INSIGHTNEWSTop News

ബ്ലൗസ് ഊരി കയ്യില്‍ പിടിച്ചാൽ മാത്രം സ്ത്രീകൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച പ്രമാണിമാർ; രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽവച്ച നങ്ങേലി; അമേരിക്കൻ യുവതികൾ നോ പറയുമ്പോൾ മലയാളി മങ്കമാർക്ക് ആത്മാഭിമാനത്തിന്റെ പ്രതീകമായി ബ്രാ മാറിയ കഥ

2011 ജൂലൈ ഒമ്പതിനാണ് അമേരിക്കയിലെ യുവതികൾ നോ ബ്രാ ഡേ അഥവാ ബ്രാ ധരിക്കാത്ത ദിനം ആദ്യമായി ആചരിച്ചത്. ബ്രാ അഴിച്ചുകളയുമ്പോൾ തങ്ങൾക്ക് ലഭിക്കുന്ന ആശ്വാസത്തെ പറ്റിയായിരുന്നു അന്ന് അമേരിക്കൻ യുവതികൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. അന്നത്തെ സംഭവത്തിന് ഒരു പതിറ്റാണ്ടിനിപ്പുറം നീറ്റ് പരീക്ഷയെഴുതാൻ എത്തിയ നൂറിലേറെ പെൺകുട്ടികൾക്ക് തങ്ങളുടെ അടിവസ്ത്രം അഴിച്ചു മാറ്റേണ്ടി വന്നതിലൂടെ കൊടിയ അപമാനമാണ് അനുഭവിക്കേണ്ടി വന്നത്. വസ്ത്ര സ്വാതന്ത്ര്യം പൊരുതി നേടിയ ഒരു ജനതയുടെ പിന്മുറക്കാരായ പെൺകുട്ടികൾ ഇഷ്ട തൊഴിൽ പഠിക്കാനുള്ള യോ​ഗ്യത പരീക്ഷക്ക് അടിവസ്ത്രമില്ലാതെ പങ്കെടുക്കേണ്ടി വരിക എന്നത് പ്രതിഷേധാർഹം തന്നെയാണ്.

19 -ാം നൂറ്റാണ്ടിൽ കേരളത്തിൽ മുലക്കരത്തിനെതിരെ പ്രതിഷേധമാണ് ഉയർന്നത്. സാമൂഹികാധികാരം കൈയാളിയിരുന്ന സവർണ്ണ ഹിന്ദു, താഴ്ന്ന ജാതിയിലെ സ്ത്രീകൾക്ക് ചുമത്തിയിരുന്ന മുലക്കരത്തിനെതിരെ നങ്ങേലി എന്ന തൊഴിലാളി സ്ത്രീ ആദ്യമായി കേരളത്തിൽ അധികാര വർഗ്ഗത്തിനെതിരെ കലാപം നടത്തുകയായിരുന്നു. ഒരു പക്ഷേ, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വ്യക്തിയതിഷ്ഠിതമായ കലാപമായിരുന്നു നങ്ങേലിയുടേത്. നങ്ങേലി മുലക്കരമൊടുക്കിയില്ല. ഇതു പിരിക്കാനെത്തിയ രാജകിങ്കരനുമുമ്പിൽ അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽവച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചുവെന്നാണ് ചരിത്രം.

