KERALANEWSTop News

നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി ഹൈക്കോടതി. 10 ദിവസം ആണ് കൂടുതൽ അനുവദിച്ചത്. പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന സർക്കാർ അപേക്ഷയിലാണ് നടപടി. അഞ്ച് സാക്ഷികളിൽ മൂന്ന് പേരുടെ വിസ്താരം പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളിൽ വിസ്തരിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ചത്തെ കോടതി ഉത്തരവ്. എന്നാൽ ഇതിൽ ചില സാക്ഷികൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്.

അതേ സമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്‍റെ കോടതി അലക്ഷ്യ ഹർജിയാണ് മാറ്റിവച്ചവയിലൊന്ന്. കോടതി വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്നാണ് ദിലീപിന്‍റെ ആരോപണം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ബൈജു പൗലോസിന്‍റെ കൈവശമുണ്ടെന്നും ഇത് വിചാരണ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുളള ഹർജിയും വെള്ളിയാഴ്ച പരിഗണിക്കും. ഹൈക്കോടതി അനുവദിച്ച അഞ്ച് സാക്ഷികളിൽ ഒരാളെ വിചാരണ കോടതി ഇന്ന് വിസ്തരിച്ചു.

ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഇന്ന് വിളിച്ചു വരുത്തും. എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേൾപ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാൻ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്.

ബാലചന്ദ്ര കുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാറിനെ ഇരുത്തുന്നത് ശരിയാകില്ല. ഹൈക്കോടതി വിധിക്ക് ശേഷം ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്ര കുമാറിനെ കൂടി വിളിപ്പിക്കാ‍ന്‍ ക്രൈംബ്രാഞ്ച് നേരത്തെ ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഇതിനിടെ പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചവരെ വിളിച്ചു വരുത്തും. ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കേസിൽ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിന്‍റെ അന്വഷണ പുരോഗതിയും ചോദ്യം ചെയ്യലിന്‍റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close