KERALANEWSTop News

കൊടിയ പീഡകളിൽ നിന്നും മോചനത്തിനായി നോൺ പെൻഷനബിൾ ട്രാൻസ്പോർട്ട് യൂണിയന് രൂപം കൊടുത്ത കെ വി സുരേന്ദ്രനാഥ്; ട്രാൻസ്പോർട്ട് സമരകാലത്ത് പൊലീസുകാർ മീശ പിഴുതെറിഞ്ഞ വെളിയം ഭാർ​ഗവൻ; കുമാരപിള്ള കമ്മീഷന് മുന്നിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അവതരിപ്പിക്കവെ കുഴഞ്ഞുവീണ് മരിച്ച പി കെ രാമൻ; കമ്മ്യൂണിസ്റ്റുകൾ ചോരചീന്തി വളർത്തിയ പ്രസ്ഥാനത്തെ തകർക്കുന്നത് മറ്റൊരു കമ്മ്യൂണിസ്റ്റ് സർക്കാർ

കല്ലട ശ്രീകുമാർ

സാമ്പത്തിക ശാസ്ത്രത്തിലെ ലാഭകണക്കുകൾക്ക് ബാലൻസ്ഷീറ്റ് തയ്യാറാക്കാൻ കഴിയാത്ത ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും ചരിത്രമാണ് കെഎസ്ആർടിസിക്കുള്ളത്. 1936ൽ ശ്രീമൂലം പ്രജാസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പയ്നിയർ മുതലാളിയിൽ നിന്നും പിടിച്ചെടുത്ത 13 ബസുകളിലൂടെയാണ് കെഎസ്ആർടിസിയുടെ ചരിത്രം ആരംഭിക്കുന്നത്. 1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ സർവ്വീസ് രാജകുടുംബാംഗങ്ങളുമായി കവടിയാർ കൊട്ടാരമുറ്റത്തുനിന്നും ശ്രീ പദ്മാനാഭ സ്വാമി ക്ഷേത്രത്തിലേക്ക്. ബ്രിട്ടനിൽ നിന്നുമെത്തിയ ബാൾട്ടർ സായ്പ്പായിരുന്നു ആദ്യ എംഡി. അന്ന് തൊട്ട് ഇന്നുവരെയുള്ള ട്രാൻസ്പോർട്ട് ചരിത്രത്തിൽ കേവലം രണ്ടുകൊല്ലം മാത്രമാണ് ലാഭം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ആദ്യകാലത്തെ ജീവനക്കാർ അനുഭവിച്ചിരുന്ന അതിക്രൂര പീഡനങ്ങളിൽ നിന്നും മോചനം നേടിയതും ഇന്ന് കാണുന്ന തരത്തിൽ മാന്യമായി ജോലി ചെയ്യാനുള്ള അവകാശം ലഭിച്ചതും പ്രോജ്ജ്വലങ്ങളായ പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു.

കേവലം രാഷ്ട്രീയ പ്രേരിതമായ സമരങ്ങളായിരുന്നില്ല കെഎസ്ആർടിസിയിൽ അരങ്ങേറിയിരുന്നത്. തങ്ങൾ അനുഭവിക്കുന്ന വിവേചനത്തിനും പീഡനങ്ങൾക്കും മോചനം തേടിയുള്ള പോരാട്ടങ്ങൾ തന്നെയായിരുന്നു അത്. നഷ്ടപ്പെടാൻ കെടുതികൾ മാത്രമുണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ സമര ചരിത്രം ഇന്നും ആവേശം ജനിപ്പിക്കുന്നവയാണ്. കടന്നുപോയ വഴികളിലെവിടെയോ മലയാളിയുടെ സമരവീര്യം നഷ്ടമായെന്ന് ബോധ്യപ്പെടുന്നതും ആ സമരങ്ങളെ കുറിച്ച് ഓർക്കുമ്പോഴാണ്. വഴിപാട് സമരങ്ങൾക്കും അപ്പുറം അതിജീവനത്തിന്റെ മുദ്രാവാക്യവുമായി കെഎസ്ആർടിസി തൊഴിലാളികൾ കൊടികളുമേന്തി തെരുവിലിറങ്ങിയാൽ മുട്ടുമടക്കാത്ത ഭരണകൂടങ്ങളില്ലെന്ന് ഈ തൊഴിലാളികളുടെ മുൻ​ഗാമികൾ തങ്ങളുടെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുണ്ട്.

