Breaking NewsNEWSSocial MediaTop NewsWORLD

ന​ഗ്നചിത്രങ്ങൾ അയച്ചത് മുൻ കാമുകനുൾപ്പെടെ നൂറിലേറെ പേർക്ക്; സ്നാപ് ചാറ്റിൽ പണികൊടുത്തവനെ കണ്ടെത്തി യുവതി

ന്യൂയോർക്ക്:കോളജ് വിദ്യാർത്ഥിനിയുടെ സോഷ്യൽമീഡിയ അക്കൗണ്ട് ഹാക്ക് ചെയ്ത് ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചയാൾക്ക് ആറുമാസം തടവ് ശിക്ഷ. അമേരിക്കയിലെ ഹാർലെമിൽ താമസിക്കുന്ന ഷെഫായ ഡേവിഡ് മൊണ്ടോർ (29) എന്നയാൾക്കാണ് ന്യൂയോർക്കിലെ കോടതി ശിക്ഷ വിധിച്ചത്. 2019 ഡിസംബറിൽ നതാലി ക്ലോസ് എന്ന കോളജ് വിദ്യാർഥിനിയുടെ സ്നാപ്ചാറ്റ് അക്കൗണ്ട് ഹാക്ക് ചെയ്ത് യുവതി സൂക്ഷിച്ചിരുന്ന സ്വന്തം ന​ഗ്നചിത്രങ്ങൾ നതാലിയുടെ സുൃത്തുക്കൾക്ക് തന്നെ ഇയാൾ അയച്ചുകൊടുക്കുകയായിരുന്നു. കുറ്റവാളിയെ സ്വയം കണ്ടെത്തിയാണ് യുവതി നിയമത്തിന് മുന്നിൽ എത്തിച്ചത്.

കുറഞ്ഞത് 300 സ്‌നാപ്ചാറ്റ് അക്കൗണ്ടുകളിലേക്കെങ്കിലും അനധികൃത ആക്‌സസ് ലഭിച്ചതായി ഡേവിഡ് സമ്മതിച്ചു. ഒടുവിൽ നതാലിയുടെ നഗ്നചിത്രങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചതും വിചാരണ വേളയിൽ ഇയാൾ സമ്മതിച്ചു. തന്റെ ജീവിതം തകർത്തയാൾക്കു ലഭിച്ച ശിക്ഷ കുറ‍ഞ്ഞുപോയെന്ന് നതാലി കരുതുന്നു. എങ്കിലും തന്നെ വേട്ടയാടിയ ആളെ സ്വയം തേടിപ്പിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് നതാലി.

2019 ഡിസംബറിൽ നതാലി ക്ലോസ് അവധിയാഘോഷത്തിന്റെ ആലസ്യത്തിനിടയിലായിരിക്കെയാണ് സ്നാപ്ചാറ്റ് അക്കൗണ്ടിൽനിന്നും അവളെ അറിയാവുന്ന നൂറിലധികം പേർക്ക് അസാധാരണ സന്ദേശം പോയത്. നതാലിയുടെ നഗ്നചിത്രമടങ്ങിയ സന്ദേശമാണ് അവളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മുൻ കാമുകനും ഉൾപ്പെടെയുള്ളവർക്കു ലഭിച്ചത്.

ചിത്രം ലഭിച്ച ചിലർ ആവേശത്തോടെയും മറ്റുചിലർ ആശയക്കുഴപ്പത്തോടെയും പ്രതികരിച്ചു. നതാലിയുടേത് അതിരുകടന്ന തമാശയാണെന്നു പലരും വിചാരിച്ചു. എന്നാൽ അവളുടെ സുഹൃത്തുക്കളിലൊരാളായ കാറ്റി യേറ്റ്സ് മാത്രം അതു തമാശയോ അബദ്ധമായോ കണ്ടില്ല. നതാലിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും നടന്നത് സൈബർ ആക്രമണമാണെന്നും കാറ്റി തിരിച്ചറിഞ്ഞു.

അതിന് അവൾക്ക് ഒരു കാരണമുണ്ടായിരുന്നു. നതാലി പഠിക്കുന്ന ജെനീസിയോയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് കോളജിലെ സഹപാഠിയായിരുന്നു കാറ്റി യേറ്റ്സ്. കുറച്ച് മാസങ്ങൾക്ക് മുൻപ്, കാറ്റി ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന വാർത്ത പുറത്തുവന്നശേഷം, സമൂഹമാധ്യമങ്ങളിൽ ഒരാൾ അവളെ അധിക്ഷേപിക്കുന്ന സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയിരുന്നു.

ക്യാംപസിൽ തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് തോന്നിയ കാറ്റി, തന്നെ ഉപദ്രവിക്കുന്നയാളെ തിരിച്ചറിയാനുള്ള വഴികൾ അന്വേഷിക്കാൻ തുടങ്ങി. ആ മുൻ പരിചയമാണ് തന്റെ പ്രിയസുഹൃത്തിന് സംഭവിച്ചത് ഓൺലൈൻ ആക്രമണമാണെന്ന് തിരിച്ചറിയാൻ കാറ്റിയെ സഹായിച്ചത്. സഹായം അഭ്യർഥിച്ച് നതാലി എത്തിയപ്പോൾ, ആ രണ്ടു സുഹൃത്തുക്കളും ഒന്നിച്ചു.

