
ലണ്ടൻ : ടെസ്റ്റ് കരിയറിൽ തങ്ങളുടെ ഉയർന്ന വ്യക്തിഗത സ്കോറുകൾ നേടിയ ഷമിയുടെയും ബുമ്രയുടെയും മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ എട്ടിന് 298 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. ഒൻപതാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഇവർ പടുത്തുയർത്തിയത്. പന്തും ഇഷാന്തും പുറത്തായതോടെ എട്ടിന് 209 എന്ന നിലയിലായിരുന്നു ഇന്ത്യ. പ്രതീക്ഷകൾ കൈവിട്ട ആരാധകരെ പോലും ഞെട്ടിക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടനം. ഷമി 56 റൺസും ബുമ്ര 34 റൺസും നേടി. 89 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ഉയർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. ഇതിന് മുമ്പ് 1982 ൽ കപിൽ ദേവും മദൻ ലാലും ചേർന്ന് ഇതേ വേദിയിൽ നേടിയ 66 റൺസിന്റെ റെക്കോർഡ് ആണ് ഇരുവരും ചേർന്ന് മറികടന്നത്. ഇന്ത്യയിലെ അവസാന മൂന്ന് വിക്കറ്റിലെ ബാറ്റ്സ്മാന്മാരിൽ രണ്ടു പേരെങ്കിലും 20 കടക്കുന്നത് ഏഴു വർഷങ്ങൾക്ക് ശേഷമാണ്.
ഇതിനിടെ, മത്സരത്തിൽ തന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലറിനോട് ബുമ്ര കയർത്തു. ഷമിയും കൂടെ ചേർന്നതോടെ അമ്പയർ ഇടപെട്ടു. ശേഷം, അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ മാർക്ക് വുഡിനെ ബുമ്ര അതിർത്തി കടത്തി. പവിലിയനിൽ ഇരുവർക്കും കൈയടി നൽകി ഉറച്ച പിന്തുണയുമായി ഇന്ത്യൻ ടീമും അണിനിരന്നു.