KERALANEWSWOMEN

ഹരിതയുടെ പരാതി കണ്ടിട്ടില്ലെന്നും, പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ ഈ വിഷയം വന്നതായി അറിയില്ലെന്നും നൂർബ്ന റഷീദ്; വിമർശനവുമായി കെ. ടി ജലീല്‍

കോഴിക്കോട്: ഹരിതയുടെ പരാതി കണ്ടിട്ടില്ലെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ ഈ വിഷയം വന്നതായി അറിയില്ലെന്നും വനിതാ ലീഗ് ജന. സെക്രട്ടറി നൂര്‍ബിന റഷീദ്. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ആശയവിനിമയം പുറത്തുപറയാനാകില്ലെന്നും ഹരിതയ്‌ക്കെതിരെ ലീഗ് നടപടി എടുത്തതിനോട് പ്രതികരിക്കാനില്ലെന്നും നൂർബിന പറഞ്ഞു. വനിത കമ്മീഷന് നല്‍കിയ പരാതി ഹരിത നേതാക്കള്‍ പിന്‍വലിക്കാത്ത സാഹചര്യത്തിൽ ഗുരുതര അച്ചടക്കലംഘനം ഹരിതയില്‍ നിന്നുണ്ടായെന്ന് ആരോപിച്ച് ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മുസ്ലിംലീഗ് മരവിപ്പിച്ചു.


 ഹരിത നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടർന്നുള്ള പരാതിയില്‍ എംഎസ്‌എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി. എ വഹാബ് എന്നിവരോട് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാം വിശദീകരണം തേടിയതായും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
പരാതി കൊടുത്ത വനിതകളെ ഒറ്റപ്പെടുത്തുന്ന മുസ്ലിം ലീഗ് ഏത് നൂറ്റാണ്ടിലാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്ന് കെടി ജലീല്‍ വിമര്‍ശിച്ചു. ഹരിതയ്ക്കെതിരായ നടപടി ലീഗ് നേതൃത്വം പുനഃപരിശോധിക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാനുള്ള അവസാനശ്രമവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്നതിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്കകം പരാതി പിന്‍വലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ ആവശ്യം.
പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരിതയ്ക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെടുകയും തുടര്‍ന്ന് ഹരിത നേതാക്കളുമായി കഴിഞ്ഞദിവസം മുനവറലി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും നേതാക്കള്‍ കടുംപിടിത്തം തുടര്‍ന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കുന്ന തരത്തിലേക്കെത്തിയത്.


എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേ ഹരിതയിലെ പത്ത് പെണ്‍കുട്ടികൾ പരാതി നൽകാൻ കാരണമായി ചൂണ്ടികാണിച്ചത് കോഴിക്കോട് വെച്ച്  നടന്ന എം.എസ്.എഫ് യോഗത്തില്‍ പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ സംസാരിച്ചതാണ്. എന്നാല്‍ നേരത്തെ നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close