NEWSTrendingWOMEN

ഈ മണല്‍ക്കാടുകളില്‍, ജീവിതകാഴ്ചകള്‍ അക്ഷരങ്ങളാകുന്ന കാലത്ത് വീണ്ടും നമുക്ക് കണ്ടുമുട്ടാം; അശോകിന്റെയും അശ്വതിയുടെയും മരുഭുമിയിലെ സ്വര്‍ഗ്ഗം; സപ്ന അനു ബി ജോർജ്ജ് എഴുതുന്നു

സപ്ന അനു ബി ജോർജ്ജ്

സത്യം പറഞ്ഞാല്‍ ഞാന്‍ എഴുതാനിരിക്കുന്ന നേരം പലരെക്കുറിച്ചുള്ള ചിന്തകളുടെ സ്‌നേഹനിറവുള്ള വേലിയേറ്റ നിമിഷങ്ങളാണ്. പലപ്പോഴും ഓര്‍മകളില്‍ നിന്നു കരുതലിന്റെ മാറ്റൊലികളാണ് എന്നും എനിക്ക് ലഭിക്കാറുള്ളത്. പ്രവാസ ജീവിതത്തിനിടയില്‍ എന്നോ അക്ഷരങ്ങളോട് തോന്നിയ പ്രണയം പല ഭാവങ്ങളില്‍ എഴുത്തായി രൂപപ്പെട്ടു. വായിച്ചവര്‍ പലരും അഭിനന്ദിച്ചു. അങ്ങനെ എഴുത്തു തടര്‍ന്നു. എഴുത്ത് അഭിനിവേശമായി മാറി. പലരില്‍നിന്നും എഴുതാന്‍ ഓരോന്ന് ചികഞ്ഞെടുത്തു തുടങ്ങി. കൂടെയുള്ളവര്‍ പലരും കഥാപത്രങ്ങളായി, അവരുടെ ജീവിതം എന്റെ കഥാപരിസരങ്ങളുമായി.

മസ്‌ക്കറ്റിലെ മണ്‍ല്‍ക്കാടുകളില്‍ പ്രവാസജീവിത മരുഭൂമിയില്‍ ഞാന്‍ കണ്ട പലരുടെയും ജീവിതക്രമങ്ങളെ ഓര്‍മക്കുറിപ്പായി എഴുതാന്‍ പരിശ്രമിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് ഏറെ പ്രിയപ്പെട്ട ഗ്യാങ്ങിനെയാണ്. ആ ഓര്‍മക്കുറുപ്പുകള്‍ കഥകളായി പലരിലൂടെയും. അങ്ങനെ അതു മസ്‌കറ്റിലെ മണല്‍ക്കാറ്റില്‍ ജീവിതം നട്ടുനനച്ച അശോകിലും അശ്വതിലും വന്നെത്തിനില്‍ക്കുന്നു. ഫോണില്‍,അശോകിനെ വിളിച്ച് കുശലങ്ങള്‍ക്ക് ശേഷം പതിയെ ഞാന്‍ കാര്യം എടുത്തിട്ടു ”അശോകേ,നമ്മുടെ ഗ്യാങ് കഥക്കുള്ള കുറച്ച് വിവരങ്ങള്‍ എനിക്ക് വോയിസ് നോട്ട് ആയി അയച്ചുതരുമോ?

വാട്ട്‌സ് ആപ്പ് മെസ്സേജിലൂടെയുള്ള എന്റെ ചോദ്യങ്ങള്‍ ആളെയൊന്ന് വലച്ചെന്ന് തോന്നി. ഒരല്‍പ്പം നിസ്വാര്‍ത്ഥത പുരട്ടി പറഞ്ഞാല്‍, അശ്വതിയുടെ അശോകേട്ടന് പണ്ടേ ചിരിക്കാനും സംസാരിക്കാനുമൊക്കെ വല്ലാത്ത പിശുക്കാണ്. അടുത്താല്‍ ആള്‍ വളരെ സ്‌നേഹസമ്പന്നനും! എന്റെ ചോദ്യവും ഒരു തമാശായി മാത്രമാണ് അശോക് എടുത്തത് എന്ന് തോന്നുന്നു.

