INSIGHTNEWSTop News

ഇഎംഎസ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഫോൺ വിളി കോൺ​ഗ്രസുകാർ ചോർത്തിയതും അധികാര പ്രമത്തതയിൽ; കോൺ​ഗ്രസ് തെളിച്ച വഴിയിലൂടെ ബിജെപി നടക്കുമ്പോൾ

​ഗുപ്തൻ സി കെ

കാലത്തിൻറെ കണ്ണിലെ കരട്

എന്നെപ്പറ്റി എഴുതില്യ എന്നു പറഞ്ഞിരുന്നു. വാക്കുതെറ്റിക്കുന്നു. ഇന്ന് എഴുതേണ്ടത് ഫോൺചോർത്തലിനെപ്പറ്റിയാണ്. അതാദ്യംഒന്നുസൂചിപ്പിക്കാം.ഇന്ന് പത്രങ്ങളിലൊക്കെ ആ വാർത്തയാണ്. എനിക്ക് അനുഭവമുള്ളത് എഴുതി എനിക്കുപറ്റിയ അമളികളെപ്പറ്റി എഴുതാം പിന്നീട് . അടിയന്തിരാവസ്തക്കാലം . 10, ശാന്തിനഗർ വീട്ടിൽ , ഒരു ദിവസം രാവിലെ, സിറ്റൗട്ടിൽ , ഇ എം എസ്സ് വായിച്ചുകൊണ്ടിരിക്കുന്നു. തൊട്ടടുത്ത് ഞാനും. വീടിൻറെ മുൻവശത്ത് അല്പം മാറി ഒരു ടെലഫോൺ പോസ്റ്റുണ്ട്. അതിൽ ഒരാൾ കേറി മുകളിലെന്തോ ചെയ്യുന്നു. ഇ എം എസ്സ് എന്നോടു പറഞ്ഞു : “ ഗുപ്തൻ, ടെലഫോണിന് കുഴപ്പമൊന്നുമില്ലല്ലോ. നോക്കു. “ .ഞാൻ അകത്തുപോയി നോക്കി. ഫോണിന് കുഴപ്പമില്ല. വിവരം പറഞ്ഞു. ഞാൻ ടെലഫോൺ പോസ്റ്റിൻറെ അടുത്തു ചെന്ന് മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. “ ഫോണിന് കുഴപ്പമൊന്നുമില്ല. “ അപ്പോൾ മുകളിലിരിക്കുന്ന ആളുടെ മറുപടി. ഇത് മുകളിൽനിന്നായതിനാൽ കോളാംമ്പിയിൽക്കുടി പറയുന്ന പോലെ ശാന്തിനഗർ കോളനിയിലെ എല്ലാവർക്കും കേൾക്കാം. “ ഫോണിൻറെ കേടു തീർക്കാനല്ല . നിങ്ങളുടെ വീട്ടിലെ, ഇ എം എസ്സിൻറെ, ടെലഫോൺ ചോർത്താനുള്ള ഉപകരണം വെയ്ക്കുകയാണ് . “ അപ്പോൾ ഇ എം എസ്സ് എന്നോട് പറഞ്ഞു : “ അത് ഇതുവരെ വെച്ചില്ലേ….. താമസിച്ചോ ..”

