KERALANEWS

ഇടമലക്കുടിയിൽ കൊവിഡ്; യാത്രക്ക് മുൻപും ശേഷവും ആർടി പിസിആർ പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നുവെന്ന് സുജിത്ത് ഭക്തൻ; അടിയന്തര നടപടിയുമായി ആരോ​ഗ്യവകുപ്പ്

ഇടുക്കി: കൊവിഡ് കേസുകൾ പല രാജ്യങ്ങളിലും വർധിച്ചു കൊണ്ടിരിക്കുകയാണ്.അപ്പോഴും കൊറോണയ്ക്ക് ഒന്ന് എത്തിനോക്കാൻ സാധിക്കാത്ത വിധം അകലത്തിൽ കഴിഞ്ഞിരുന്ന ചില ഇടങ്ങൾ കേരളത്തിലുമുണ്ട്.ഒന്നരവർഷമായി ഒരു കൊവിഡ് കേസ് പോലുമില്ലാതിരുന്ന ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. കുടികളിൽ നേരിട്ടെത്തിൽ ആദിവാസികൾക്കിടയിൽ പരിശോധനകൾ നടത്താനാണ് ആരോഗ്യവകുപ്പിൻറെ തീരുമാനം. കാലവർഷം അടുത്തുനിൽക്കെ ദുർഘടമായ വഴികളിലൂടെ കുടികളിലെത്തുക സാഹസികമാണെങ്കിലും രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം ആദിവാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് പ്രത്യേക സംഘം കുടിയിലേക്ക് തിരിക്കുന്നത്.

മൂന്നാർ പോലീസിൻറെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും കുടികളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ഇതിനിടെ അന്യർക്ക് പ്രവേശനം ഇല്ലാതിരുന്ന ഇവിടെ ഇടുക്കി എം പി ഡീൻ കുര്യാക്കോസിൻറെയും ബ്ലോഗർ സുജിത് ഭക്തൻറെയും സന്ദർശനം വിവാദമാക്കുകയാണ് എൽഡിഎഫിൻറെ യുവജന സംഘടനകൾ. സമൂഹമാധ്യമങ്ങളിൽ സംഘത്തിനെതിരെ രൂക്ഷവിമർശനമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്. ഇന്ന് ഡി വൈ എഫ് ഐ – എ ഐ വൈ എഫിൻറെ നേതൃത്വത്തിൽ മൂന്നാറിൽ പ്രതിഷേധ പ്രകടനവും സംഘടനകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒന്നര വർഷമായി കൊവിഡിനെ സ്വയം പ്രതിരോധിച്ച ഇടമലക്കുടിയിൽ രോഗം എത്തിച്ചത് എം പിയോടൊപ്പമെത്തിയ സംഘമാണെന്നുള്ള ക്യാംപെയ്നും പ്രവർത്തകർ നടത്തുന്നുണ്ട്.

ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ മാത്രമാണ് എത്തിയിരുന്നത്. ഇതിനിടയിലാണ് സ്കൂളിൽ പഠനോപകരണങ്ങൾ എത്തിക്കാനായി എത്തിയ എംപിയോടൊപ്പം ബ്ലോഗർ സുജിത് ഭക്തനും മറ്റ് ആളുകളും ഇവിടേക്ക് എത്തിയത്.

എന്നാൽ ഇതിന് പിന്നാലെ പ്രതികരണവുമായി വ്ലോഗർ സുജിത് ഭക്തൻ രം​ഗത്തെത്തിയിട്ടുണ്ട്. ഇടമലക്കുടിയിൽ കൊവിഡ് കൊണ്ടുവന്നു കൊടുത്തത് തങ്ങളല്ലെന്നും മാസ്ക് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് പോയതെന്നും സുജിത് ഭക്തൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് എംപിയ്ക്ക് ഒപ്പമുള്ള വിവാദമായ ഇടമലക്കുടി യാത്രയുടെ സാഹചര്യത്തിലായിരുന്നു സുജിത് ഭക്തൻ്റെ പ്രതികരണം.ആരോഗ്യവകുപ്പ് സംഭവത്തിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഇടമലക്കുടിയിൽ പോയി വന്ന തങ്ങളുടെ സംഘത്തിലെ ആർക്കും കൊവിഡ് ബാധിച്ചിരുന്നില്ലെന്ന് സുജിത് ഭക്തൻ പറഞ്ഞു. യാത്രയ്ക്ക് മുൻപും ശേഷവും ആർടി പിസിആർ പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നു. തങ്ങൾക്കു പുറമെ പലരും ഇടമലക്കുടിയിലേയ്ക്ക് വരുന്നുണ്ട്. സാധനങ്ങൾ കൊണ്ടുവരാനും മറ്റും നിരവധി പേർ വരുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. എന്നാൽ സുജിത് ഭക്തനും ഡീൻ കുര്യാക്കോസും പോയത് ആ വീഡിയോ പുറത്തെത്തിയതു കൊണ്ട് മാത്രമാണ് എല്ലാവരും അറിഞ്ഞതെന്നും സുജിത് അഭിപ്രായപ്പെട്ടു.

ഒരു വ്ലോഗർ എന്ന നിലയിൽ മാത്രമല്ല, സ്വതന്ത്ര മാധ്യമപ്രവർത്തകൻ എന്ന നിലയിലാണ് താൻ ഇടമലക്കുടിയിൽ പോയത്. മാധ്യമങ്ങൾക്ക് ഉള്ളതുപോലെ തനിക്കും സാമ്പത്തിക താത്പര്യങ്ങളുണ്ട്. എന്നാൽ തങ്ങളാരും ഇടമലക്കുടിയിൽ കൊവിഡ് കൊടുത്തിട്ടില്ലെന്നും അങ്ങനെ ആരോപിക്കുന്നതു ശരിയല്ലെന്നും സുജിത് ഭക്തൻ പറഞ്ഞു.തന്നെ സ്ഥലം എംപി ക്ഷണിച്ചിട്ടാണ് ഒപ്പം പോയതെന്ന് ആവർത്തിച്ച സുജിത് ഭക്തൻ അന്വേഷണത്തിൻ്റെ ഭാഗമായി ആരോഗ്യവകുപ്പിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close