INDIANEWS

മദ്യം കലര്‍ത്തി ഐസ്ക്രീം വിറ്റു; കോയമ്പത്തൂരില്‍ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു

ഭക്ഷണത്തിന്റെ ശുചിത്വം പാലിക്കാത്തതിനും മദ്യം ചേർത്ത ഐസ്ക്രീം വിറ്റതിനും കോയമ്പത്തൂർ ജില്ലയിലെ അവിനാശ് റോഡിലെ ലക്ഷ്മി മിൽസില കഫേ ഭക്ഷ്യ സുരക്ഷാ അധികൃതർ പൂട്ടി. കഫേയിൽ മദ്യക്കുപ്പികൾ സൂക്ഷിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ‘റോളിങ് ഡൗ’ എന്ന കഫേയിലെത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കൊടുവിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെ നിന്ന് വിസ്കിയുടെയും ബ്രാണ്ടിയുടെയും കുപ്പികളും പിടിച്ചെടുത്തു. ഐസ്‌ക്രീമിൽ ചേർക്കുന്നതിനായി സൂക്ഷിച്ച മദ്യമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കിയിരുന്നതെന്നും കഫേ മുഴുവൻ ഈച്ചകളും കൊതുകുകളും കൊണ്ട് നിറഞ്ഞിരുന്നുവെന്നും പരിശോധനയ്ക്ക് ശേഷം അധികൃതർ വെളിപ്പെടുത്തി. വിശദമായ അന്വേഷണത്തിന് ശേഷം കഫേ അടച്ചുപൂട്ടാനും അതിന്റെ ലൈസൻസ് റദ്ദാക്കാനും ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ജോലിസമയത്ത് ജീവനക്കാർ ആരും ഹെയർ ക്യാപ്പുകളോ ഗ്ലൗസോ ഫെയ്‌സ് മാസ്‌ക്കുകളോ ധരിച്ചിരുന്നില്ലെന്നും ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഫേ പൂട്ടാനുണ്ടായ എട്ട് കാരണങ്ങളും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഫേയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ കൈവശം കൃത്യമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്നും അധികൃതർ കണ്ടെത്തി. മധുരപലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ മദ്യം ചേർക്കാറുണ്ടായിരുന്നതായി ജീവനക്കാർ സമ്മതിച്ചെന്ന് കോയമ്പത്തൂരിലെ ഹെൽത്ത് ഓഫീസർ കെ തമിഴ് സെൽവൻ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. “മദ്യം ഉപയോഗിക്കണമെങ്കിൽ അവർക്ക് മുൻ‌കൂർ ലൈസൻസും അനുമതിയും ലഭിക്കേണ്ടതുണ്ട്. എന്നാൽ, അവർക്ക് അനുമതി ലഭിച്ചിട്ടില്ല. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. അടുക്കളയിൽ ആവശ്യത്തിന് സ്ഥലവും ഇല്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. പരിശോധനയ്ക്കായി മധുര പലഹാരങ്ങളുടെയും മദ്യക്കുപ്പികളുടെയും സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close