
എ ചന്ദ്രശേഖർ
പനാജി: എട്ടുദിവസത്തെ സിനിമാഘോഷം കഴിഞ്ഞ് ഇന്ന് ഗോവയിലെ മാണ്ഡവീ തീരത്തെ 52-ാമത് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളപ്പറമ്പിനോട് വിട പറയുമ്പോള്‍, ഗൗരവത്തോടെ സിനിമ കാണാനെത്തിയവര്‍ക്ക് നിരാശ ബാക്കി. സൗഹൃദം ലഹരിയാക്കാന്‍ വന്നണഞ്ഞവര്ക്ക് പതിവിലുപരി ഗോവയുടെ കാര്‍ണിവല്‍ ലഹരിയാഘോഷിക്കാനുമായി.
പതിനേഴു വര്‍ഷം മുമ്പ് ഗോവ രാജ്യാന്തരമേളയുടെ സ്ഥിരം വേദിയായതുമുതല്ക്ക് അന്നോളമുണ്ടായതിനേക്കാള് ഹിന്ദി മുഖ്യധാരാ സിനിമാവ്യവസായത്തിന്റെ സ്വാധീനവും സാന്നിദ്ധ്യവുമാണ് ചലച്ചിത്രമേളയ്ക്ക് മുന്നിലും പിന്നിലും കണ്ടുവന്നിട്ടുള്ളത്. രാജ്യാന്തര ചലച്ചിത്രമേളയുടെ സ്ഥാപകലക്ഷ്യങ്ങളില്‍ നിന്നു തന്നെ വഴിമാറി നടക്കുന്ന പളപ്പിന്റെയും പത്രാസിന്റെയും ചുവപ്പുപരവതാനിപ്രകടനങ്ങള്ക്ക് പിന്നീട് മേളപ്പറമ്പ് തുടര്‍ച്ചയായി വേദിയായി. മേളയെന്നത് പൂരമായി മാറുന്ന കാഴ്ചകളാണ് പിന്നീടു ലോകം കണ്ടത്. പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ നിലവാരത്തിലോ അവ പ്രദര്‍ശിപ്പിക്കുന്നതില്‍ രാജ്യാന്തരമേളകളില്‍ പുലര്‍ത്തേണ്ടുന്ന, സമയകൃത്യത, തീയറ്റര്‍ ചാര്ട്ടിങിലെ വസ്തുനിഷ്ഠത, പ്രതിനിധികളോടുള്ള തീയറ്റര്‍ ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാനസൗകര്യലഭ്യത തുടങ്ങിയവയിലൊന്നും യാതൊരു നിഷ്കര്‍ഷയും പുലര്‍ത്താതെ, പുറം മോടിയുടെ പൊടിപൊടിക്കലായിരുന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി മേളയുടെ സഹസംഘാടകരായി പ്രവര്‍ത്തിക്കുന്ന എന്ര്ടെയ്ന്മെന്റ് സൊസൈറ്റി ഓഫ് ഗോവയുടെ ഇടപെടലുകളിലൂടെ കൈവന്നത്. ഇത്തവണ ഗോവയില്‍ കണ്ടത് അതിന്റെ പരകാഷ്ടയും.
ചലച്ചിത്രമേള തുടങ്ങി അഞ്ചാം ദിവസവും പൂരനഗരിയില്‍ പൂര്ത്തിയായിക്കൊണ്ടേയിരുന്ന ഹോര്‍ഡിങ്ങുകളും എടുപ്പുകളും പ്രതിഷ്ഠാപനങ്ങളും. കോടികള്‍ ചെലവഴിച്ച് മേളയുടെ പ്രചരണാര്‍ത്ഥം വിമാനത്താവളം മുതല്‍ ഗോവന്‍ നഗരയുടെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ത്തിയ കമാനങ്ങളും പ്രതിഷ്ഠാപനങ്ങളും. മേള എന്തെന്നറിയാത്ത ഗോവക്കാര്ക്കുപോലും സെല്‍ഫി പോയിന്റുകളായി ഇവ മാറിയെന്നതു സത്യം. പക്ഷേ അതിലപ്പുറം ചലച്ചിത്രമേളയുടെ സന്ദേശം, അതുയര്‍ത്തിപ്പിടിക്കുന്ന ദാര്‍ശനികത സാധാരണക്കാരിലേക്കെത്തിക്കാന്‍ മാരിക്കാലത്തും കോരിച്ചൊരിഞ്ഞു ചെലവിട്ട ഈ പ്രയത്നങ്ങള്‍ക്ക് എത്രത്തോളമായി എന്നത് അന്വേഷിക്കേണ്ട വിഷയം. അക്വിനോസ് പാലസ് എന്ന ഗോവ എന്റര്ടെയ്ന്മെന്റ് സൊസൈറ്റി ആസ്ഥാനത്തിനു തൊട്ടടുത്തുള്ള പീടികക്കാരന് മേളയ്ക്കെത്തിയ മലയാളി പ്രതിനിധികളോട് നിഷ്കളങ്കം ചോദിച്ചൊരു ചോദ്യം മാത്രം മതി ഇക്കാര്യം വെളിവാക്കാന്‍. എന്താ ചലച്ചിത്രമേളയില്‍ മലയാള സിനിമകളുണ്ടോ? അതു കാണാനാണോ നിങ്ങള്‍ വന്നത് എന്ന കടക്കാരന്റെ ചോദ്യം മേളയെക്കുറിച്ചുള്ള ധാരണ സാധാരണക്കാരനിലേക്കെത്തിക്കുന്നതില് സംഘാടകര്‍ക്ക് എത്രത്തോളം വീഴ്ച പറ്റി എന്നതിന് ഉത്തമോദാഹരണമാണ്.
വേദിക്കു പുറത്തെ വര്ണപ്പകിട്ടാര്ന്ന ഇതര കാഴ്ചകള്‍ക്കും ആഘോഷങ്ങള്‍ക്കും ഗ്ളാമര്‍ സന്ദര്‍ശനങ്ങള്‍ക്കും കൊട്ടിപ്പാടിസേവകള്ക്കുമൊന്നും യാതൊരു പഞ്ഞവുമുണ്ടായില്ലെന്നു മാത്രമല്ല, ഒരുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്നതായതുകൊണ്ട് അല്പം കൂടി വര്‍ണാഭ കൂടിയെങ്കിലേ ഉള്ളൂ ഇക്കുറി. എന്നാല്‍, സിനിമകളുടെ തെരഞ്ഞെടുപ്പില്‍, പങ്കാളിത്തത്തില്‍, എണ്ണത്തില്‍ ഒരുപക്ഷേ അടുത്തകാലത്ത് നടന്ന ഏറ്റവും ശുഷ്കമായ ചലച്ചിതമേളയായിരിക്കുമിത്.വര്‍ഷങ്ങളായി ചലച്ചിത്രമേളയുടെ സംഘാടനം നിര്‍വഹിച്ചുപോരുന്ന ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സിന്റെ ഒരു പക്ഷേ അവസാനത്തെ ചലച്ചിത്രമേളകൂടിയായിരിക്കാമിത്. കാരണം ഡിഎഫ്എഫിനെ നാഷനല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്റെ ഭാഗമാക്കി ലയിപ്പിച്ചുകഴിഞ്ഞു കേന്ദ്രസര്‍ക്കാര്‍.സ്വാഭാവികമായി എന്‍എഫ്ഡിസിയുടെ രീതി എന്തായിരിക്കുമെന്നറിയാത്തതിന്റെ ആശയക്കുഴപ്പം ഡിഎഫ്എഫിനെ സ്വാധീനിച്ചിട്ടുണ്ടായിരിക്കാം. അതിലും പ്രധാനമായി, ചലച്ചിത്രവിദഗ്ധരും പഠിതാക്കളും ചൂണ്ടിക്കാണിക്കുന്നത് ഒ.ടി.ടി.എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡിജിറ്റല്‍ ദൃശ്യമാധ്യമ കോര്‍പറേറ്റുകളുടെ സ്വാധീനസാന്നിദ്ധ്യമാണ്.
ഇത്തവണ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങ് തത്സയം സംപ്രേഷണം ചെയ്തത് സോണി ലൈവ് സ്ട്രീമിങ് പ്ളാറ്റ്ഫോമിലൂടെയാണ്. മുമ്പ് ദൂരദര്‍ശന്റെ ദേശീയ സംപ്രേഷണമായിരുന്നു. ഉദ്ഘാടനച്ചടങ്ങളുടെ ടൈറ്റില്‍ സ്പോണ്സര്മാരില് ഒരാള്‍ ആമസോണ്‍ പ്രൈം ആയിരുന്നു. നെറ്റ്ഫ്ളിക്സ് അടക്കം അഞ്ചു പ്രധാന ഡിജിറ്റല്‍ കോര്‍പറേറ്റുകളാണ് ഇത്തവണ മേളയുടെ സംഘാടനത്തില്‍ നിര്ണായകഭാഗധേയം നിര്‍വഹിച്ചത്. അവരൊക്കെ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്രമാത്രം പണമൊഴുക്കിയത് ഇന്ത്യന്‍ സിനിമയേയോ ചലച്ചിത്രമേളയോ പരിപോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് മിത്രങ്ങള്‍ പോലും പറയുമെന്നു തോന്നുന്നില്ല.
അവരുടെ കണ്ണ് ഇന്ത്യ എന്ന മഹാവിപണിയിലാണ്. അവിടെ അമിതഫലം നല്കുന്ന കാഴ്ചകളുടെ അന്തകവിത്തുകള്‍ വിതറാനും അവയ്ക്ക് സ്വാര്‍ത്ഥ താല്പര്യചത്തിന്റെ രാസവളം ചേര്‍ത്ത് കൃഷിയിറക്കാനുമാണ് അവര്‍ ഉദ്യമിക്കുക.അതു സ്വാഭാവികം. കാന്‍ ചലച്ചിത്രമേളയില്‍ പോലും ഇത്തരം ഹൈടെക്ക് കൃഷിയുടെ പരിണതഫലം സിനിമാപ്രേമികള്‍ കണ്ടതാണ്. അനിവാര്യവും അനിഷേധ്യവുമായ ആ സ്വാധീനത്തിന്റെ പ്രതിഫലനമായിക്കൂടി വേണമെങ്കില്‍ ഇത്തവണത്തെ മേളച്ചിത്രങ്ങളുടെ പാക്കേജിങ്ങിനെ നോക്കിക്കാണാമെന്നാണ് ഡോ.സി.എസ്. വെങ്കിടേശ്വരന്, പ്രേംചന്ദ്, വിജകൃഷ്ണന് തുടങ്ങിയ ചലച്ചിത്രവിദഗ്ധര് അഭിപ്രായപ്പെട്ടത് എന്നു ശ്രദ്ധിക്കുക.