അശോകിന്റെ മറുപടി ഒന്നും കണ്ടില്ല, വാട്ട്‌സ് ആപ്പില്‍. ഓഫീസ് തിരക്കില്‍ പെട്ടതായിരിക്കുമോ? അല്ലെങ്കില്‍ ആലോചിച്ച് മറുപടി തരാനായിരിക്കും. അതെ അതായിരുന്നു ശരി. അശോകിന്റെ മറുപടികള്‍ പിറ്റേന്ന് രാവിലെ എത്തി. സ്വപ്നങ്ങളും ചിന്തകളും മോഹങ്ങളും ഗള്‍ഫ് ജീവിതത്തിലെ വഴിത്തിരുവുകളും അനുഭവങ്ങളും എല്ലാം..!

”ഗള്‍ഫ് എന്നൊരു ജോലിസ്ഥലം സ്വപ്നത്തില്‍പ്പോലും ഞാന്‍ ആലോചിച്ചിട്ടില്ല ചേച്ചി, സത്യം! എന്‍ജിനീയറിംഗ് കഴിഞ്ഞപ്പോള്‍ ജോലി കിട്ടിയ കമ്പനി നാട്ടില്‍ നിന്നു രാജസ്ഥാനിലേക്കു ട്രാന്‍സ്ഫര്‍ തരാന്‍ ശ്രമിക്കുന്നതായി തോന്നി. നാട്ടില്‍ നിന്ന് മാറിത്താമസിക്കാന്‍ ഇഷ്ടമില്ലാതിരുന്ന ഞാന്‍ അങ്ങിനെ’ഏര്‍ളി റിട്ടയര്‍മെന്റ്’ എന്നൊരു ആശയത്തിന്റെ ബലത്തില്‍ ഗള്‍ഫ് എന്ന ചിന്തയിലെത്തി. പിന്നെപ്പോഴോ ഒരു സുഹൃത്ത് വഴി ഈ ജോലി നേടി ഞാന്‍ ഈ മണലാരണ്യത്തിലെത്തിച്ചേര്‍ന്നു.”

അശോകിനെന്നും നാട്ടിലെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ജീവിതമായിരുന്നു ബലഹീനത. നാട്ടിന്‍പുറത്തെ സാധാരണക്കാരന്‍ ആയി ജീവിക്കാനായിരുന്നു ആള്‍ക്ക് ഇഷ്ടം.

”നാട്ടില്‍ കുട്ടിക്കാലം മുതല്‍ കൂട്ടുക്കാര്‍ക്കൊപ്പം ഷട്ടില്‍ അല്ലെങ്കില്‍ ഫുഡ്‌ബോള്‍ കളിക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു. അമ്പലവാസിയല്ലെങ്കിലും ഉത്സവങ്ങള്‍ ഒന്നുംതന്നെ ഞാന്‍ മുടക്കാറില്ല. സ്‌കൂള്‍പോലും കളഞ്ഞിട്ട് ഞാന്‍ ബന്ധുക്കളുടെയും മറ്റും കല്ല്യാണങ്ങള്‍ക്ക് പോകുമായിരുന്നു. എല്ലാരുമായി കൂട്ടുകൂടാനും ഒത്തുചേരാനും ഒക്കെ വളരെ ഇഷ്ടവും താല്പര്യവുമായിരുന്നു. ഇന്നും നാട്ടില്‍ അവധിക്കു പോയാല്‍ ഇങ്ങോട്ട് തിരിച്ചുവരുന്നത്, മനപ്രയാസത്തോടെയാണ്. ചുറ്റുവട്ടങ്ങളില്‍ എപ്പോഴോ സ്വന്തമായി മാറി, രക്തബന്ധം ഇല്ലാതെപോലും എന്നെ സ്‌നേഹിക്കുന്നവര്‍. പലരുടെയും കുന്നോളം പരിഭവങ്ങളുടെയും പരാതികളുടെയും സ്‌നേഹവാത്സല്യങ്ങളുടെയും ഓര്‍മ്മചെപ്പുകള്‍, ഇന്നും എനിക്ക് സ്വന്തം.അത്രമാത്രം ഞാന്‍ എന്റെ നാട്ടിലെ ജീവിതത്തെ സ്‌നേഹിച്ചിരുന്നു.”

”ഹോം സിക്ക്‌നെസ്സ്’ ശരിക്കും ഉള്ള ഒരാള്‍.ഇവിടെയെത്തിക്കഴിഞ്ഞപ്പോള്‍ ഓരോ വര്‍ഷവും ടാര്‍ഗെറ്റുകള്‍ കൂടി കൂടി വന്നു. നാല്പത്തിയഞ്ചാം വയസ്സില്‍ വിരമിക്കാന്‍ ആലോചിച്ചതു നടക്കില്ലെന്ന് മനസ്സിലായി. അത്ര ഗൗരവമായിരുന്നു എന്റെ ജീവിതത്തിന്റെ മുന്‍കൂര്‍ തീരുമാനങ്ങള്‍. ഇവിടെയും എനിക്ക് ആത്മാര്‍ഥതയുള്ള സുഹൃത്തുക്കളെ അലുമ്‌നിയിലിലും മറ്റും കിട്ടിയത് ആശ്വാസമായി. എന്നാല്‍ നമ്മുടെ ഗ്യാങ്ങില്‍ ബിജുച്ചേട്ടനും ബാക്കി എല്ലാവരും എനിക്ക് ഞാന്‍ ‘മിസ്സ്’ ചെയ്ത ഒരു കുടുംബത്തിന്റെ ‘ഫീല്‍’ തന്നുതുടങ്ങി. നാട്ടില്‍ എല്ലാവര്‍ക്കുനൊപ്പം ആഘോഷിച്ചിരുന്ന, ഓണം, ക്രിസ്മസ്സ്, വിഷു എല്ലാത്തിനും ഇവിടെയും അവസരമുണ്ടായി.നാട്ടിലെ ഓര്‍മകളില്‍ എനിക്കു നഷ്ടമായ വിശേഷദിവസങ്ങള്‍ നമ്മളൊരുമിച്ചു ചേര്‍ന്ന് ഇവിടെ ആഘോഷിച്ചു തുടങ്ങിയത് ആശ്വാസമായി”.

സംസാരിക്കുമ്പോള്‍ അശോകിന്റെ കണ്ണുകളില്‍ കാണുന്ന നൈമിഷികസങ്കടങ്ങള്‍ എന്താവും എന്ന് അശ്വതിക്കും മനസ്സിലാകാതിരിക്കില്ലല്ലൊ? ബന്ധങ്ങള്‍ കൊണ്ടു ജീവിതം സ്വര്‍ഗ്ഗമാക്കാന്‍ ശ്രമിച്ചവന്‍ ഈ മണലാരണ്യങ്ങളിലും സന്തോഷങ്ങള്‍ കണ്ടെത്തി.

മറക്കാതെ എല്ലാ വാരാന്ത്യത്തിലും കുട്ടികളെയും അശ്വതിയെയും കൂട്ടി ഷവര്‍മ്മയും ജ്യൂസും കുടിക്കാന്‍ പോകാറുള്ള അശോക് എന്നെയും മറക്കാറില്ലായിരുന്നു. ഷവര്‍മ്മയും ജ്യൂസും എനിക്കായും വാങ്ങി വീട്ടിലെത്തിക്കും.അങ്ങനെ വാരാന്ത്യങ്ങളില്‍ എന്റെ മെയിഡ് സരസ്വതി പോലും അശോകിനെയും അശ്വതിയെയും കാത്തിരിക്കാന്‍ തുടങ്ങി! കാരണം ഒരു ഷവര്‍മ്മ ഞാനവര്‍ക്ക് കൊടുക്കുമ്പോള്‍ ആ ആഴ്ചത്തെ വെള്ളിയാഴ്ചത്തെ 1 റിയാല്‍ നാട്ടിലേക്കുള്ള വീഡിയോകോളില്‍ സരസ്വതി, വീട്ടിലുള്ളവരെ കാണിക്കും’ഷവര്‍മ്മ റ്റൈം!”അതൊക്കെ ഒരു കാലം!
ഈ കാലത്ത് എല്ലാവരും മനസ്സുകളും ശരീരവും അകലത്തില്‍ ജീവിക്കാനായി വിധിക്കപ്പെട്ടിരിക്കുന്നു.

എന്റെ എഴുത്തിന്റെ ഇടവേളകളിലെപ്പോഴോ ഫോണില്‍ അശ്വതിയുടെ വിളിയെത്തി.

”ചേച്ചി, ഉണ്ണിക്കുട്ടന്റെ കുസാറ്റ് റിസല്‍റ്റ് വന്നു.നമ്മുടെ ഗള്‍ഫ് സ്‌കൂള്‍കുട്ടികളുടെ ലിസ്റ്റില്‍ അവന് നല്ല മാര്‍ക്കുണ്ട്.”
അല്‍ ഗുബ്ര സ്‌കൂളില്‍ ടീച്ചര്‍ ആയി ഇത്ര അഭിമാനത്തോടെ ചേര്‍ന്നു പഠിപ്പിക്കാന്‍ തുടങ്ങിയ ഒരു അദ്ധ്യാപികയെ അശ്വതിയിലല്ലാതെവേറെ ഞാന്‍ കണ്ടിട്ടില്ല!

ടീച്ചര്‍ ജോലിക്ക് കയറുന്നതിന് എത്രയോ മുന്‍പ് അശ്വതി തയ്യാറെടുപ്പു തുടങ്ങി.എന്തൊക്കെ യുണ്ടാക്കണം, എവിടൊക്കെ വൃത്തിയാക്കണം,വീടിന്റെ താക്കോല്‍ എവിടെ,വീട് പൂട്ടിയിറങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ പാര്‍ട് ടൈം ജോലിക്കാരിക്കുവേണ്ടി എഴുതി ഫ്രിഡ്ജില്‍് ഒട്ടിച്ചു വച്ച്,

”പിന്നെ കുട്ടികള്‍…അവരെ പിന്നെ എല്ലാം തന്നെചെയ്യാന്‍ ഞാന്‍ നേരത്തേ പഠിപ്പിച്ചിട്ടുണ്ട് ചേച്ചി,അതിനാല്‍ എനിക്കവരെക്കുറിച്ച് വേവലാതിയില്ല”ഒരിക്കല്‍ അശ്വതി പറഞ്ഞു.

സ്‌കൂളില്‍ നിന്ന് നടന്നെത്താന്‍ പാകത്തിലുള്ള വീട്ടില്‍ താമസിക്കുന്നതിനാല്‍ വീട് താക്കോല്‍ ഇട്ട് തുറന്നു കയറിയാല്‍ മാത്രം മതി. ”എനിക്ക് സ്‌കൂളില്‍ എന്തെങ്കിലും താമസം ഉണ്ടെങ്കില്‍ മാത്രം അവര്‍ക്ക് തനിയെ പോയാല്‍ മതിയല്ലൊ? വീടു തുറന്ന് അവര്‍ കുളിതുടങ്ങുമ്പോഴേക്കും ഞാനെത്തും.അല്ലെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചല്ലെ നടന്നു വീട്ടിലേക്കെത്തുന്നതയ്”

ഡാന്‍സും പാട്ടും ഒക്കെ വലിയ ഇഷ്ടമുള്ള അശ്വതി നാട്ടിലെ കൃഷിയെയും ഒട്ടും മറന്നിട്ടില്ല. ബാല്‍ക്കണിയിലും ജനല്‍പ്പടിയിലുംവരെ പയറും കറിവേപ്പും ചട്ടിയില്‍ നട്ടുപിടിപ്പിച്ചു. ”വിച്ചു നന്നായി വരക്കും ചേച്ചി,പക്ഷേ അവന് പഠിക്കാന്‍ താല്പര്യം അക്കൗന്‍ഡന്‍സിയാണ്.മൂത്തവന്‍ ഉണ്ണിക്കുട്ടന് കംപ്യൂട്ടര്‍ സയന്‍സ് എടുക്കാനാണിരിക്കുന്നത് എന്‍ജിനീയറിംഗിന്!”
”പിള്ളാരെ അവരുടെ ഇഷ്ടത്തിനും താത്പര്യത്തിനും വേണമല്ലോ പഠിപ്പിക്കാന്‍.” ഒരു ടീച്ചര്‍ ആയതിനാലാണോ ഇങ്ങനെ എന്നുള്ള എന്റെ മനസ്സിന്റെ ചിന്ത,അല്പം ‘ലൗഡ്’ ആയി കേട്ടതുപോലെയായിരുന്നു അശ്വതിയുടെ ആ മറുപടി.

