NEWSTrendingviralWORLD

അവധിദിനം ആഘോഷമാക്കി എക്സ്പോ 2020; നബിദിന അവധിയും വാരാന്ത്യവും ഒരുമിച്ച് എത്തിയതോടെ മിക്ക പവലിയനുകളുടെ മുന്നിലും നീണ്ട ക്യൂ

ദുബായ്: നബിദിന അവധിയും വാരാന്ത്യവും ഒരുമിച്ച് എത്തിയപ്പോൾ ലഭിച്ച മൂന്ന് ദിവസം ആഘോഷമാക്കാൻ എക്സ്പോ നഗരിയിലെത്തിയത് ആയിരത്തിലധികം സന്ദർശകർ. വ്യാഴം,വെള്ളി ദിവസങ്ങളിൽ ഉച്ചയോടെയാണ് മിക്ക പവലിയനുകളുടെയും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇന്ത്യ, യു.എ.ഇ, ഇറ്റലി, യു.എസ്​, സൗദി പവലിയനുകളുടെ മുന്നിലും തീമാറ്റിക്​ പവലിയനുകളുടെ മുന്നിലും നല്ല തിരക്ക്​ ദൃശ്യമായിരുന്നു.

വെള്ളിയാഴ്​ച രാത്രി അൽ വസ്​ൽ പ്ലാസയിൽ അരങ്ങേറിയ ബ്രിട്ടീഷ്​ സംഗീതജ്​ഞ​ൻ സമി യൂസുഫിന്റെ പരിപാടിയിലും വൻ ജനക്കൂട്ടമാണ്​ എത്തിച്ചേർന്നത്​. എക്​സ്​പോ തുടങ്ങിയതിനു​ ശേഷം ഇത്രയും തിരക്കേറിയ ദിവസങ്ങൾ ഉണ്ടായിട്ടില്ലെന്നാണ്​ പലപ്പോഴായി നഗരിയിലെത്തിയ സന്ദർശകർ അഭിപ്രായപ്പെടുന്നത്​.

മെട്രോയിലും എക്​സ്​പോ റൈഡർ ബസുകളിലും നല്ല തിരക്ക്​ അനുഭവപ്പെട്ടു. കാർ പാർക്കിങ്​ ഏരിയകളിലും സാധാരണ എത്തിയിരുന്നതിനേക്കാൾ വാഹനങ്ങൾ എത്തിച്ചേർന്നിരുന്നു. ഇന്നും സമാന തിരക്കുണ്ടാവുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. പല പവലിയനുകളിലും സന്ദർശകർക്ക്​ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതിനാൽ കൂടുതൽ കാഴ്​ചകൾക്ക്​ സമയം ലഭിച്ചില്ല. ഒക്​ടോബർ മാസം മുഴുവൻ പ്രവേശനമനുവദിക്കുന്ന ‘ഒക്​ടോബർ പാസാ’ണ്​ മിക്കവരും വാങ്ങിയത്​. ഇത്​ അടുത്ത ആഴ്​ചയോടെ കാലാവധി കഴിയുമെന്നതിനാൽ കൂടിയാണ്​ പ്രവാസികളടക്കമുള്ള സന്ദർശകർ ഈ ദിവസങ്ങളിൽ മേളക്കെത്തിയത്​.

വളരെ ആകർഷണീയമാണ്​ എക്​സ്​പോയിലെ കാഴ്​ചകളെന്നും മുഴുവൻ പവലിയനുകളും കണ്ടുതീർക്കണമെന്നാണ്​ ആഗ്രഹമെന്നും ആദ്യമായി മേളക്കെത്തിയ പലരും അഭിപ്രായപ്പെട്ടു.

സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘അൽ ബെയ്​ക്​’ റെസ്റ്റോറെന്റിന്റെ എക്​സ്​പോയിലെ സ്​റ്റാളിലും വൻ തിരക്ക്​ അനുഭവപ്പെട്ടു. പലരും വിഭവങ്ങൾ വാങ്ങാനാവാതെ ഇവിടെ നിന്ന്​ മടങ്ങേണ്ടി വന്നു. ഇന്ത്യൻ പവലിയനിൽ വലിയ ആൾകൂട്ടമാണ്​ പ്രവേശനത്തിനായി ക്യൂവിലുണ്ടായിരുന്നത്​. സാംസ്​കാരിക പരിപാടികളുടെ സദസ്സിലും ധാരാളം ആസ്വാദകരെത്തി. കഴിഞ്ഞ ദിവസം ഒഡിഷ ഡാൻസും, ഒഡിഷ ഫിലിം ഫെസ്​റ്റവലും അരങ്ങേറി. ഒഡിഷ സമാജ്​ യു.എ.ഇയും സിനിമ 4 ഗുഡ്​ എന്ന കൂട്ടായ്​മയുമാണ്​ ഫെസ്​റ്റിവൽ സംഘടിപ്പിക്കുന്നത്​. ഇത്​ ശനിയാഴ്ചയും തുടരും.

ദുബായ് എക്സ്പോ 2020ലേക്ക് ടാക്സി ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടുജോലിക്കാര്‍ക്കും ആയമാര്‍ക്കും സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. ഹോട്ടല്‍, റെസ്‌റ്റോറന്റ്, കഫെറ്റീരിയ തൊഴിലാളികള്‍ക്ക് ഈ മാസം സൗജന്യമായി എക്‌സ്‌പോ കാണാം.

