കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി. കെ റെയിൽ പദ്ധതിക്കുള്ള ഡിപിആർ തയാറാക്കുന്നതിനു മുൻപ് എങ്ങനെ പ്രിലിമിനറി സർവെ നടത്തി എന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വിശദ പദ്ധതി രേഖ എങ്ങനെ തയ്യാറാക്കി? എന്തെല്ലാം ഘടകങ്ങളാണ് വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ചത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവെ നടത്തുന്നത്. എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് കോടതി സർക്കാരിനോട് ചോദിച്ചത്.
ഡിപിആർ വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴിലേയ്ക്കു മാറ്റിവച്ചു. ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വ്വേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കും വരെയാണ് തടഞ്ഞിട്ടുള്ളത്.
എന്തു സർവേയാണ് ഇപ്പോൾ നടക്കുന്നത്? ഏരിയൽ സർവേയുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ഡിപിആർ തയാറാക്കാനാകുക? നേരിട്ടു സർവേ പൂർത്തിയാക്കാതെ 955 ഹെക്ടർ ഏറ്റെടുക്കാൻ എങ്ങനെയാണ് ഉത്തരവിറക്കാൻ സാധിക്കുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉയർത്തി ഉയർത്തി. മറുപടി നൽകാൻ സാവകാശം വേണമെന്നു സർക്കാർ കോടതിയോട് അഭ്യർഥിച്ചു. കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയതായും അറിയിച്ചു. അതേ സമയം ഹൈക്കോടതിയുടെ പരാമർശങ്ങൾ പദ്ധതിക്കു തിരിച്ചടിയാകുന്നുണ്ടെന്നും ഇതിനകം 200ൽ അധികം അതിരടയാള കല്ലുകൾ പിഴുതെറിയപ്പെട്ടിട്ടെന്നും കെ റെയിൽ കോടതിയെ അറിയിച്ചു.
ഡിപിആർ കേന്ദ്ര സർക്കാർ പരിശോധിക്കുകയാണെന്ന നിലപാടാണ് ഇന്നു ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ സ്വീകരിച്ചത്. ഡിപിആർ പരിശോധിച്ചു മാത്രമേ പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാകൂ. നീതി ആയോഗ് ഉൾപ്പടെയുള്ള ഏജൻസികളുമായി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അനുമതി നൽകുക എന്നും കേന്ദ്രം വ്യക്തമാക്കി.
കെറെയിൽ എന്നു രേഖപ്പെടുത്തിയിട്ടുള്ള വലിയ കല്ലുകൾ സ്ഥാപിക്കുന്നതിനു കോടതി നേരത്തെ കോടതി വിലക്കേർപ്പെടുത്തിയിരുന്നു. പോർവിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ഈ വിഷയത്തിൽ ഹൈക്കോടതി നേരത്തെ സ്വീകരിച്ചിട്ടുള്ള നിലപാട്. വീടുകളിലേക്കുള്ള പ്രവേശനം തടഞ്ഞു കല്ലുകൾ സ്ഥാപിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് അനുവദിക്കാനാകില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സർവെ നിയമപ്രകാരം ചെറിയ കല്ലുകൾ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നും അറിയിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..