ഈ കോളനിയിൽ ഭൂരിഭാഗവും പത്രക്കാരാണ്. “ ഇൻഡ്യൻ എക്സ്പ്രസ്സി” ലെ അനന്തരാമൻ, ഗോവിന്ദൻകുട്ടി, “ മലയാളമനോരമ ” യിലെ കെ ആർ ചുമ്മാർ,, നെടുങ്ങാടി, യു എൻ ഐ യിലെ ബാലറാം, തൃശ്ശൂർ “ എക്സ്പ്രസ്സി “ ലെ ചെറുവത്തൂർ, “ മാതൃഭൂമി” യിലെ പി ആർ വാരിയർ , “ ദേശാഭിമാനി” യിലെ കെ മോഹനൻ , എസ്സ് ആർ ശക്തിധരൻ തുടങ്ങിയവരൊക്കെ ഇതുകേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ഇത് വാർത്തയാക്കാനാവില്ല അന്ന്. അടിയന്തിരാവസ്ഥയല്ലേ, സെൻസർഷിപ്പ് നിലനില്‌ക്കുകയല്ലേ? ഒരു ദിവസം മുഖ്യമന്ത്രി കെ കരുണാകരനെ ആകസ്മികമായി സെക്രട്ടേറിയേറ്റിൻറെ വടക്കേബ്ലോക്കിൽ വെച്ചു കാണുന്നു. കാറിലേക്ക് കേറുമ്പോഴാണ്. “ ങ്ഹാ..! ഗുപ്തനോ? എത്ര നാളായി കണ്ടിട്ട്? “ ഞാൻ പറഞ്ഞു : “ എന്നെ കാണുന്നില്ലെങ്കിലും ശബ്ദം കേൾക്കുന്നുണ്ടാവുമല്ലോ …” . ആൾക്ക് പെട്ടെന്ന് മനസ്സിലായില്ല. “ ഫോൺ ടാപ്പുചെയ്യുന്നില്ലേ …, കേൾക്കുന്നില്ലേ… “ പൊട്ടിച്ചിരിച്ചു. “ അത് കേന്ദ്ര നിർദ്ദേശപ്രകാരം പോലീസ്സുചെയ്യുന്നതാണ്. ഞാനറിയണമെന്നില്ല. “.

ഇപ്പോൾ എ കെ ആൻറണിയും കൂട്ടരും കോൺഗ്രസ്സുകാരുടെ ഫോൺ ടാപ്പുചെയ്യുന്നു എന്നു പറഞ്ഞ് അലമുറയിട്ടുമ്പോൾ തമാശതോന്നുന്നു. എ കെ ആൻറണിയും കൂട്ടരും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇ എം എസ്സിൻറേയും ജ്യോത്രിബസുവിൻറെയും സുർജിത്തിൻറേയും മറ്റെല്ലാ നേതാക്കളുടേയും ഫോൺചോർത്തിയിരുന്നത്! ഒരിക്കൽ കെ കരുണാകരൻ അറിയാതെ എന്നോട് ചോദിച്ചു: ഗുപ്തൻ, അച്ഛൻറെ അസുഖം എങ്ങനെയുണ്ട് എന്ന് . ഞാൻ വിസ്തരിച്ചു പറഞ്ഞു. എൻറെ അച്ഛനും കെ കരുണാകരനുമായി നല്ല അടുപ്പമായിരുന്നു. പിന്നെയാണ് കരുണാകരന് മനസ്സിലായത് വിവരമറിഞ്ഞത് എങ്ങിനെയാണെന്ന്. താനറിയാതെ അറിഞ്ഞുകൊണ്ടിരുന്നു “ ഇതൊക്കെ . ഇന്നലെയും ഇന്നുമായി ഓർമ്മിച്ചു ചോദിച്ചു എന്നു ഞാൻ വിചാരിച്ചാൽ മതി, പോരേ? “ എന്നും കൊള്ളിവാക്കു പറഞ്ഞു.

എനിക്കും ഇമ്മാതിരി അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ഞാൻ എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലം. ലെറ്റർ ബോർഡ് ദിവസവും നോക്കും. ഞാനും സുഹൃത്തുക്കൾ രണ്ടുപേരുംകൂടി അവിടെ നിന്നു നോക്കുന്നു. മറ്റുരണ്ടുപേർ കെ എസ്സ് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് ( ഗുരുവായൂരപ്പൻകോളേജിൽ നിന്ന് പ്രൊഫസ്ലറായി വിരമിച്ചു ) , എൻ എസ്സ് പവിത്രൻ ( കൊച്ചിൻകോളേജിൽനിന്ന് പ്രൊഫസ്സറായി റിട്ടയർചെയ്തു ) . പവിത്രന് തെറി പറയാൻ ഒരു മടിയുമില്ല. എനിക്ക് തെറികേൾക്കുന്നതും പറയുന്നതും ചിന്തിക്കാനേ വയ്യ. എനിക്കും പവിത്രനും ആരും കത്തയക്കാനില്ല. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിനാണ് കത്തു കിട്ടാറ്. നോക്കുമ്പോൾ എനിക്ക് ഒരു കത്തുവന്നിരിക്കുന്നു. ഞാനത് എടുത്തില്ല. നോക്കിനില്ക്കുന്നു .” വാടോ” , പവിത്രൻ പറഞ്ഞു. ഞാൻ പവിത്രനെ ബോർഡിൽ കത്തുകാണിച്ചു കൊടുത്തു. പവിത്രൻ രണ്ടു തെറി കാച്ചി . “എടുത്തു നോക്കെടോ” എന്നു പറഞ്ഞു. ഞാൻ, അഡ്രസ്സ് എഴുതിയിരിക്കുന്നത് എൻറെ ഹാൻഡ് റൈറ്റിങ്ങിൽ ! കത്ത് പൊളിച്ചു നോക്കി . എൻറെ സുഹൃത്തിനെഴുതിയകത്തിൻറെ കവറിൽ എൻറെ അഡ്രസ്സെഴുതി ഞാൻ പോസ്റ്റുചെയ്തു!

