KERALANEWSTop News

തിരുവനന്തപുരത്ത് നാശനഷ്ടം വിതച്ച് കനത്ത മഴ; വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു; വിഴിഞ്ഞം ഹാർബർ വെള്ളത്തിൽ

തിരുവനന്തപുരത്ത് കനത്ത മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നലെ രാത്രി മുതല്‍ മഴയ്ക്ക് അല്പം ശമനമുണ്ട്. 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേയ്ക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. ഗംഗയാറ് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വിഴിഞ്ഞം ഹാർബർ വെള്ളത്തിനടിയിലായി.

സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴ ഏറ്റവുമധികം ബാധിച്ചത് തിരുവനന്തപുരം ജില്ലയെയാണ്. വിവിധപ്രദേശങ്ങളിൽ മണ്ണിടിഞ്ഞും പാറക്കൂട്ടങ്ങൾ പതിച്ചും നിരവധി വീടുകൾ തകർന്നു. ആളപായമൊന്നും ഉണ്ടായിട്ടില്ല. കടൽക്ഷോഭത്തെ തുടർന്ന് വിഴിഞ്ഞത്ത് മുപ്പതോളം ബോട്ടുകൾ പൂർണമായും തകർന്നു. ഷെഡുകളിൽ സൂക്ഷിച്ചിരുന്ന മത്സ്യബന്ധനഉപകരണങ്ങളും നശിച്ചു. വീടുകളിൽ വെള്ളം കയറിയതിനാൽ ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ജഗതിയിലെ കാരയ്ക്കാട് കോളനിയും വെള്ളത്തിനടിയിലായി. കിള്ളിയാർ കരകവിഞ്ഞൊഴുകിയത് കാരണമാണ് പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയത്. മലയോരമേഖലയിലും മഴ നാശംവിതച്ചു. കാട്ടാക്കടയിൽ മണ്ണ് ഇടിഞ്ഞുവീണ് കനാൽ അടഞ്ഞു. വെള്ളം കരകവിഞ്ഞ് ഒഴുകി പ്രദേശത്തെ കൃഷിയിടങ്ങൾ മുങ്ങി. വരും മണിക്കൂറുകളിലും ജില്ലയിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close