INSIGHT

“ജനാധിപത്യത്തിന്റെ മണ്ണാണ് ഇന്ത്യ” ; ഓർമ്മ വന്ന ചില ചോദ്യങ്ങൾ

നിരഞ്ജൻ

ജനാധിപത്യം എന്നത് വാക്കുകളിൽ മാത്രം നിൽക്കേണ്ട ഒന്നാണോ? കഴിഞ്ഞ ദിവസം ജനാധിപത്യത്തിന്റെ മണ്ണാണ് ഇന്ത്യ എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതിനും രണ്ട് ദിവസങ്ങൾ മുമ്പ് അസമിൽ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്ന പോലീസ് വെടിവെപ്പിൽ ഒരു ബാലൻ ഉൾപ്പടെ രണ്ടു പേർ മരിച്ചിരുന്നു. ആധാർ കാർഡ് വാങ്ങി തിരിച്ചു വന്ന ആ ബാലൻ എന്തിന്റെ പുറത്താണ് കൊല ചെയ്യപ്പെട്ടത്?

അസമിൽ ബംഗാളി മുസ്ലിങ്ങൾ താമസിക്കുന്ന സഥലത്ത് അസം സർക്കാർ തിരക്കിട്ട് കുടിയൊഴിപ്പിക്കുകയാണ്. സർക്കാർ ഭൂമി കൈയേറിയാണ് ഇവർ താമസിക്കുന്നത് എന്നാരോപിച്ചാണ് കുടിയൊഴിപ്പിക്കൽ. ഇതിന്റെ പുറത്ത് എണ്ണൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു എന്ന് സർക്കാർ പറയുന്നു. ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കലിനെ എതിർത്ത പൗരന്മാരെയാണ് അന്ന് പോലീസ് ക്രൂരമായി വെടി വെച്ചത്. സെപ്റ്റംബർ 22 വൈകുന്നേരത്തോടെ കുടിയൊഴിയാൻ ഇവർക്ക് നിർദേശം കിട്ടുന്നു. സെപ്റ്റംബർ 23 രാവിലെ ആറു മണിയാണ് ഇവർക്ക് മാറാൻ കൊടുത്ത സമയം. അവിടെ പാർത്തിരുന്ന എൺപതു ശതമാനത്തോളം ആൾക്കാർ തങ്ങൾക്ക് പെറുക്കിയെടുക്കാവുന്നതെല്ലാം എടുത്ത് അവിടം ഒഴിഞ്ഞു. എന്നാൽ ഇതിന് പോലും അനുവദിക്കാതെ പോലീസ് ബുൾഡോസർ ഉപയോഗിച്ച് ഇവരുടെ സ്ഥലം പൊളിച്ചു. യാതൊരു പ്രകോപനവുമില്ലാത്ത മനുഷ്യരെ വെടി വെച്ചിടാൻ പോലീസിനെ നയിച്ചത് എന്താണ്?

കാർഷിക പദ്ധതികൾക്കായാണ് കുടിയൊഴിപ്പിക്കൽ നടത്തുന്നത് എന്നാണ് പറയുന്നത്. മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ തള്ളി കളഞ്ഞാണോ കാർഷിക പദ്ധതികൾ നടപ്പിലാക്കേണ്ടത്? സർക്കാർ ഭൂമിയെന്നത് മനുഷ്യരുടെ തന്നെയല്ലേ? മനുഷ്യന്റെ അടിസ്ഥാന അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥലത്ത് ജനാധിപത്യം വിളയാടുന്നുണ്ടോ? ജനങ്ങളുടെ ക്ഷേമത്തിനായി വർത്തിക്കേണ്ട സർക്കാരുകൾ വർഗീയ അടിസ്ഥാനത്തിൽ അവരെ വിഭജിക്കുന്ന രീതി എന്ത് ജനാധിപത്യമാണ്? ഇതേ അസമിൽ തന്നെയാണ് ഏതാനും നാളുകൾ മുമ്പ് കന്നുകാലി സംരക്ഷണ ബില്ല് സഭ പാസ്സാക്കിയത് എന്നും നാം വിസ്മരിക്കരുത്. കന്നുകാലികൾക്കുള്ള സംരക്ഷണം പോലും മനുഷ്യന് മനുഷ്യൻ നൽകേണ്ടേ? ഈ വെടിവെപ്പിന് ശേഷവും കുടിയൊഴിക്കൽ തുടരും എന്നാണ് അസം മുഖ്യമന്ത്രി ആവർത്തിച്ചത്. ബി.ജെ.പി. സർക്കാർ ഈ പ്രവർത്തിയെ കുറിച്ച് അപലപിക്കുക പോലും ഉണ്ടായില്ല. മറിച്ച് അഭിനന്ദനം ഉണ്ടായി.

ഈ സംഭവം കഴിഞ്ഞു മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ജനാധിപത്യ മണ്ണാണ് ഇന്ത്യ എന്ന് പറഞ്ഞത്. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇന്ന് വരെ മാധ്യമങ്ങളുമായി സംവദിക്കാൻ അദ്ദേഹം തയാറായിട്ടില്ല. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ. അദ്ദേഹം ഇടപെടേണ്ട പല സംഭവങ്ങളിലും മൗനം പാലിച്ചിട്ടുമുണ്ട്. സംവാദം എന്നതാണ് തീർച്ചയായും ഒരു ജനാധിപത്യ സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അത് അടിച്ചമർത്തൽ അല്ല. ജീവിക്കാനുള്ള എല്ലാവരുടെയും അവകാശത്തെ മാനിക്കേണ്ടതാണ്. തീർച്ചയായും ജനാധിപത്യം ഇന്ത്യയിൽ നിലനിൽക്കണം. അതിന് വേണ്ടി തന്നെയാണ് നമ്മൾ നിലനിൽക്കേണ്ടതും. സംവാദങ്ങൾ ഉണ്ടാകട്ടെ. സമാധാനം പുലരട്ടെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close