ഒരിക്കൽ കെ എസ്സ് ആർ ടി സി ചീഫ് ഓഫീസ്സിൽനിന്നിറങ്ങി പഴവങ്ങാടിയിൽ ഇൻഡ്യൻ കോഫി ഹൗസിൽപ്പോയി ഉച്ചയ്ക്ക് കാപ്പികുടിച്ചു. അന്ന് ഉച്ചക്ക് ഉണ്ണാൻ പോയില്ല. നല്ല ജോലി. ഒരു നെയ്ദോശയും കാപ്പിയും . ബില്ലുമേടിച്ച് ക്യാഷ്കൗണ്ടറിൽ പൈസ കൊടുക്കാൻ ചെന്നപ്പോൾ പൈസയില്ല. 100രൂപയുടെ ഒറ്റനോട്ട് ഷർട്ടിൻറെ പോക്കറ്റിലിട്ടതാണ്. അത് ഒന്നുകൂടി ഉറപ്പുവരുത്തിയതുമാണ് . അന്ന് നൂറുരൂപക്ക് നല്ലവിലയാണ്. പോക്കറ്റടിക്കാനിടയില്ല. കാറിലാണ് കോഫിഹൗസിലെത്തിയത്. ഞാൻ വിയർത്തുപോയി. എന്താചെയ്യാ? ഞാൻ കൗണ്ടറിൽ വിവരം പറഞ്ഞു. കൗണ്ടറിലിരുന്നയാൾ പറഞ്ഞു. “ സാരമില്ല . സാറിനെ ഞങ്ങൾക്കറിയാം. സർ എ കെ ജിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വരുമ്പോൾ അവിടുത്തെ കോഫീഹൗസിൽ വരാറുണ്ടല്ലോ . എറണാകുളത്തും കണ്ടിട്ടുണ്ട്. വയലാർരവിയും എ കെ ആൻറണിയുമൊപ്പം. സാറു് സൗകര്യംപോലെ എത്തിച്ചാൽമതി. ഞാൻ ഓഫീസ്സിലെത്തി പി എയുടെ കയ്യിൽനിന്ന് 100 രൂപ കടം വാങ്ങി കൊടുത്തയച്ചു.