കോലുപോലെ വളരുന്ന അശോകിന്റെയും അശ്വതിയുടെയും കുട്ടികള്‍ക്ക് ഗള്‍ഫ് പിള്ളാരുടെ ഛായകളൊന്നും ഇല്ലായിരുന്നു.അത് പറഞ്ഞാൽ നമ്മുടെ ഗ്യാങിലെ ഒരു പിള്ളാര്‍ക്കും ഒരു ‘നീഡോ ബേബി’ ലൂക്ക് ഇല്ലായിരുന്നു. അശ്വതിക്ക് ഞാനതൊരു പ്രത്യേകതയായിട്ടാണ് കണ്ടത്. ”എടാ ഉണ്ണിക്കുട്ടാ,വിച്ചു എന്തിയേ? നീ എന്തിനാ അങ്ങോട്ടൊക്കെ പോയത്,ദേ ഞാന്‍ പറഞ്ഞില്ലന്നു വേണ്ട”ഇങ്ങനെ തനി നാടന്‍ പാലാക്കാരിയുടെ ഡയലോഗുകള്‍ ആയിരുന്നു കുട്ടികളുമായുള്ള എപ്പോഴത്തെയും അവളുടെ സംസാരരീതി.

വാരാന്ത്യങ്ങളില്‍ അശോകും അശ്വതിയും വരും. എന്നാല്‍ സ്‌കൂള്‍ ജോലി തുടങ്ങിയ ശേഷം കിട്ടൂന്ന രണ്ട് അവധി ദിവസങ്ങള്‍ അവള്‍ അടുത്ത ആഴ്ചത്തെ തയ്യാറെടുപ്പുകള്‍ക്കായി ഉപയോഗിച്ചു തുടങ്ങി. ഇടയ്ക്ക് വരുന്ന വാട്ട്‌സ് ആപ്പ് മെസ്സേജുകള്‍ക്ക് ക്ഷീണം കൂടിത്തുടങ്ങി ”വയ്യ ചേച്ചി…വെള്ളിയാഴ്ചയാണ് ഒന്ന് സമാധാനമായിട്ട് ഉറങ്ങുന്നത്.’അശ്വതി പറയും.
എങ്കിലും തന്റെ കുക്കിംഗ് വീഡിയോയും,ഇന്നുണ്ടാക്കിയ അച്ചപ്പം സ്‌പെഷ്യലും പഴം നുറുക്കിന്റെയും ഫോട്ടോകള്‍ അശ്വതി എനിക്ക് അയച്ചു തരുമായിരുന്നു.

തന്റെ ഇഷ്ടങ്ങളെ സ്‌നേഹിക്കാനും പരിപോഷിപ്പിക്കാനും മറക്കാത്ത ഒരു നല്ല പാലാക്കാരി. കൂട്ടുകാരിലൂടെ ഒരുപക്ഷേ അശ്വതിക്കും തന്റെ സ്വപ്നങ്ങളുടെ മണിയറകള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലായിരിക്കാം. ഇനിയുള്ള കാലം അവള്‍ക്കതിനു സാദ്ധ്യമാവട്ടെ.

ഓര്‍മകളുടെ ഭാരങ്ങള്‍ പേറിനടക്കുന്ന നമ്മളില്‍ ചിലരെങ്കിലും പരസ്പരം മനസ്സിലാക്കിയതിന്റെ ഒരു ഉത്തരമായിരുന്നോ,’നമ്മുടെ ഗ്യാങ്ങ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്,അറിയില്ല!പക്ഷേ ഇന്നും മനോഹരമായ ഈ മരുഭുമിയിലെ ജീവിതനിമിഷങ്ങളുടെ മരിക്കാത്ത ഓര്‍മ്മകള്‍ മാത്രമാണ് നമ്മളൊരുത്തരുടെയും ‘സേവിങ്‌സ്’….

‘ഇനിയെങ്കിലും ഗല്‍ഫില്‍ പോടാ,ജീവിതം ഒന്ന് പച്ചപിടിക്കട്ടെ”എന്നുപദേശിക്കുന്ന മാതാപിതാക്കള്‍ക്കെങ്കിലും മനസ്സിലായിക്കാണില്ലേ,ഈ മണല്‍ക്കാറ്റുകളുടെ തേങ്ങലുകളും വിങ്ങലുകളും ? നഷ്ടങ്ങളുടെ കൂമ്പാരങ്ങളില്‍ കിട്ടുന്ന ആശ്വാസനിമിഷങ്ങള്‍ മാത്രമാണ് കൂട്ടുകാരും ബന്ധങ്ങളും. പക്ഷേ അതൊന്നും ഇവിടെ സ്ഥായിയായിരിക്കണെമെന്നില്ല. ഈ കാലങ്ങളില്‍ ആരും എവിടെയും സുരക്ഷിതരല്ല,അതുമാത്രമാണ് സത്യം.

മസ്‌കറ്റ് മണല്‍ക്കാറ്റിന്റെ പൊടിപടലങ്ങളുടെ ഭാരം പേറി, സ്വപ്നങ്ങളുടെ ചിറകിലേറി ഇനിയും പറക്കാനുള്ള ഊഷരമായ മരുഭൂമിയുടെ ഒളിവിടങ്ങളിലെ മരുപ്പച്ചകള്‍ തേടി,ഞങ്ങളില്‍ ചിലര്‍ ഇന്നും ഇവിടെ ജീവിക്കുന്നു.

ഈ മണല്‍ക്കാടുകളില്‍, ജീവിതകാഴ്ചകള്‍ അക്ഷരങ്ങളാകുന്ന കാലത്ത് വീണ്ടും നമുക്ക് കണ്ടുമുട്ടാം,അത്രമാത്രം!

ഗാം​ഗ് സ്റ്റോറിയുടെ മുൻ ഭാ​ഗങ്ങൾ ഇവിടെ വായിക്കാം.

അങ്ങനെ ഒമാൻ എന്ന രാജ്യവും കൂട്ടുകാരും ഞങ്ങൾക്കേറ്റവും പ്രിയപ്പെട്ടതായിത്തീർന്നിരിക്കുന്നു

മസ്‌കറ്റിലെ മരുപ്പച്ചയാകുന്ന സൗഹൃദങ്ങളുടെ കഥ

അവളുടെ മനസ്സിന്റെ ധൈര്യം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്

ഒരാപത്ത് വരുമ്പോള്‍ ആണല്ലോ അതെപറ്റി അറിവുള്ളവരെ ഓര്‍മ വരിക

ഓർമ്മകളും പറഞ്ഞ് ഇറങ്ങുന്നതോടെ അന്നത്തെ സഭയും പിരിയും

ജോബിയുടെയും പ്രീതിയുടെയും തെളിഞ്ഞ ആകാശങ്ങള്‍

സപ്ന അനു ബി. ജോര്‍ജ്ജ്

കോട്ടയം ബേക്കര്‍ സ്‌കൂളിലും സി എം എസ് കോളജിലുമായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. കഥയും കവിതയും എഴുതുന്ന സപ്ന 20 കൊല്ലമായി ഒട്ടുമിക്ക പ്രവാസ പ്രസിദ്ധീകരണങ്ങളിലും തന്റേതായ ശൈലിയില്‍ കോളം എഴുത്തിലൂടെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്. കന്യക ദ്വൈവാരികയില്‍ എഴുതിയ’നിശാസുരഭികള്‍ വസന്ത സേനകള്‍ ‘ എന്ന സ്ത്രീപക്ഷ ലേഖനം നിരവധി അവാര്‍ഡുകള്‍ നേടി.

ചിത്രകാരി, പത്ര പ്രവര്‍ത്തക, പാചകവിദഗ്ധ, അഭിമുഖകാരി, ഫോട്ടോഗ്രഫര്‍ തുടങ്ങി ബഹുമുഖ മേഖലകളില്‍ തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തി. ഗള്‍ഫ് എഡിഷന്‍ മനോരമ, മാതൃഭൂമി, കൂടാതെ, അമരിക്കയിലെയും ബ്രിട്ടനിലെയും മിക്ക പ്രവാസി പ്രസിദ്ധീകരണങ്ങളിലും സപ്നയുടെ കോളങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

6 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു ചെറുകഥാ സമാഹാരത്തിന്റെ പണിപ്പുരയിലാണ്. മക്കള്‍ശിക്ഷ, ദിക്ഷിത്ത്, ദക്ഷിണ് ,ബാല്യകാല സുഹൃത്തുമായ ഭര്‍ത്താവ് ബിജു ടീ ജോര്‍ജ് ഉം ഒപ്പം ഇപ്പോള്‍ മസ്‌കറ്റില്‍ താമസം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close