INSIGHTKERALANEWS

ഒരുതരത്തിലും മുന്നോട്ടു പോവില്ലെന്നു കണ്ടാൽ ധൈര്യമായി നോ പറയാം; ബന്ധങ്ങളിൽ നോ പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…!

ഈ ബന്ധത്തിൽ എനിക്കിനി തുടരാൻ ആവില്ല എന്ന വാക്കിന്റെ പേരിൽ പെൺകുട്ടികളെ ചുട്ടുകൊല്ലാനോ കുത്തിക്കൊല്ലാനോ മടിയില്ലാത്ത തലമുറയുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്ന കാലമാണ്. സൗഹൃദത്തിലും പ്രണയത്തിലും ഒരു ഇടവേള എടുക്കുന്നതോ അല്ലെങ്കിൽ അതിനൊരു അന്ത്യം കുറിക്കുന്നതോ വളരെ സാധാരണമാണ്. ബന്ധം ഇനി ഒരുതരത്തിലും മുന്നോട്ടു പോവില്ലെന്നു കണ്ടാൽ ധൈര്യമായി നോ പറയാം. വേർപിരിയൽ തീർച്ചയായും വേദനാജനകമാണ്. പരസ്പരം ആഴത്തിലുള്ള മുറിവുണ്ടാക്കാതെ, ചെളിവാരിയെറിയാതെ മാന്യമായി പിരിയാം, ശാന്തമായൊഴുകുന്ന പുഴപോലെ.

ആദ്യകാഴ്ചയിൽ പ്രണയബദ്ധരായവർ അല്ലെങ്കിൽ സൗഹൃദത്തിലായവർ വളരെ അടുത്തിടപഴകിക്കഴിഞ്ഞാകും പരസ്പരം ഒട്ടും യോജിച്ചു പോകാൻ കഴിയാത്ത സ്വഭാവമാണെന്ന് തിരിച്ചറിയുന്നത്. ഇത്രനാളും അടുത്തു പെരുമാറിയ ബന്ധം മറന്ന് മറ്റുള്ളവരോട് കുറ്റം പറഞ്ഞു നടക്കാതെ പരസ്പരം പിരിയാം. പെരുമാറ്റത്തിൽ ഒട്ടും തന്നെ ചേർച്ചയില്ലാത്തതിനാൽ വഴക്കിട്ട് പിരിയുന്നതിനേക്കാൾ നല്ലത് പിരിയുന്നതാണെന്ന് തുറന്നു പറഞ്ഞുകൊണ്ടു തന്നെ ആ പ്രണയം അല്ലെങ്കിൽ സൗഹൃദം അവസാനിപ്പിക്കാം. ഈ ബന്ധം ഇനി തുടരാൻ പറ്റില്ല എന്നു തന്നെ പറയാം.

ചിലയാളുകളുണ്ട്, ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുനാൾ പ്രണയത്തിൽനിന്നും സൗഹൃദത്തിൽനിന്നും ഇറങ്ങിപ്പൊയ്ക്കളയും. അപ്പുറത്തു നിൽക്കുന്നയാളിന് അതു വലിയൊരു മാനസികാഘാതമായിരിക്കും നൽകുക. ഒരിക്കലും അങ്ങനെ ചെയ്യരുത്. തുടരാൻ സാധിക്കാത്തതിന്റെ കൃത്യമായ കാരണം പറഞ്ഞു മനസ്സിലാക്കിയ ശേഷം മാത്രം ബന്ധം അവസാനിപ്പിക്കുക. അത് സൗഹൃദമാകട്ടെ, പ്രണയമാകട്ടെ. പറ്റില്ല എന്നു പറയാൻ തന്റേടം മാത്രം പോരാ, മനസ്സും കൂടി വേണം.

ബന്ധം തുടങ്ങുമ്പോൾ പൂച്ചയെ പോലെ പതുങ്ങുകയും മാനസികമായുള്ള അടുപ്പം കൂടുമ്പോൾ അമിത സ്വാതന്ത്ര്യം കാട്ടുകയും ചെയ്താൽ നോ എന്ന വാക്ക് തെല്ലുറക്കെത്തന്നെ പറയാം. ഭരിക്കാൻ വരുന്നത് എനിക്കിഷ്ടമല്ല എന്ന് നിലപാടുകൾ കൊണ്ട് വ്യക്തമാക്കണം. ടോക്സിക് ആണെന്ന് തിരിച്ചറിഞ്ഞാൽ നോ പറയുന്നതിനൊപ്പം സമൂഹത്തിന്റെയും നിയമത്തിന്റെയും സഹായം കൂടി ഉറപ്പു വരുത്താം. അപ്പുറത്തു നിൽക്കുന്നത് അക്രമ സ്വഭാവം കാട്ടുന്നയാളാണെങ്കിൽ സ്വയരക്ഷയ്ക്ക് മുൻകരുതലെടുക്കാം.

ജോലിയെ, ദൈനംദിന ജീവിതത്തെ, പ്രിയപ്പെട്ട ആളുകളെ ഒക്കെ ബാധിക്കുന്ന തരത്തിലുള്ള ബന്ധങ്ങളിൽനിന്ന് വേഗം രക്ഷപ്പെടാൻ ശ്രമിക്കണം. ഒരു വ്യക്തിയെ തകർക്കാൻ പോന്ന മാനസിക സമ്മർദ്ദം ആ ബന്ധം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനോട് നോ പറയാൻ ഒരു മടിയും വിചാരിക്കേണ്ട കാര്യമില്ല. സന്തോഷമെന്നത് ആ ഒരാൾ മാത്രമല്ല എന്ന് കൃത്യമായി അയാളെ പറഞ്ഞ് ബോധ്യപ്പെടുത്തണം.

പ്രണയം, സൗഹൃദം എന്തുമായിക്കൊള്ളട്ടെ എപ്പോഴും ഒരാൾ തന്നെ സമ്മാനങ്ങൾ നൽകുന്ന, വിട്ടുവീഴ്ച ചെയ്യുന്ന തരത്തിലാണ് ആ ബന്ധം തുടരുന്നതെങ്കിൽ അതിനോട് നോ പറയാൻ കാലതാമസം വരുത്തേണ്ടതില്ല. സ്നേഹം പരസ്പരം കൊണ്ടും കൊടുത്തും അനുഭവിക്കാനുള്ള വികാരമാണ്. അതിൽ എന്നും ഒരാൾ തന്നെ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ല.

നിങ്ങളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സം വരുന്ന രീതിയിൽ, നിങ്ങളെ നിങ്ങളായി അംഗീകരിക്കാൻ അനുവദിക്കാത്ത രീതിയിൽ പെരുമാറുന്ന ആളുകളുമായുള്ള ബന്ധത്തോട് നോ പറയാം.

നിങ്ങൾക്ക് എന്തൊക്കെ മേന്മകളുണ്ടെങ്കിലും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ, പോരായ്മകളെക്കുറിച്ച് മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കുന്ന സുഹൃത്തുക്കളോ പ്രണയിതാക്കളോ ഉണ്ടെങ്കിൽ അവരോട് നോ പറയാം. കഴിവുകളെ അംഗീകരിക്കുന്ന കുറവുകളെ പരിഹസിക്കാത്ത ആളുകളെ ഒപ്പം കൂട്ടാം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close