KERALANEWS

നിപ്പക്കെതിരെ ആത്മാര്‍ഥ സേവനം നടത്തുന്ന ജീവനക്കാരെ അഭിനന്ദിച്ച് ആരോ​ഗ്യ മന്ത്രി; ആറ് ദിവസം കൊണ്ട് പരിശോധിച്ചത് 115 പേരുടെ സാമ്പിളുകൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി ആര്‍ ഡി ലാബില്‍ നിപ വൈറസ് പരിശോധനയ്ക്കായി സജ്ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. അതിൽ 25 പേരുടെ സാമ്പിളുകൾ എന്‍ ഐ വി പൂനയിലേക്ക് അയച്ചു. കുറഞ്ഞ കാലയളവിൽ ഇത്രയും പരിശോധനകള്‍ നടത്താനായത് വലിയ നേട്ടമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ ഐ വിയില്‍ അയക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനും നിപ പ്രതിരോധം ശക്തമാക്കാനും ഇതിലൂടെ സാധിച്ചുഎന്നും കൂട്ടി ചേർത്തു. ആത്മാര്‍ഥ സേവനം നടത്തുന്ന ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.

നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സെപ്തംബര്‍ 4-ാം തീയതിതന്നെ പരിശോധിക്കാനാവശ്യമായ സംവിധാനം ഒരുക്കുന്നതിന് അടിയന്തരമായി ഇടപെടലുകൾ ഉണ്ടായി. എന്‍ ഐ വി. പൂനയുടെ സഹകരണത്തോടെ ആറിനാണ് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി ആര്‍ ഡി ലാബില്‍ ഒറ്റ ദിവസം കൊണ്ട് പ്രത്യേക ലാബ് സജ്ജമാക്കിയത്. എന്‍ ഐ വി പൂന, എന്‍ ഐ വി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ഈ ലാബ്.നിപ വൈറസ് പരിശോധനയ്ക്കുള്ള ആര്‍ ടി പി സി ആര്‍, പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ സജ്ജമാക്കിയത്. പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും പൂനയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും അടിയന്തരമായി എത്തിച്ചു. പൂനയിലെ നാലും ആലപ്പുഴയിലെ രണ്ടും വിദഗ്ധര്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം ജീവനക്കാരാണ് സംഘത്തിലുള്ളത്. എത്ര വൈകിയാലും അന്നത്തെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ജീവനക്കാര്‍ ലാബ് വിടാറുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close