അര നൂറ്റാണ്ടിലേറെക്കാലം സമരം ചെയ്താണ് കേരളത്തിലെ സ്ത്രീകൾ മാറു മറയ്ക്കാനുള്ള അനുവാദം പോലും നേടിയത്. ബ്ലൗസ് ധരിക്കാൻ രാജവിളംബരത്തിലൂടെ അനുമതി കിട്ടിയ കാലത്തും ഈ നാട്ടിലെ സ്ത്രീകൾ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്നു. ബ്ലൗസ് ധരിച്ച് അമ്പലത്തിലേക്ക് പോയ സ്ത്രീകളെ ബ്ലൗസ് ഊരി കയ്യിൽ പിടിച്ചാലേ ക്ഷേത്രത്തിലേക്ക് കയറ്റി വിട്ടിരുന്നുള്ളു എന്ന നിർബ്ബന്ധം പോലും നാട്ടുപ്രമാണിമാർ വെച്ചുപുലർത്തിയിരുന്നു. അക്കാലത്തിന്റെ ഓർമ്മകളാണ് ഇന്നലെ കൊല്ലത്ത് നീറ്റു പരീക്ഷയെഴുതാൻ പോയ പെൺകുട്ടികളുടെ ദുരനുഭവം നമുക്ക് നൽകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് ഇരുപതാം നൂറ്റാണ്ട് കടന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിട്ടും ഈ നാട്ടിലെ പെൺകുട്ടികളുടെ അഭിമാനത്തിന് മേൽ അധികാരികൾ കടിഞ്ഞാണിടുകയാണ്.

നൂറ്റിയെട്ട് വർഷത്തെ മാത്രം പ്രായമാണ് സ്ത്രീകളുടെ അടിവസ്ത്രമായ ‘ബ്രാ’ യ്ക്കുള്ളത്. ചരിത്രത്തിൽ നിലവിലുള്ള രൂപത്തിൽ ‘ബ്രാ’ യുടെ ചരിത്രം തുടങ്ങുന്നത് 19-ാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിലാണ്. പുരാതന ഈജിപ്തിൻറെ കാലം മുതൽ ലോകത്ത് മുലമറയ്ക്കാനുള്ള ചരിത്രം ആരംഭിക്കുന്നു. എങ്കിലും ബ്രാ, നിലവിലെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് 20 -ാം നൂറ്റാണ്ടിലാണ്. കൃത്യമായി പറഞ്ഞാൽ ബ്രാ ഉൽപാദനത്തിനുള്ള ആദ്യ പേറ്റൻറ് 1914 സെപ്റ്റംബർ 3 ന് മേരി ഫെൽപ്സ് ജേക്കബിന് ലഭിക്കുന്നതോടെ ബ്രായുടെ ഔദ്യോഗിക ചരിത്രം ആരംഭിക്കുന്നു. എന്നാൽ, “പുറകില്ലാത്ത കോർസെറ്റിൻറെ ” പുതിയ രൂപം സ്ത്രീകൾക്കിടയിൽ കൂടുതൽ പ്രശസ്തി നേടിയില്ല.

എങ്കിലും, ജേക്കബിൻറെ ഭർത്താവ് പുതിയ വസ്ത്രത്തിൽ വളരെയധികം സാധ്യതകൾ തിരിച്ചറിഞ്ഞു, പേറ്റൻറ് 1500 ഡോളറിന് വാങ്ങാൻ ഒരു കോർപ്രേറ്റ് കമ്പനി തന്നെ രംഗത്തെത്തി. അന്ന് മുതൽ, ബ്രാ വളരെയധികം മാറി, ഇന്നും ആ മാറ്റങ്ങൾ തുടരുകയാണ്, യഥാർത്ഥത്തിൽ നിന്ന് സിന്തറ്റിക് വസ്തുക്കളിലേക്ക് വരെ ബ്രാ മാറുന്നു, പൂർണ്ണ കപ്പ് ബ്രായിൽ നിന്ന് ബാൽക്കണറ്റുകളിലേക്ക് അത് വ്യത്യാസപ്പെട്ടിരിക്കുന്നു.

