
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കോൺഗ്രസിലേക്കോ? എന്നുള്ള ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെട്ടത്. എന്നാൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത തള്ളാതെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഹർഭജൻ കോൺഗ്രസിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ആസന്നമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച റിപ്പോർട്ടുകളെ തള്ളാതെ താരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ‘എല്ലാ പാർട്ടിയിലുള്ള രാഷ്ട്രീയക്കാരേയും തനിക്കറിയാം. രാഷ്ട്രീയത്തിലൂടെയോ മറ്റേതെങ്കിലും വഴികളിലൂടെയോ പഞ്ചാബിനായി പ്രവർത്തിക്കും. ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല’, ഹർഭജൻ പറഞ്ഞു.
നേരത്തെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു ഹർഭജനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ‘ഒരുപാട് സാധ്യതകൾ നിറഞ്ഞുനിൽക്കുന്ന ചിത്രം, മിന്നുംതാരമായ ഭാജിയോടൊപ്പം’ എന്ന തലക്കെട്ടോടെയാണ് സിദ്ദു ചിത്രം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഉയർത്തിക്കാട്ടിയാണ് ഹർഭജൻ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നത്. ഹർഭജനെ പഞ്ചാബിൽ ബിജെപി രംഗത്തിറക്കാൻ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നപ്പോൾ അത് വ്യാജമാണെന്നായിരുന്നു താരത്തിന്റെ അന്നത്തെ പ്രതികരണം. ഇതിന് ശേഷമാണ് സിദ്ദു ഹർഭജനുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക