INDIANEWS

വൈറൽ വീഡിയോയിൽ ഭർത്താവിന്റെ പീഡനത്തിനിരയായ യുവതി മരിച്ചതായി പൊലിസ്; സ്ത്രീധന പീഡനത്തിന് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്; പ്രതികൾ ഒളിവിൽ

ലഖ്നൗ: അടുത്തിടെ പുറത്തുവന്ന വീഡിയോയിൽ, ഭർത്താവിന്റെ ക്രൂര പീഡനത്തിനിരയാകുന്ന യുവതി മരിച്ചതായി പൊലിസ്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഭർത്താവ് യുവതിയെ മർദ്ദിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ സംഭവമാണ് വീഡിയോയിലൂടെ പുറത്തുവന്നതെന്ന് പൊലിസ് പറഞ്ഞു. അതിന് ശേഷവും യുവതിക്ക് ഭർതാവിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നുവെന്നും തുടർന്ന് യുവതി മരിച്ചുവെന്നുമാണ് പൊലിസ് പറയുന്നത്.

ഭർത്താവ് ഹാഷിമിനും അയാളുടെ കുടുംബക്കാർക്കുമെതിരെ പൊലിസ് സ്ത്രീധന പീഡന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മരണം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെ പ്രതികളിൽ ഒരാൾ പോലും അറസ്റ്റിലായിട്ടില്ല. പ്രതികളായ ഭർതാവും അയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണ്.

ക്രൂര പീഡനത്തിനിടയിൽ അമ്മയെ വിളിച്ച്‌ കരയുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. യുവതിയുടെ വായിലൂടെ ചോരയൊഴുകുന്നത് വീഡിയോയിൽ കാണാം. പുറത്തുവന്ന മറ്റൊരു വീഡിയോയിൽ, വായിൽ പഞ്ഞി തിരുകിയ നിലയിൽ കട്ടിലിൽ കിടക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണുള്ളത്. യുവതിയുടെ വായിലേയ്ക്ക് മറ്റൊരു സ്ത്രീ വെള്ളം ഒഴിച്ചുകൊടുക്കുന്നതും ‘അവളെ ഇങ്ങനെ തല്ലരുതെ’ന്ന് മറ്റൊരു സ്ത്രീ പറയുന്നതും ഈ വീഡിയോയിലുണ്ട്.

ഈ ദൃശ്യങ്ങൾ ആരാണ് മൊബൈലിൽ പകർത്തിയതെന്ന് വ്യക്തമല്ല. എന്നാൽ ഈ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് മരിച്ച യുവതിയുടെ സഹോദരിയാണ്. ആദ്യ മർദന വീഡിയോ യുവതിയുടെ ബന്ധുവിന്റെ വീട്ടിൽ വെച്ച്‌ എടുത്തതാണെന്ന് ബുലന്ദ് ശഹർ പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close