KERALANEWS

കേരളത്തിൽ നിന്ന് നിക്ഷേപകരെ അകറ്റുന്നത് സങ്കുചിത രാഷ്ടീയവും അനാവശ്യ ഹർത്താലുകളും; കേന്ദ്ര മന്ത്രി വി. മുരളീധരൻ

കൊല്ലം : കേരളത്തിൽ നിക്ഷേപം അഭിവൃദ്ധിപെടണമെങ്കിൽ അനുകൂല രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥ ഉണ്ടാകണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ലോക വിനോദ സഞ്ചാര ദിനം കേരളം ആചരിക്കുന്നത് ബന്ദ് ആചരിച്ചുകൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരാൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ എങ്ങിനെയാണ് ടൂറിസം മേഖലയെ വികസിക്കുകയെന്ന് മന്ത്രി ചോദിച്ചു.


പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി വിവിധ സേവന പ്രവർത്തനങ്ങളുടെ സമർപ്പണവും ആദരവും കൊല്ലം ഉളിയകോവിലിൽ നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വികസനത്തിനും വ്യവസായ വളർച്ചക്കും തടസ്സം സൃഷ്ടിക്കുന്നത് സങ്കുചിത രാഷ്ട്രീയ മനോഭാവമാണ്. സംസ്ഥാനത്തെ ആദ്യത്തെ വിമാനതാവളമായ തിരുവനന്തപുരത്ത് എന്ത് കൊണ്ടാണ് വികസനം ഇല്ലാത്തതെന്ന് മനസ്സിലാക്കണംമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ മേഖലയിൽ വിമാനതാവളം നിലനിർത്തി നികുതിദായകരെ ബുദ്ധിമുട്ടിക്കലാണോ അതോ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പ് വരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതാണോ നല്ലതെന്നറിയാൻ കൊച്ചി മികച്ച ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

വിമാനതാവള ഉടമസ്ഥതയിൽ തന്നെ സ്വകാര്യ പങ്കാളിത്തം കൊച്ചിയിൽ ഉള്ളപ്പോൾ തിരുവനന്തപുരത്ത് നടത്തിപ്പിൽ പോലും പങ്കാളിത്തം അനുവദിക്കില്ലെന്ന നിലപാട് ഇരട്ടത്താപ്പാണ്. സ്വകാര്യപങ്കാളിത്തവും ഓഹരിവിറ്റഴിക്കലുമെല്ലാം എന്തോ പാതകമാണെന്ന ചിന്ത മാറണമെന്നും മന്ത്രി പറഞ്ഞു. ഈ സമീപനം കൊണ്ടാണ് നിക്ഷേപ അനുകൂല പട്ടികയിൽ കേരളം 28 ആം സ്ഥാനത്ത് നിൽക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സ്വകാര്യ സംരംഭകരെ ബൂര്‍ഷ്വകളായും ചൂഷകരായും കാണുകയും പുതുതലമുറയുടെ മനസിലേക്കും ആ ചിന്ത പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണം. അനാവശ്യ ഹര്‍ത്താലുകളും പണിമുടക്കുകളും നിക്ഷേപകരെ കേരളത്തില്‍ നിന്ന് അകറ്റുമെന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി.

സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി വിവിധ സ്കൂളിൽ 2639 ശൗചാലയങ്ങൾ നിർമിച്ചു നൽകിയ റോട്ടറി ഇന്റർനാഷണൽ മുൻ ഗവർണർ ഡോ. ജോൺ ഡാനിയലിനെ ചടങ്ങിൽ ആദരിച്ചു. പരിപാടിയുടെ ഭാഗമായി അഞ്ച് ദിവ്യാഗർക്ക് വീൽ ചെയറും രണ്ട് പേർക്ക് തയ്യൽ മെഷീനും കൈമാറി. ആരോഗ്യ പ്രവർത്തകർക്കും മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങിൽ നടന്നു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മേഖല പ്രസിഡന്റ്‌ കെ. സോമൻ, മുൻ ജില്ലാ പ്രസിഡന്റ്‌ ജി.ഗോപിനാഥ്, ജനറൽ സെക്രട്ടറിമാരായ ബി. ശ്രീകുമാർ, വെള്ളിമൺ ദിലീപ്, സേവ വിഭാഗം കൺവീനർ കെ. സോമൻ, ട്രഷറർ മന്ദിരം ശ്രീനാഥ്, മണ്ഡലം പ്രസിഡന്റ്‌ സാംരാജ്, കൗൺസിലർമാരായ അഭിലാഷ്, കൃപ വിനോദ്, സജിതാനന്ദ ടീച്ചർ, ബി. ശൈലജ എന്നിവർ സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close