ആ രൂപ എവിടെപ്പോയി.? നോക്കിയിട്ട് കിട്ടുന്നില്ല. എവിടെയുമില്ല. പെട്ടെന്ന് പിടികിട്ടി. ഒരു കത്ത് പോസ്റ്റുചെയ്യാനുണ്ടായിരുന്നു. അത് ഭദ്രമായിപോക്കറ്റിലുണ്ട്. പോസ്റ്റുചെയ്തത് 100 രൂപ നോട്ടാണ്, പോസ്റ്റുപെട്ടിക്കടുത്തുചെന്നപ്പോൾ ക്ലിയർ ചെയ്തിരിക്കുന്നു. ജി പി ഒയിൽ പോയപ്പോൾ പൈസ അവിടെ കിട്ടിയിട്ടുണ്ട്. പക്ഷേ അതാരുടേതാണ് എന്ന് എന്താണുറപ്പ്? ഞാൻ ഒരു പെറ്റീഷൻ എഴുതിക്കൊടുത്തു. പിറ്റേദിവസം ഓഫീസ്സിൽ പോസ്റ്റൽ ഇൻസ്പെക്ടർവന്ന് മൊഴിയെടുത്തു. രണ്ടു സാക്ഷികൾ. ഒന്ന് എൻറെ പി എ. മറ്റൊരാൾ 100 രൂപ കോഫിഹൗസിൽ കൊടുത്ത പ്യൂൺ. മൂന്നുമാസം കഴിഞ്ഞപ്പോൾ സർവ്വവിധപോസ്റ്റൽ ആഡംബരത്തോടെ അതേ നോട്ടു കിട്ടി. ഇങ്ങനെ ധാരാളം അബദ്ധംപറ്റാറുണ്ട്. വളരെ അടുത്ത ബന്ധുക്കളുടെ പേര് ഓർമ്മിക്കാതിരിക്കുക. അതേസമയം 1857 ലെ ശിപ്പായിലഹളയിൽ താന്തിയതൊപ്പിയുടെ പടനീക്കങ്ങളും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ യുദ്ധതന്ത്രങ്ങളും വിസ്റ്റൺചർച്ചിലിൻറെ പ്രസംഗങ്ങളും അറിയാം. എൻറെ ഒരു അടുത്ത ബന്ധു വളരെക്കാലം മിണ്ടാതിരുന്നു.

മറവി നന്നാണെന്നു തോന്നും ചിലപ്പോൾ. എന്നെ വിട്ടുപോയ ആരേയും വിചാരിക്കാതിരിക്കുക . അമ്മയെ, അച്ഛനെ, മുത്തശ്ശിയെ, എൻ്റെ സഹോദരനെ, സഹോദരിയെ – ഒക്കെ. ഒരു പൊങ്ങുതടി പോലെ അങ്ങനെ പോവുക. കാട്ടുചേമ്പുകൾ പൊതിഞ്ഞ വീടിൻറെ അതിരിങ്കലെ തോടുമറക്കുക . തോടുമറഞ്ഞുനില്കുന്ന മഞ്ഞുപാടകൾ അരിച്ചുവന്ന് നിലാവിൽ സ്വർണ്ണനൂല് തിളങ്ങി നില്ക്കുന്നത് മറക്കുക . ശാന്തവും ശാലീനവുമായ എൻറെ ഗ്രാമത്തെ മറക്കുക. തുറന്നു പറയട്ടേ, എനിക്കതൊന്നും ആവില്ല. കുറുത്തോട്ടിയുടെയും കർപ്പൂരത്തിൻറെയും സുഗന്ധം വ്യാപിക്കുന്ന എൻറെ ഗ്രാമത്തെ മറക്കാനാവില്ല. പക്ഷെ അതിന്നില്ല. പട്ടണത്തിൻ്റെ ജ്വാലാമുഖിയായി എൻറെ ഗ്രാമം മാറിക്കഴിഞ്ഞു. തുളസിയിലകൾ കൊരുത്തിടുന്ന കബരീഭാരത്തിൻറെ അവസാനത്തുമ്പും നനുത്തപാദത്തിൻറെ ശോണിമയും കലർത്ത സൗന്ദര്യബോധത്തെ സങ്കല്പിക്കാനാവില്ല. അതിപ്പോൾ ആണുങ്ങളുടെപോലെ ക്രോപ്പുചെയ്തിട്ടുണ്ടാവും.. അപ്പോൾ , അതും മറക്കാം, അല്ലേ ? അടുത്തവർ ചോദിക്കാറുണ്ട് , അറിയാതെവരുന്ന ഈ ഡിപ്രഷൻ എന്താണെന്ന് . അതേ, ഇതൊക്കെയാണ് എന്നെ ഞാനാക്കുന്നത്. സ്വസ്ഥതയുടെ നേർത്ത സമനിലതെറ്റുന്നതിന്നുമുമ്പാണ് ഈ കാര്യങ്ങൾ എന്ന് കരുതിയാലും എനിക്ക് തൃപ്തിയാവും. ആർദ്രതയും ഭയവുമുള്ള ഒരു തരം മാനസികനിലയെന്നും പറയാം. മൂലവൃക്ഷത്തിൻറെ സോപാനസമുന്നതിയിലേക്ക് എൻറെ യാനം അല്പംകൂടി താമസിപ്പിച്ചുകൂടേ ?

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close