സിനിമയിലെ രംഗം പോലെയായിരുന്നു അതെന്ന് നതാലി ഓർമിക്കുന്നു. സംഭവത്തെ തുടർന്നു കടുത്ത മാനസിക സമ്മർദത്തിലായിരുന്നു നതാലി ക്ലോസ്. നഗ്നചിത്രങ്ങൾ അയച്ചയാളെ തേടിയുള്ള അന്വേഷണത്തിനു മുൻപ് കാറ്റി ആദ്യം ചെയ്തത് നതാലിയുടെ മുറിയിൽനിന്നു കത്രികയും ബ്ലേഡുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ‌ നീക്കം ചെയ്യുകയാണ്. നതാലിയുടെ പക്കൽനിന്ന് കയ്യബദ്ധം ഉണ്ടാകരുതെന്നു കാറ്റിക്കു നിർബന്ധമായിരുന്നു.

‘സെക്‌സ്‌റ്റോർഷൻ’ (Sextortion) എന്നാണ് ഇത്തരം ഓൺലൈൻ ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നത്. ഇരയുടെ സ്വകാര്യചിത്രങ്ങളോ സന്ദേങ്ങളോ ആയിരിക്കും ബ്ലാക്മെയിലിന് ഉപയോഗിക്കുക. പല സെക്‌സ്‌റ്റോർഷൻ കേസുകളും ആരംഭിക്കുന്നത് ഡേറ്റിങ് ആപ്പുകളിൽ നിന്നാണ്. എന്നാൽ നതാലിയുടെ കാര്യത്തിൽ സ്നാപ്ചാറ്റ് ആയിരുന്നു വില്ലൻ.

സ്നാപ്ചാറ്റിന്റെ ജീവനക്കാരനായി ചമഞ്ഞാണ് ഹാക്കർ നതാലിയുടെ അക്കൗണ്ടിൽ കയറിപ്പറ്റിയത്. നതാലിയുടെ അക്കൗണ്ടിൽ ലംഘനം നടന്നെന്നു പറഞ്ഞ് ബന്ധപ്പെട്ട ഇയാൾ, അക്കൗണ്ടിൽ കയറാൻ അനുവദിക്കുന്ന കോഡ് നതാലിയിൽനിന്നു സംഘടിപ്പിച്ചു. ഇതിനുശേഷം നതാലിക്ക് തന്റെ അക്കൗണ്ടിൽ കയറാൻ സാധിക്കാത്ത അവസ്ഥയായി.

‘മൈ ഐസ് ഒൺലി’ എന്ന ഫോൾഡറിൽ നതാലി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഹാക്കർ പ്രചരിപ്പിച്ചത്. സംഭവം ആദ്യം ക്യാംപസ് പൊലീസിനെയാണ് നതാലി അറിയിച്ചത്. എന്നാൽ താൻ എന്തോ തെറ്റ് ചെയ്തതു പോലെയായിരുന്നു അവരുടെ സംസാരമെന്ന് നതാലി പറയുന്നു. പിന്നീട് ജെനെസിയോ ടൗൺ പൊലീസിനെ അറിയിച്ചെങ്കിലും യൂണിവേഴ്‌സിറ്റി പൊലീസിനെ സമീപിക്കാനായിരുന്നു നിർദേശം.

ഇതോടെ കാറ്റിയുടെ സഹായത്തോടെ നതാലി ഒരു പദ്ധതി ആവിഷ്കരിച്ചു. നഗ്നചിത്രങ്ങൾ പങ്കിടാൻ ഉണ്ടെന്നും ലിങ്ക് ഒപ്പം അയയ്ക്കുന്നതായും സൂചിപ്പിച്ച് ഒരു യുആർഎൽ നതാലിക്ക് കാറ്റി അയച്ചു കൊടുത്തു. അശ്ലീലസൈറ്റ് പോലെ തോന്നിക്കുന്ന ആ യുആർഎൽ, യഥാർഥത്തിൽ ഗ്രാബിഫൈ ഐപി ലോഗർ എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് അതിൽ ക്ലിക്ക് ചെയ്യുന്ന എല്ലാവരുടെയും ഐപി വിലാസം ശേഖരിക്കുന്നതായിരുന്നു.

ബുദ്ധിമാനായ ഹാക്കർക്ക് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് ഈ പദ്ധതി പൊളിക്കാം. എന്നാൽ ഈ കുടുക്കിൽനിന്നു രക്ഷപ്പെടാൻ നതാലിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ഹാക്കർക്കു സാധിച്ചില്ല. ഐപി വിവരങ്ങൾ ശേഖരിക്കുന്നതിനു പുറമേ, ലിങ്കിൽ‌ ക്ലിക്ക് െചയ്യുന്നവരെ ഒരു വിക്കിപീഡിയ പേജിലേക്കാണ് ഇരുവരും എത്തിച്ചിരുന്നത്.

ഒരു ദിവസം സംശയാസ്പദമായ അക്കൗണ്ടിൽനിന്നു ഒരു മെസേജ് ഇരുവർക്കും ലഭിച്ചു. ഉടൻ തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. അന്വേഷിക്കുന്നയാൾ മാൻഹട്ടനിലാണെന്നും വിപിഎൻ ഇല്ലാതെ ഐഫോൺ ഉപയോഗിക്കുന്നുണ്ടെന്നും മനസ്സിലാക്കി. ദിവസങ്ങൾക്ക് ശേഷം, നതാലി ക്യാംപസ് പൊലീസിനെ വിവരം അറിയിക്കുകയും വിശദാംശങ്ങൾ കൈമാറുകയും ചെയ്തു. ഇവർ ഇതു പിന്നീട് ന്യൂയോർക്ക് സ്റ്റേറ്റ് ലോ എൻഫോഴ്‌സ്‌മെന്റിനും അവിടെനിന്ന് എഫ്ബിഐക്കും കൈമാറി. ഇതാണ് കുറ്റവാളിയുടെ അറസ്റ്റിലേക്കു നയിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close