ബോളീവുഡ്ഡിന്റെ നീരാളിപ്പിടുത്തത്തേക്കാള് ദൂരവ്യാപകമായ ആഘാതമുണ്ടാക്കുന്നതാണ് ഒടിടികളുടെ ഇടപെടല്‍ എന്ന വസ്തുത നിഷേധിച്ചിട്ടു കാര്യമില്ല.എട്ടുദിവസത്തിനിടെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അസ്ഥിയില്പിടിച്ച ഒരു സിനിമയും തൊട്ടടുത്തു നില്ക്കുന്ന നാലു സിനിമകളുമുണ്ടെങ്കില് ഒരു ചലച്ചിത്രമേള ധന്യമായി എന്നു വിശ്വസിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഈ മേള. കാരണം അസ്ഥിയില്‍ പിടിക്കുന്ന ഒരു സിനിമ പോലും ഇക്കുറി മേളയില്‍ ഉള്‍പ്പെട്ടില്ല.ലോകസിനിമയില്‍ അത്തരമൊന്ന് പോയവര്‍ഷം ഉണ്ടായില്ല എന്നു ധരിക്കുക ബുദ്ധിമോശമാണ്. അങ്ങനെയ ഉണ്ടായ സിനിമ പലകാരണം കൊണ്ടും മേളയില്‍ എത്തപ്പെട്ടില്ല എന്നേയുള്ളൂ ആതിനര്‍ത്ഥം.
ലോകസിനിമയില്‍ വിവിധരാജ്യങ്ങളില്‍ പുതുതായി എന്തു നടക്കുന്നു എന്നതിനേക്കാള്‍ സ്മൃതിചിത്രവിഭാഗങ്ങളിലും മറ്റുമായി മുമ്പ് ഇന്ത്യയില്‍ വലിയ സ്ക്രീനില്‍ കാണാന്‍ സാധിക്കാത്ത ചില പഴയ വിദേശ ക്ളാസിക്കുകള്‍ അത്തരത്തില്‍ കാണാന്‍ സാധിച്ചതില്‍ മാത്രമാണ് സി.എസ് വെങ്കിടേശ്വരനെപ്പോലൊരു ചലച്ചിത്രനിരൂപകന്‍ പോലും ഇത്തവണത്തെ മേളയെ അംഗീകരിക്കുന്നത്. നവലോകസിനിമയെ അടുത്തറിയാന്‍ വന്നവരോട് ഇഫി ഇത്തവണ നീതി പുലര്‍ത്തിയോ എന്ന ചോദ്യം പ്രസക്തമാവുന്നതിവിടെയാണ്.
തെരഞ്ഞെടുക്കപ്പെട്ട സിനിമകളില്‍ മിക്കതും ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തക്ക നിലവാരമുളളവയായിരുന്നില്ല. പരമ്പരാഗത കച്ചവട സിനിമയുടെ രൂപഭാവങ്ങളില്‍ നിന്ന് വേറിട്ട ശൈലിയും അവതരണവുമൊക്കെ ഉണ്ടായിട്ടുണ്ടാവാമെങ്കിലും പലതും എഴുപതുകളില്‍ ഇന്ത്യന്‍സിനിമ ഉപേക്ഷിച്ചുപോയ ഇഴച്ചിലിന്റെയും മന്ദതാളത്തിന്റെയുമൊക്കെ ഘടനയിലുള്ളവയായിരുന്നു. ഫെസ്റ്റിവല്‍ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്ന്നവയാവട്ടെ ഫ്രാന്‍സിലും ജര്‍മ്മനിയിലും നിന്നുവന്നവയുമായിരുന്നു. സാധാരണ ഇന്ത്യന്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഇറാന്, ദക്ഷിണാഫ്രിക്കന്‍, കൊറിയന്‍ ചിത്രങ്ങളൊന്നും കാര്യമായി ഉണ്ടായില്ല. ഇറാനില്‍ നിന്നുള്ള സിനിമകള്‍ തന്നെ വേണ്ടത്ര ഉള്ക്കനമുണ്ടായതുമായില്ല.
