INDIANEWS

ഹോംവർക്ക് ചെയ്തില്ല; ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചുകൊന്നു; കുട്ടി മരിച്ചില്ല, അഭിനയിക്കുകയാണെന്ന് അധ്യാപകൻ

ചുരു: ഗൃഹപാഠം പൂർത്തിയാക്കാത്തതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അടിച്ചുകൊന്ന സ്വകാര്യ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സലാസർ ഗ്രാമത്തിലാണ് സംഭവം. മനോജ് കുമാർ എന്ന അധ്യാപകൻ പതിമൂന്നുകാരനെ ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വടികൊണ്ട് അടിക്കുകയായിരുന്നു.

തന്റെ മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണെന്ന് കൊളസാർ നിവാസിയായ ഓംപ്രകാശ് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ 15 ദിവസത്തിനിടയിൽ കുട്ടിയെ അധ്യാപകൻ ഒരു കാരണവുമില്ലാതെ അടിച്ചുവെന്നും, നാലോ അഞ്ചോ തവണ ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ 9:15 ഓടെയാണ് പ്രതിയായ അധ്യാപകൻ ഓംപ്രകാശിനെ വിളിച്ച് തന്റെ 13 വയസ്സുള്ള മകൻ ബോധരഹിതനായി വീണ വിവരം അറിയിച്ചത്. കുട്ടി ഗൃഹപാഠം പൂർത്തിയാക്കിയിട്ടില്ലെന്നും അതുകൊണ്ടാണ് മർദ്ദിച്ചതെന്നും തുടർന്ന് അബോധാവസ്ഥയിലായെന്നും മനോജ് ഓംപ്രകാശിനോട് പറഞ്ഞു. അധ്യാപകനോട് കുട്ടിയെ കൊന്നോ എന്ന് ചോദിച്ചപ്പോൾ കുട്ടി മരിച്ചതായി നടിക്കുകയാണ് എന്നാണ് അധ്യാപകൻ പറഞ്ഞതെന്ന് ഓംപ്രകാശ് പറഞ്ഞു.

അധ്യാപകൻ മനോജ് കുട്ടിയെ നിഷ്കരുണം മർദ്ദിക്കുകയും മുഷ്ടിചുരുട്ടി ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് ക്ലാസ്സിലെ മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. തുടർന്ന് കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി പറയുകയായിരുന്നു. അധ്യാപകനായ മനോജ് കുമാറിനെതിരെ സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close