തൊഴിലാളികൾ അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ കാലമായിരുന്നു അത്. ചെറിയ പിഴവുകൾക്കോ വൈകലുകൾക്കോ പോലും ക്രൂരപീഡനങ്ങൾ തൊഴിലാളികൾ ഏറ്റുവാങ്ങി. അങ്ങനെയാണ് തിരുവനന്തപുരത്തിന്റെ സ്വന്തം ആശാൻ കെ വി സുരേന്ദ്രനാഥ് മുൻകൈയെടുത്ത് നോൺ പെൻഷനബിൾ ട്രാൻസ്പോർട്ട് യൂണിയന് രൂപം കൊടുക്കുന്നത്. മുത്തുകറുപ്പ പിള്ളയായിരുന്നു ആദ്യ പ്രസിഡന്റ്. അത്യുജ്ജ്വലങ്ങളായ പോരാട്ടങ്ങൾക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. എൻ സി ശേഖറും പട്ടം താണുപിള്ളയും പിന്നീട് സംഘടനയുടെ സാരഥികളായി. പിന്നീട് തിരുവിതാംകൂർ പ്രധാനമന്ത്രിയായ പട്ടം യൂണിയന്റെ സമരങ്ങളെ അടിച്ചമർത്തുവാൻ ശ്രമിച്ചതും ചരിത്രമാണ്.

1952 ൽ ടി വി തോമസ് യൂണിയന്റെ പ്രസിഡന്റും കെ വി സുരേന്ദ്രനാഥ് ജനറൽ സെക്രട്ടറിയുമാകുന്നതോടെ സംഘടനയുടെ സമരവീര്യം പതിന്മടങ്ങ് വർദ്ധിച്ചു. 1954 ൽ കേരള ചരിത്രത്തിൽ രക്തശോഭയോടെ തെളിഞ്ഞു നിൽക്കുന്ന ട്രാൻസ്പോർട്ട് സമരത്തിന് നാട് സാക്ഷ്യം വഹിച്ചു. പെൻഷൻ, ബോണസ്, ഗ്രാറ്റുവിറ്റി എന്നിവ ആവശ്യപ്പെട്ട് തൊഴിലാളികൾ ആരംഭിച്ച സമരം കമ്മ്യുണിസ്റ്റ് പാർട്ടി ഏറ്റെടുത്തു. വെളിയം ഭാർഗ്ഗവൻ, ഇ പദ്മനാഭൻ, അനിരുദ്ധൻ, ഫക്കീർഖാൻ തുടങ്ങി അനവധി നേതാക്കൾ അറസ്റ്റിലായി. അന്നത്തെ പാർട്ടിയുടെ യുവനേതാവായിരുന്ന വെളിയം ഭാർഗ്ഗവന്റെ ഒരു വശത്തെ മീശ കൊടിൽ ഉപയോഗിച്ച് പിഴുത് മാറ്റിയാണ് അന്ന് പോലീസുകാർ രസിച്ചത്. സമരത്തിൽ പങ്കെടുത്തിന് തൊഴിലാളികളായ സത്യരാജപണിക്കരെയും പി കെ രാമനെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി 1957ൽ അധികാരത്തിലെത്തിയപ്പോഴാണ് അവരെ തിരിച്ചെടുത്തത്. 1962ൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ കുമാരപിള്ള കമ്മീഷന് മുന്നിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അവതരിപ്പിക്കവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു പി കെ രാമൻ.