രാവിലെ ഒന്പതിനു തുടങ്ങി ഒരു ദിവസം ആറു സിനിമ വരെ പ്രദര്‍ശിപ്പിച്ച കാലത്തു നിന്നാണ് 10 മണിക്കു തുടങ്ങി നാലു സിനിമ മാത്രം കാണാന്‍ സാധിക്കുന്നവിധത്തില്‍ കോവിഡിന്റെ പേരില്‍ ഇത്തവണ ഫെസ്റ്റിവല്‍ ടൈംടേബിള്‍ പുനഃക്രമീകരിച്ചത്.ഹൈബ്രിഡ് രൂപത്തില്‍ ഡിജിറ്റലായും സിനിമകള്‍ കാണാനവസരമൊരുക്കിയെങ്കിലും മത്സരവിഭാഗമടക്കമുളളവ ഓഫ് ലൈനില്‍ മാത്രമൊതുങ്ങി. കൂടൂതല്‍ ആളുകള്‍ പങ്കെടുത്തു എന്നു കാണിക്കാന്‍ മൊത്തം വേദികളുടെയും സീറ്റുകള്‍ കൂട്ടായാല് കിട്ടുന്നതിന്റെ ആറുമടങ്ങ് പാസുകള്‍ നല്‍കിയതിനെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിമര്‍ശിക്കാനാവില്ല.കാരണം ഇഫിയില്‍ ഏഴായിരമാണ് ഇത്തവണത്തെ രജിസ്ട്രേഷന് എന്നും ഇത് റെക്കോര്ഡാണെന്നുമാണ് ഗോവ മുഖ്യമന്ത്രി ഉദ്ഘാടന ദിവസം അവകാശപ്പെട്ടത്. കേരളത്തിന്റെ രാജ്യാന്തര മേളയില്‍ നാലു വര്‍ഷം മുമ്പ് പങ്കെടുത്തത് ഇതേ സംഖ്യയാണ്.
പക്ഷേ മിക്കവാറും തീയറ്ററുകളില്‍ ഷോ തുടങ്ങിയിട്ടും മിച്ചം കിടക്കുന്ന സീറ്റുകളും നിരാശരായ പ്രതിനിധികളുമുണ്ടായിട്ട് അതു പരിഹരിക്കുന്നതെങ്ങനെ എന്നു ചിന്തിക്കാത്തവരുടെ സംഘാടനപാളിച്ച വിമര്ശിക്കപ്പെടേണ്ടതുതന്നെയല്ലേ? മുന്‍വര്‍ഷത്തേതിനു തുല്യമായ താല്‍ക്കാലിക മുത്രപ്പുരകളും കുടിനീര് സംവിധാനങ്ങളും ഉണ്ടാവാത്തതും ഇത്തവണത്തെ പോരായ്മയായി. കയ്യൂക്കുള്ളവനെ കാര്യക്കാരനാക്കുന്ന ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമായിരുന്നു മറ്റൊരു പോരായ്മ. അല്പം കൂടി ഉപയോഗസൗഹൃദമായി ആ വെബ് ആപ്പിനെ വിഭാവനചെയ്യാന്‍ വേണ്ടത് സാങ്കേതികവൈദഗ്ധ്യത്തേക്കാള് ആവശ്യം തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസു മാത്രമാണ്.
ഇതൊക്കെപ്പറയുമ്പോഴും,ഇത്തരം മേളകള്‍ സൗഹൃദം പുനഃസ്ഥാപിക്കുന്നതിനുള്ള, വിശാലമാക്കുന്നതിനുള്ള, ആശയങ്ങളുടെ കൊടുക്കല്‍വാങ്ങലുകള്‍ക്കുള്ള വേദികളായി കണക്കാക്കുന്നവര്‍ക്ക് മറ്റെല്ലാ വര്‍ഷത്തേയും കാള്‍ മികച്ച അവസരമായിരുന്നു ഇക്കുറി. തീയറ്ററിനുള്ളിലേതിനേക്കാള് കാര്യങ്ങള്‍ പുറത്ത് നടന്നതും അരങ്ങേറിയതുമായ മേള. അങ്ങനെയാവും 2021ലെ രണ്ടാമത്തെ ഈ രാജ്യാന്തര ചലച്ചിത്രമേള ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെടുക.