INDIANEWSTop News

തൂക്കിലേറ്റിയ ജയിലിലെ മണ്ണ് കൊണ്ടുവന്ന് നാഥുറാം ഗോഡ്​സെയുടെ പ്രതിമ നിർമിക്കും; ഹിന്ദു മഹാസഭ

ഗ്വാളിയോർ: ഗാന്ധിജിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽനിന്ന്​ കൊണ്ടുവന്ന മണ്ണുകൊണ്ട്​ ​നാഥുറാം ഗോഡ്​സെയുടെ പ്രതിമ നിർമിക്കുമെന്ന്​ ഹിന്ദു മഹാസഭ. തിങ്കളാഴ്ച ഗോഡ്​സെയുടെ ചരമവാർഷികം ആചരിക്കുന്നതിനിടെയാണ്​ വലതുപക്ഷ സംഘടനയുടെ പ്രഖ്യാപനം. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ​ ഗോഡ്​സെയെ 1949 നവംബർ 15നാണ്​ തൂക്കിലേറ്റിയത്​.

‘ഗോഡ്​സെയെയും നാരായൺ ആപ്​തെയെയും വധിച്ച അംബാല ജയിലിൽനിന്ന്​ ഹിന്ദുമഹാസഭ പ്രവർത്തകർ കഴിഞ്ഞയാഴ്ച മണ്ണ്​ കൊണ്ടുവന്നു. ഈ മണ്ണ്​ ഗോഡ്​സെയുടെയും ആപ്​തെയുടെയും പ്രതിമ നിർമിക്കാൻ ഉപയോഗിക്കും. പ്രതിമ ഗ്വാളിയോറിലെ മഹാസഭ ഓഫിസിൽ സ്​ഥാപിക്കും’ -ദേശീയ വൈസ്​ പ്രസിഡന്‍റ്​ ഡോ. ജയ്​വീർ ഭരത്​വാജ്​ പറഞ്ഞു.

ഉത്തർപ്രദേശ്​ മീററ്റിലെ ബലിദാൻ ധാമിൽ മഹാസഭ പ്രവർത്തകർ പ്രതിമകൾ സ്​ഥാപിച്ചിരുന്നു. എല്ലാ സംസ്​ഥാനങ്ങളിലും ഇത്തരത്തിലുള്ള ബലിദാൻ ധാം ഞങ്ങൾ നിർമിക്കും – ജയ്​വീർ കൂട്ടിച്ചേർത്തു.

2017ൽ മഹാരാഷ്​ട്രയിലെ ഓഫിസിൽ സ്​ഥാപിച്ചിരുന്ന ഗോഡ്​​സെയുടെ പ്രതിമ ഗ്വാളിയോർ ജില്ല ഭരണകൂടം പിടിച്ചെടുത്തിരുന്നു. അവ ഇതുവരെ തിരികെ നൽകിയില്ല. വലിയ തോതിൽ ആളുകളുടെ കൊലപാതകത്തിൽ കലാശിച്ച 1947ലെ ഇന്ത്യ വിഭജനത്തിന്​ കാരണം കോൺ​ഗ്രസാണെന്നും ജയ്​വീർ പറഞ്ഞു.

അതേസമയം, ഹിന്ദു മഹാസഭ പ്രവർത്തകർ തിങ്കളാഴ്ച ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന്​ ഗ്വാളിയോർ പൊലീസ്​ അഡീഷനൽ സൂപ്രണ്ട്​ സത്യേന്ദ്ര സിങ്​ തോമർ പറഞ്ഞു. ഒരു പ്രതിമയും സ്​ഥാപിച്ചിട്ടില്ലെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ പോലീസ്​ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ രാഷ്​ട്ര പിതാവിന്‍റെ ഘാതകൻ നാഥുറാം ഗോഡ്​സെയുടെ പേരിൽ സിനിമ പ്രഖ്യാപിച്ച്​ മഹേഷ്​ മഞ്​ജരേക്കർ. സന്ദീപ്​ സിങ്ങിന്‍റെ ഹൗസ്​ ലെജൻഡ്​ ഗ്ലോബൽ സ്റ്റുഡിയോയും രാജ്​ ഷാൻദിലിയാസിന്‍റെ തിങ്ക്​ഇങ്ക്​ പിക്​ചേഴ്​സും ചേർന്നാണ് ചിത്രം​ നിർമിക്കുന്നത്​.

സ്വതന്ത്ര വീർ സവർക്കർ, വൈറ്റ്​ എന്നീ ചിത്രങ്ങൾക്ക്​ ശേഷം മഹേഷ്​ മഞ്​ജരേക്കറും ലെജൻഡ്​ ഗ്ലോബൽ പിക്​ചേഴ്​സും കൈകോർക്കുന്ന മൂന്നാമത്തെ ചിത്രമാണ്​ ഗോഡ്​സെ. ചിത്രത്തിന്‍റെ ടീസർ മഞ്​ജരേക്കർ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.

ആരാണ് ശരി ആരാണ്​ തെറ്റ്​ എന്ന്​ തീരുമാനിക്കാൻ പ്രേക്ഷകരെ അനുവദിക്കുക എന്നതാണ് ‘ഗോഡ്‌സെ’യുടെ ഉദ്ദേശ്യമെന്ന് സംവിധായകൻ മഹേഷ് മഞ്ജരേക്കർ പറഞ്ഞു.

‘നാഥുറാം ഗോഡ്‌സെയുടെ കഥ എപ്പോഴും എന്‍റെ ഹൃദയത്തോട് ചേർന്നിരുന്നു. ഈ സ്വഭാവത്തിലുള്ള ഒരു സിനിമയുമായി മുന്നോട്ടു വരാൻ വളരെയധികം ധൈര്യം ആവശ്യമാണ്. ഇത്തരം വിഷയങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത കഥപറച്ചിലിലും വിശ്വസിക്കുന്നു. ഗാന്ധിക്കെതിരെ വെടിവെച്ച ആൾ എന്നല്ലാതെ ഗോഡ്‌സെയെ കുറിച്ച്​ ആളുകൾക്ക് അധികമൊന്നും അറിയില്ല. അദ്ദേഹത്തിന്‍റെ കഥ പറയുമ്പോൾ, ഞങ്ങൾ ആരെയും സംരക്ഷിക്കാനോ ആർക്കെതിരെയും സംസാരിക്കാനോ ആഗ്രഹിക്കുന്നില്ല. ആരാണ് ശരിയെന്നോ തെറ്റെന്നോ അത് പ്രേക്ഷകർക്ക് വിട്ടുകൊടുക്കും’-മഞ്​ജരേക്കർ പ്രസ്​താവനയിൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close