി. ഒരു ഗ്രാമം തന്നെ പതിയെ ഇല്ലാതാവുമ്പോൾ വികസനത്തിന്റെ പേരു പറഞ്ഞ് മൗനാനുവാദം നൽകുകയാണ് ഭരണകൂടം. പാറമട പ്രവർത്തിക്കുന്ന സമീപ പ്രദേശങ്ങളിൽ നിന്നും ഇരുപതോളം കുടുംബങ്ങൾ നാളിതുവരെ പലായനം ചെയ്തിട്ടുണ്ട്.

പാറകൾ പൊട്ടിക്കുന്നതിന്റെ ആഘാതം മൂലം സമീപത്തുള്ള നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളലുകൾ വീഴുന്നു. അത് കൂടാതെയുള്ള പൊടിശല്യവും പാറമട ലോബിക്കു തന്നെ തങ്ങളുടെ വീടും പ്രദേശവും കൈമാറി ഒഴിഞ്ഞു പോകുവാൻ പലരെയും നിർബന്ധിതരാക്കുകയാണ്. പാറമടയ്ക്കു സമീപമുള്ള അരുവികളും മറ്റ് ജലസ്രോതസ്സുകളും മലിനമാകുന്നതിനും വ്യാപകമായി നടക്കുന്ന ഖനനം കാരണമാകുന്നു.

കൺമുന്നിൽ തങ്ങളുടെ സ്വന്തം നാടിന്റെ മരണാവസ്ഥ കണ്ടുനിൽക്കേണ്ടി വരുന്ന ഗ്രാമവാസികളുടെ ശബ്ദവും പ്രതിഷേധങ്ങളും അധികാരികൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ ഒരു കൊച്ചു ഗ്രാമം തന്നെ ഇല്ലാതാകുകയാണ്. തമ്പലക്കാടിലെ കാട് ആ ഗ്രാമത്തിന്റെ പേരിൽ മാത്രം അവശേഷിക്കും വിധത്തിലുള്ള പാറമടയുടെ പ്രവർത്തനം ഒരു ദുരന്തത്തിലേയ്ക്ക് നയിക്കും. വ്യാപകവും അനിയന്ത്രിതവുമായ കരിങ്കൽ ഖനനം പ്രദേശത്തെ മറ്റൊരു പെട്ടിമുടിയോ കവളപ്പാറയോ ആക്കുമെന്ന ആശങ്കയിലും ഭയത്തിലുമാണ് ഇവിടുത്തെ നിവാസികൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close