KERALANEWS

കുണ്ടറ പോലീസിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്; രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം

കൊല്ലം: കമ്മീഷൻ നേരിട്ട് നൽകിയ ഉത്തരവ് നടപ്പാക്കുന്നതിൽ കുണ്ടറ പോലീസ് കാണിച്ച ജാഗ്രതക്കുറവിനെയും അലസ മനോഭാവത്തെയും കുറിച്ച്‌ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.


കൊല്ലം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.

വീട് നിർമാണത്തിന് 2,95,000 രൂപയുടെ കരാർ ഒപ്പിട്ട ശേഷം 1,40,000 രൂപ മാത്രം നൽകിയതിനെതിരെ കേരളപുരം സ്വദേശിനി ശ്രീദേവി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ശ്രീദേവിയുടെ ഭർത്താവിനെ കേരളപുരം സ്വദേശികളായ ബി. ജ്യോതിർനിവാസും ഗീതയും ചേർന്ന് പണം കുറച്ചു നൽകി വഞ്ചിച്ചെന്നാണ് പരാതി. കമ്മീഷൻ സിറ്റിങിൽ 2021 മേയ് 17ന് മുമ്പ് തർക്കത്തിൽ തീർപ്പുണ്ടാക്കാമെന്ന് കുണ്ടറ എസ്‌ഐ ഷാജഹാൻ പരാതിക്കാരിക്ക് ഉറപ്പു നൽകിയിരുന്നു.

2021 ഓഗസ്റ്റ് 10ന് കൊല്ലത്ത് നടന്ന സിറ്റിങിൽ കുണ്ടറ എസ്‌എച്ച്‌ഒ ഹാജരായെങ്കിലും കമ്മീഷൻ ഉത്തരവിന്മേൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷൻ മനസ്സിലാക്കി. ഒക്ടോബറിലെ സിറ്റിങിന് മുമ്പ് പരാതിയിൽ തീർപ്പുണ്ടാക്കണമെന്ന് കമ്മീഷൻ എസ്‌എച്ച്‌ഒക്ക് നിർദേശം നൽകി. കടുത്ത അവഹേളനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ക്യാമ്പ് സിറ്റിങുകളിൽ നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കുന്നത് മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു. ഇങ്ങനെ സംഭവിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർബന്ധിതമാവുമെന്നും ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് കുണ്ടറ പോലീസിന്റെ കൃത്യവിലോപത്തെ കുറിച്ച്‌ അന്വേഷിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close