EducationKERALANEWSTop News

വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഐഎസ്ആർഓ നടത്തുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം. ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഓ) അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ബഹികരാകാശവാരമായി ആചരിക്കുന്ന ഒക്ടോബർ 4 മുതൽ 10 വരെയാണ് പരിപാടികൾ നടക്കുക. വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വിഎസ്എസ് സി), ഇസ്രോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ് യു) ലിക്വിഡ് പ്രൊപ്പൽഷന്‍ സിസ്റ്റം സെന്‍റർ (എൽപിഎസ് സി) എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ ക്ലാസുകളും നടക്കും. വുമൺ ഇൻ സ്പേസ് എന്നതാണ് ഈ വർഷത്തെ ബഹിരാകാശ വാരത്തിന്റെ തീം. വിവിധ വിഭാഗത്തിൽ ഓൺലൈൻ മത്സരങ്ങളും നടക്കും. സെപ്റ്റംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

കുട്ടികൾക്കായി ഓൺലൈൻ ക്ലാസ്സുകൾ, സ്പേസ് ഹാബിറ്റാറ്റ് ചാലഞ്ച്, ചിത്രരചനാ മത്സരം, ക്വിസ്, ആസ്ട്രോ ഫോട്ടോഗ്രഫി മത്സരം, പ്രസംഗ മത്സരം, വെർച്വൽ ഓപ്പൺ ഹൗസ് എന്നിങ്ങനെ നിരവധി പരിപാടികൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ്സുകൾ

വിവിധ വിഭാഗങ്ങളിലായാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നെ വിഭാഗങ്ങൾക്ക് വ്യത്യസ്ത വിഷയങ്ങളിലാണ് ക്ലാസുകൾ. യുപി വിഭാഗത്തിലെ കുട്ടികൾക്ക് ഫണ്ടമെന്‍റൽസ് ഒഫ് സ്പേസ് ടെക്നോളജി എന്ന വിഷയത്തിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ നടത്തും. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി സ്കൂളുകൾക്കു റജിസ്റ്റർ ചെയ്ത് കുട്ടികളെ എൻറോൾ ചെയ്യാൻ സാധിക്കും.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഫണ്ടമെന്റൽസ് ഓഫ് റോക്കറ്ററി, സാറ്റലൈറ്റ് ടെക്നോളജി ആൻഡ് ഫീൽഡ്സ് (പ്രൊപ്പൽഷൻ, നാവിഗേഷൻ, കൺട്രോൾ) എന്നീ വിഷയത്തിലാണ് ക്ലാസുകൾ. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഒക്ടോബർ 4 മുതൽ 10 വരെ ഏതു ദിവസവും വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിദ്യാർഥികൾക്കു ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ട്. തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് പ്രത്യേക ചോദ്യോത്തര വേളയിൽ വിദഗ്ധർ ഉത്തരം നൽകും.

സ്പേസ് ഹാബിറ്റാറ്റ് ചാലഞ്ച്

വിദ്യാർഥികൾക്ക് അവരുടെ ചിന്താശേഷിയെ ബഹിരാകാശ മേഖലയ്ക്കനുയോജ്യമായി ഉപയോഗപ്പെടുത്താവുന്ന അവസരമാണിത്. പുതിയ ഒരു ലോകം കണ്ടെത്തി അവിടെ സുസ്ഥിരമായ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന പൂർണ ദൗത്യത്തെ വിദ്യാർഥികൾക്കു കുറിപ്പ് രൂപത്തിൽ അവതരിപ്പിക്കാം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ 3–5 അംഗങ്ങളുള്ള ടീമുകളായി വിദ്യാർഥികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

ചിത്രരചനാ മത്സരം

സ്കൂൾ കുട്ടികൾക്കായി മൂന്നു സോണുകളായി തിരിച്ച് എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നടത്തുന്ന മത്സരത്തിൽ റജിസ്ട്രേഷൻ സൗജന്യമാണ്. ബഹിരാകാശ വാരത്തിന്റെ ആശയമായ വുമൺ ഇൻ സ്പേസുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണു ചിത്രങ്ങൾ വരയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾ റജിസ്ട്രേഷനു ശേഷം ലഭിക്കും. പൂർത്തിയാക്കിയ ചിത്രങ്ങൾ ഓൺലൈനിൽ അയയ്ക്കണം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

ക്വിസ്

8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ‘സ്പേസ്’ എന്ന വിഷയത്തിൽ ക്വിസ്. ഇത് മൂന്നു ഘട്ടങ്ങളായാണു നടത്തുന്നത്.
പ്രിലിമിനറി – ഒക്ടോബർ 3 – ഓൺലൈനിലും ,സെമി ഫൈനൽ – ഒക്ടോബർ 7 – വിഡിയോ കോൺഫറൻസ് വഴിയും ഫൈനൽ – ഒക്ടോബർ 10 – വിഡിയോ കോൺഫറൻസ് വഴിയും നടത്തും. സെപ്റ്റംബർ 28 വരെയാണു ഇതിന്റെ രജിസ്ട്രേഷൻ സമയം.

wsweek.vssc.gov.in/quizcompetition.php എന്ന സൈറ്റിലാണ് ക്വിസ് മത്സരത്തിനായി രജിസ്റ്റർ ചെയ്യേണ്ടത്.

ആസ്ട്രോ ഫോട്ടോഗ്രഫി മത്സരം

വിദ്യാർഥികൾക്ക് ഇസ്റോ മെന്റർമാരുമായി സംവദിക്കാനും ആസ്ട്രോ ഫോട്ടോഗ്രഫി പഠിക്കാനും കഴിയുന്നതാണ് ഈ മത്സരം. സെപ്റ്റംബർ 24 മുതൽ അപേക്ഷിക്കാം. വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

പ്രസംഗ മത്സരം

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യർഥികൾക്കായി പ്രസംഗ മത്സരം. മൂന്നു സോണുകളായി തിരിച്ചാണു മത്സരം നടത്തുക. മലയാളം, ഹിന്ദി, ഇംഗ്ലിഷ് വിഭാഗങ്ങളിൽ മത്സരിക്കാം. ഓരോ സോണിലും ഓരോ ഇനത്തിലും പ്രത്യേകം സമ്മാനങ്ങളുണ്ട്.

ഇ–മെയിൽ: elocution@lpsc.com

വെർച്വൽ ഓപ്പൺ ഹൗസ്

ഏതു പ്രായത്തിലുമുള്ള ആളുകൾക്കു പങ്കെടുക്കാവുന്ന സമ്പർക്ക പരിപാടിയാണിത്. ഒക്ടോബർ 5നു നടത്തും. ശാസ്ത്രജ്ഞർ നടത്തുന്ന ക്ലാസുകൾ, ഇസ്റോയുടെ ബഹിരാകാശ ദൗത്യങ്ങളുടെ വിഡിയോകൾ, മുതിർന്ന ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം തുടങ്ങിയവയുണ്ടാകും. വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം. തുടർന്നുള്ള വിവരങ്ങൾ ഇ–മെയിൽ വഴി അറിയിക്കും. ഫോൺ: 9446177376.

വൈറലായ ഓണപ്പാട്ടുമായി വിനീതും കൂട്ടരും..വീഡിയോ കാണാം

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close