എക്സ്പോ ഓഫീസിൽ നേരിട്ട് എത്തി ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ ടിക്കറ്റ് ലഭിക്കും. ആര്‍ടിഎയുടെ കീഴില്‍ ജോലി ചെയ്യുന്ന ബസ്, ടാക്‌സി ഡ്രൈവര്‍മാര്‍ ആര്‍ടിഎ തിരിച്ചറിയല്‍ കാര്‍ഡും താമസവിസയും കാണിച്ചാല്‍ ടിക്കറ്റുകൾ ലഭിക്കും. ഒരു ദിവസത്തേക്കാണ് സൗജന്യ പ്രവേശനാനുമതി നൽകുക. എക്സ്പോ സൈറ്റിൽ ജോലി ചെയ്തിരുന്ന നിർമ്മാണത്തൊഴിലാളികൾക്കും സന്ദർശനം നടത്താം. ഇതിനായി അവർ കരാർ അടുത്ത സ്ഥാപനത്തിൽ അപേക്ഷ നൽകണം. ഒരാള്‍ക്ക് ഒരു ദിര്‍ഹം വീതം എന്ന പ്രത്യേക ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതാത് കമ്പനികളാണ് ഇത് നൽകേണ്ടത്.

35 ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് ആണ് ഇതുകൊണ്ട് എക്സ്പോ കാണാം അവസരം ലഭിക്കുക. വീട്ടുജോലിക്കാര്‍ക്കും ആയമാര്‍ക്കും റെസിഡന്റ് വിസയുടെ കോപ്പി ഹാജരാക്കിയാല്‍ എത്ര തവണ വേണമെങ്കിലും മേളയില്‍ സന്ദര്‍ശനം നടത്താം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ആറുമാസം നീളുന്ന എക്‌സ്‌പോ 2022 മാര്‍ച്ച് 31 ന് അവസാനിക്കും.

എക്സ്‌പോ 2020 വേദിയിൽ സന്ദർശകർക്ക് അഞ്ചുവരികളുള്ള ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എക്സ്‌പോ സന്ദർശകർക്ക് കോവിഡ് പരിശോധനാഫലം നിർബന്ധമാക്കിയതിനാലാണ് അധികൃതർ ഡ്രൈവ് ത്രൂ സൗകര്യം കൂട്ടിയത്. പ്രതിദിനം 10,000 പരിശോധനകൾ നടത്താൻ കഴിയുന്ന കേന്ദ്രത്തിൽ നാലുമണിക്കൂറിനകം ഫലവും ലഭിക്കും.

നവംബർ അഞ്ചിന് വൈകുന്നേരം എട്ടുമുതൽ 10 വരെ ഇന്ത്യൻ പവിലിയനിലെ ആംഫി തിയേറ്ററിൽ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ കേരളത്തിന്റെ തനത് ആയോധനകലകളായ വാൾപയറ്റ്, ഉറുമി, ചുരിക തുടങ്ങിയവയുടെ പ്രകടനമുണ്ടാകും. ഡിസംബർ മൂന്നിന് വൈകുന്നേരം ആറുമുതൽ ഒമ്പതുവരെ കേരളീയം എന്ന പേരിൽ കേരളത്തിന്റെ ജനപ്രിയ കലാരൂപങ്ങളായ മോഹിനിയാട്ടം, കഥകളി, കോൽക്കളി, മാർഗംകളി, തിരുവാതിര, അറബന, ഒപ്പന തുടങ്ങിയവ ഇൻഡോർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. കേരള ജനതയുടെ അഭിമാനമായി മാറാവുന്ന നിമിഷങ്ങളാണ് വരാൻ പോകുന്നത്. 200 കിലോഗ്രാം സ്വർണത്തിൽ നിർമിക്കുന്ന ഖുർആൻ എക്സ്‌പോ 2020-യിൽ പ്രദർശിപ്പിക്കും. മേഖലയിലെ ഏറ്റവും വലിയ പ്രദർശങ്ങളിൽ ഒന്നായ എക്സ്പോ 2020ൽ പ്രദര്ശിപ്പിക്കുന്നതിലൂടെ ഏത് കൂടുതൽ ആളുകളിൽ എത്തുമെന്ന് ഇത് രൂപ കല്പന ചെയ്ത പാകിസ്ഥാൻ കലാകാരൻ ഷാഹിദ് റസാം പറഞ്ഞു.

എക്സ്പോ-2020 ലോകത്തിലെ ഏറ്റവുംവലിയ സാംസ്കാരിക- വിജ്ഞാന കൈമാറ്റത്തിനാണ് അവസരമൊരുക്കുക. കോവിഡിന്റെ മാന്ദ്യ കാലഘട്ടത്തിനുശേഷമുള്ള സാമ്പത്തിക, വികസന, സാംസ്കാരിക അരങ്ങുകളിൽ ഏറ്റവുംവലിയ ഉദ്യമത്തിന് ആതിഥേയത്വം ഒരുക്കുന്ന ദുബായ് ഭരണകൂടത്തോടൊപ്പം കൈകോർക്കാനായതിൽ കെ.എം.സി.സി. അഭിമാനിക്കുന്നതായി നേതാക്കൾ പ്രസ്താവിച്ചു.

ഓരോ വേദികളിലും കേരളത്തിൽനിന്നുള്ള രാഷ്ട്രീയനേതാക്കളെയും സാംസ്കാരികപ്രവർത്തകരെയും പങ്കെടുപ്പിച്ച് പരിപാടികളുടെ വിജയമുറപ്പാക്കുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യരക്ഷാധികാരി ശംസുദ്ധീൻ ബിൻ മുഹ്യുദ്ദീൻ, പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, നിസാർ തളങ്കര, വർക്കിങ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close