NEWSWORLD

നേപ്പാളിൽ കനത്ത മഴ; മരണം 88 ആയി; മുപ്പതിലധികം പേരെ കാണാതായി ദുരന്തനിവാരണ മന്ത്രാലയം

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ അകെ എണ്ണം 88 ആയി ഉയർന്നു. ഇന്ന് മാതരം നിലവിൽ 11 മരണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. മന്ത്രാലയത്തിന്റെ ദുരന്തനിവാരണ വിഭാഗം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇതുവരെ സംഭവങ്ങളിൽ മുപ്പത് പേരെ കാണാതായിട്ടുമുണ്ട്.

കിഴക്കൻ നേപ്പാളിലെ ജില്ലയായ പഞ്ചത്തറിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ 27 മരണങ്ങളുണ്ട്. ഇലം, ദോതി ജില്ലകളിൽ 13 പേർ വീതം മരിച്ചു. കാളികോട്, ബൈത്തടി, ദദെൽധുര, ബജ്ഹാംഗ്, ഹുംല, സോലുഖുംബു, പ്യുതൻ, ധൻകുത, മൊറംഗ്, സൻസാരി, ഉദയപുർ തുടങ്ങി മറ്റ് 15 ജില്ലകളിൽ നിന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവയിൽ 88 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അധികൃതരാണ് അറിയിച്ചത്. ബുധനാഴ്ച 63 പേർ മരിച്ചപ്പോൾ ചൊവ്വാഴ്ച മരണസംഖ്യ 14 ആണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രകൃതി ദുരന്തം നേപ്പാളിലെ 20 ജില്ലകളെ ബാധിച്ചു. ബജ്ഹാംഗ് ജില്ലയിൽ 21 പേരെ കാണാതായി. എന്നിരുന്നാലും, വ്യാഴാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടാൻ തുടങ്ങിയതായി അധികൃതർ പറഞ്ഞു.

അതേസമയം, ഹുംല ജില്ലയിൽ കുടുങ്ങിക്കിടക്കുന്ന വിദേശ വിനോദ സഞ്ചാരികളെ ഉടൻ രക്ഷിക്കാൻ നേപ്പാൾ പോലീസ്, സായുധ പോലീസ് സേന, ദേശീയ അന്വേഷണ വിഭാഗം, നേപ്പാൾ സൈന്യം എന്നിവയ്ക്ക് ആഭ്യന്തര മന്ത്രി ബാലകൃഷ്ണ ഖണ്ഡ് നിർദേശം നൽകിയിട്ടുണ്ട്. ലിമി പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച റോഡ് തടഞ്ഞതിനെത്തുടർന്ന് കാഠ്മണ്ഡുവിന് 700 കിലോമീറ്റർ പടിഞ്ഞാറ് ഹുംല ജില്ലയിലെ നഖ്ലയിൽ നാല് സ്ലൊവേനിയൻ വിനോദസഞ്ചാരികളും മൂന്ന് ഗൈഡുകളും ഉൾപ്പെടെ 12 പേർ കുടുങ്ങി.

ഞായറാഴ്ച മുതൽ പ്രദേശത്ത് മഞ്ഞ് വീഴ്ച ആരംഭിച്ചു. മോശം കാലാവസ്ഥ കാരണം ബുധനാഴ്ച രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനം നടത്താൻ പ്രാദേശിക ഭരണകൂടം ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരു ഹെലികോപ്റ്റർ തേടിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close