KERALANEWS

കൊച്ചിസ്വദേശിയെകുടുക്കിയ ഹണിട്രാപ്‌; രണ്ട്‌ സ്‌ത്രീകളടക്കം നാല്‌ പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയെ ഹണി ട്രാപിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്തെന്ന കേസിൽ ദമ്പതികളും യുവതിയും ഉൾപെടെ നാലംഗ സംഘം അറസ്റ്റിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സാജിദ (30), മേൽപറമ്പ് പാലീസ് സ്റ്റേഷൻ പരിധിയിലെ ഉമർ (47), ഇയാളുടെ ഭാര്യ ഫാത്വിമ (42), പയ്യന്നുർ സ്റ്റേഷൻ പരിധിയിലെ ഇഖ്ബാൽ( 42) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ, സി ഐ ഷൈൻ, എസ് ഐ സതീഷ്, എ എസ് ഐ രാജൻ, സ്‌ക്വാഡ് അംഗങ്ങളായ മധു, മധുസൂദനൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഗ്രീഷ്മ, നാരായണൻ പ്രശാന്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

കൊച്ചി കടവന്ത്ര സ്വദേശി അബ്ദുൽ സത്താറി (58) ന്റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. നേരെത്തെ പരിചയത്തിലായിരുന്ന മൊബൈൽ ഫോണിൽ മിസ്ഡ്‌കോൾ ചെയ്ത് സാജിദ കറക്കിയെടുത്ത സത്താറിനെ കാഞ്ഞങ്ങാട്ട് കൊണ്ടുവന്ന് ഓഗസ്റ്റ് രണ്ടിന് പ്രതികൾ കല്യാണനാടകം നടത്തിയിരുന്നു. അതിനുശേഷം സാജിദയോടൊപ്പം കൊവ്വൽപള്ളി കല്ലൻചിറയിലെ വാടകവീട്ടിലാണ് സത്താർ താമസിച്ചിരുന്നത്. തങ്ങളുടെ മകളാണ് സാജിദയെന്നാണ് ഉമറും ഫാത്വിമയും പരിചയപ്പെടുത്തിയത്.

ഇതിനിടയിൽ സംഘം കിടപ്പറയിൽ രഹസ്യക്യാമറ വെച്ച്‌ സാജിദയുടെയും സത്താറിന്റെയും ചിത്രങ്ങൾ പകർത്തിയതിന് ശേഷം ഇവ സത്താറിന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി മൂന്നേമുക്കാൽ ലക്ഷം രൂപയും ഏഴര പവന്റെ സ്വർണവും പിന്നീട് 15,700 രൂപയും തട്ടിയെടുത്തെന്നാണ് പരാതി.

കാഞ്ഞങ്ങാട്ട് കല്യാണം കഴിച്ച കാര്യം കൊച്ചിയിലെ അകന്നുകഴിയുന്ന ഭാര്യയെയും ബന്ധുക്കളെയും അറിയിക്കാതിരിക്കാനാണ് സത്താർ പണം നൽകിയത്. ഇതിന് ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയത്.

അറസ്റ്റിലായ സാജിദ നേരത്തേ കാസർകോട്ട് ഹണി ട്രാപ് കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ അഞ്ച് പേർ കൂടി പിടിയിലാകാനുണ്ടെന്ന് ഹൊസ്ദുർഗ് സി ഐ ഷൈൻ കാസർകോട് വാർത്തയോട് പറഞ്ഞു. ഇവർ നിരവധി പേരെ ഇത്തരത്തിൽ ഹണി ട്രാപിൽ കുടുക്കിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close