അതിനു ശേഷവും ത്യാഗ നിർഭരമായ പോരാട്ടങ്ങളിലൂടെയും കമ്മ്യുണിസ്റ്റു പാർട്ടി അധികാരത്തിലെത്തുമ്പോൾ അനുവദിച്ചു നൽകിയ ആനുകൂല്യത്തിലൂടെയുമാണ് ട്രാൻസ്പോർട്ട് ജീവനക്കാർക്കും സമൂഹത്തിൽ മാന്യമായി ജീവിക്കുവാനുള്ള അവസ്ഥയുണ്ടായത്. ഇന്ന് അം​ഗീകാരമുള്ള മൂന്ന് യൂണിയനുകൾ ഉൾപ്പെടെ ഒട്ടനവധി തൊഴിലാളി സംഘടനകൾ കെഎസ്ആർടിസിയിലുണ്ട്. നയപരമായ തീരുമാനങ്ങളിൽ പോലും ഇടപെടാൻ കഴിയുന്നവരാണ് അം​ഗീകാരമുള്ള തൊഴിലാളി സംഘടനകൾ എന്നാണ് വെയ്പ്. കേരളത്തിലെ സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ നേതൃത്വത്തെ അം​ഗീകരിക്കുന്ന സിഐടിയു തന്നെയാണ് ഇപ്പോഴും ഈ വ്യവസായത്തിലെ പ്രബല യൂണിയൻ. അവർ പോലും ഇപ്പോൾ പാലിക്കുന്ന മൗനം ഭീതിജനകമാണ്.

ഒരുകാലത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ കെഎസ്ആർടിസിക്ക് വേണ്ടിയും അതിലെ തൊഴിലാളിക്ക് വേണ്ടിയും ജീവൻ നൽകി പേരാടി എങ്കിൽ ഇപ്പോൾ, ആ പോരാട്ടങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഇടത് മുന്നണി സർക്കാരാണ് ഈ വ്യവസായത്തെ പൂട്ടി താക്കോൽ വാങ്ങാൻ കാത്തുനിൽക്കുന്നത് എന്നതാണ് ഏറ്റവും ദുഖകരം. കേരളത്തിൽ അങ്ങോളമിങ്ങോളം പൊതു​ഗതാ​ഗതത്തെ ശക്തിപ്പെടുത്തേണ്ട ഭരണകൂടം അതിന് പൂട്ടിട്ട ശേഷം സ്വകാര്യ ബസ് ലോബികൾക്ക് ഈ നാട്ടിലെ റൂട്ടുകളെല്ലാം തീറെഴുതാൻ കാത്തുനിൽക്കുകയാണ്. സംസ്ഥാനത്തിന്റെ ഒരു വലിയ തൊഴിൽ മേഖലയെ ഇല്ലാതാക്കാൻ കൂടിയാണ് ഈ സർക്കാർ കൂട്ടുനിൽക്കുന്നത്.

സംസ്ഥാനത്തിന്റെ നട്ടെല്ലായ പൊതുഗതാഗത സംവിധാനമാണ് കെ എസ് ആർടിസി. 26,000ത്തിലധികം തൊഴിലാളികൾ ഇന്ന് ഈ വ്യവസായത്തിൽ പണിയെടുക്കുന്നു എന്നാണ് കണക്ക്. ആ ജീവിതങ്ങൾക്കൊരു സുരക്ഷയും പ്രതീക്ഷയുമുണ്ടായിരുന്നു ഇതുവരെയെങ്കിൽ പുത്തൻ ഭരണപരിഷ്‌കാരങ്ങളിൽ കൂടി ജീവനക്കാർക്ക് അവ നഷ്ടമാകുകയാണ്.

നിലവിലുള്ളവരെ പിരിച്ചുവിടുകയും പുതിയ നിയമനങ്ങൾ നടത്താതിരിക്കുകയും ചെയ്യുകവഴി കോർപ്പറേഷന്റെ അകാല ചരമത്തിന് വഴിയൊരുക്കുകയാണ് പുത്തൻ പരിഷ്‌കാരങ്ങൾ. അവശത അനുഭവിക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കാത്തൊരു മാനേജ്മെന്റ് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ ആർക്കാണ് ഗുണകരമാകുക. ജീവനക്കാരെ പിരിച്ചുവിട്ട് ലാഭമുണ്ടാക്കുക എന്നത് നവലിബറൽ സാമ്പത്തിക നയങ്ങളുടെ ശൈലിയാണ്. പൊതു ഗതാഗതത്തെ ശക്തിപ്പെടുത്തുന്ന സ്ഥാപനമെന്ന പെരുമയാണിവിടെ നഷ്ടമാകുന്നത്. ജീവനക്കാരന് തണലും താങ്ങുമാകുന്നൊരു പൊതുമേഖലാ സ്ഥാപനമെന്ന ഗരിമയാണിവിടെ അന്യമാകാൻ പോകുന്നത്.

(തുടരും)

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close