ബ്രായുടെ ചരിത്രം

പുരാതന ഗ്രീസിലാണ് സ്തനങ്ങൾക്കു താങ്ങുകൊടുക്കുന്നതിനുള്ള അടിവസ്ത്രം ആദ്യമായി ഉപയോഗിച്ചതെന്നു കരുതുന്നു. കമ്പിളി നൂൽ കൊണ്ടോ ചണം കൊണ്ടോ സ്തനങ്ങളെ മറയ്ക്കുകയും പിറകുവശത്ത് അത് കെട്ടിനിർത്തുകയും ചെയ്യുംവിധമുള്ള വസ്ത്രമാണ് അവർ ഉപയോഗിച്ചിരുന്നത്. ഓസ്ട്രേലിയയിലെ ഈസ്റ്റ് തൈറോളിൽ നിന്നു കണ്ടെത്തിയ ലിനൻ തുണികൾ എ.ഡി. 1440-നും 1485-നും മധ്യേ ഉപയോഗിച്ചിരുന്ന ബ്രേസിയേഴ്സാണെന്നു കരുതപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യലോകത്തെ സമ്പന്ന സ്ത്രീകൾ ധരിച്ചിരുന്ന കോർസെറ്റ് (corset) എന്നയിനം ബ്രേസിയേഴ്സ് സ്തനങ്ങളെ മുകളിലേക്ക് ഉയർത്തി നിർത്തുന്നവയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രേസിയേഴ്സിന്റെ രൂപഘടന പരിഷ്കരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ബ്രേസിയേഴ്സിന്റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പേട്ടതാണ്. ബ്രേസിയേഴ്സിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പേറ്റന്റുകളിൽ പകുതിയോളവും സ്വന്തമാക്കിയിരിക്കുന്നത് സ്ത്രീകളാണ്. 1899-ൽ ആധുനിക കാലത്തെ ബ്രേസിയറിന്റെ ആദ്യത്തെ പേറ്റന്റ് ജർമ്മൻകാരനായ ക്രിസ്റ്റീൻ ഹാർഡ്റ്റിനു ലഭിച്ചു. ജർമ്മനിയിലെ സ്റ്റഡ്ഗാർട്ടിൽ നിന്നുള്ള സിഗ്മണ്ട് ലിൻഡോവർ 1912-ൽ വ്യാവസായികമായി ബ്രാ നിർമ്മിക്കുവാൻ തുടങ്ങുകയും 1913-ൽ അതിനു പേറ്റന്റ് നേടുകയും ചെയ്തു. ആധുനിക ബ്രായുടെ ആദ്യരൂപം നിർമ്മിച്ച അമേരിക്കക്കാരൻ മേരി ഫെൽപ്സ് ജേക്കബിന് 1914-ൽ പേറ്റന്റ് ലഭിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രായുടെ ഉൽപ്പാദനം ഗണ്യമായി വർദ്ധിച്ചതോടെ അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെയും പാശ്ചാത്യസംസ്കാരം പിന്തുടർന്നു വന്നിരുന്ന മറ്റു ദേശങ്ങളിലെയും സ്ത്രീകൾക്കു ബ്രേസിയേഴ്സ് സുലഭമായി ലഭിച്ചു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ലോഹങ്ങൾക്കു ക്ഷാമം നേരിട്ടതോടെ കോർസെറ്റിന്റെ ഉൽപാദനം അവസാനിച്ചു.

ബ്രായ്ക്കുള്ളിൽ സ്തനങ്ങളെ പൊതിഞ്ഞുനിൽക്കുന്ന ഭാഗത്തെ ‘കപ്പ്’ എന്നുവിളിക്കുവാൻ തുടങ്ങിയത് 1916 മുതലാണ്. ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ബ്രാ കപ്പുകൾ ഇലാസ്തികതയുള്ളവയായിരുന്നു. സ്തനങ്ങളുടെ വലിപ്പം അനുസരിച്ച് വലിയുവാനും ചുരുങ്ങുവാനും അവയ്ക്കു കഴിഞ്ഞിരുന്നു. ബ്രായുടെ വലിപ്പത്തെ സൂചിപ്പിക്കുന്നതിനായി A മുതൽ D വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിക്കുന്ന രീതി 1932-ൽ എസ്.എച്ച്. ക്യാമ്പ് ആൻഡ് കമ്പനി ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ഭൂരിഭാഗം സ്ത്രീകളും ബ്രേസിയേഴ്സ് ധരിച്ചുതുടങ്ങിയിരുന്നു. ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും സ്ത്രീകൾ ബ്രാ ഉപയോഗിക്കുവാൻ തുടങ്ങിയതും അക്കാലത്താണ്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close