INDIANEWSSPORTS

നീരജിന്‌ വേണ്ടി ഇന്ത്യ ചെലവിട്ട ഏഴ്‌ കോടി പാഴായില്ല, നീരജ്‌ ചോപ്ര മടങ്ങിയെത്തുന്നത്‌ മാറിലണിഞ്ഞ സ്വര്‍ണപ്പതക്കവുമായി


ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജാവ്‌ലിന്‍ ചുഴറ്റിയെറിഞ്ഞ്‌ ലോകത്തിന്റെ നെറുകയിലേക്ക്‌ ഇന്ത്യയെ പിടിച്ചുയര്‍ത്തിയ നീരജ്‌ ചോപ്ര നേടിയത്‌ ചരിത്ര വിജയം.ഈ ഒരു നേട്ടത്തിലേക്ക്‌ ചോപ്ര എത്തിയതിന്‌ പിന്നിലെ കഠിനാദ്ധ്വാനങ്ങള്‍ നാം കാണാതെ പോകരുത്‌.

2016ലാണ്‌ ചോപ്ര ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. ലോക അണ്ടര്‍ ട്വന്റി അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ടായിരുന്നു ചോപ്രയുടെ കടന്ന്‌ വരവ്‌. ലോക അത്‌ലറ്റ്‌ക്‌സ്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ അന്ന്‌ ആദ്യമായാണ്‌ ഒരു ഇന്ത്യാക്കാരന്‍ സ്വര്‍ണം അണിയുന്നത്‌. 2017 ഏഷ്യന്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിലും 2018ലെ കോമണ്‍ വെല്‍ത്ത്‌ ഗെയിംസിലും2018ലെ ഏഷ്യന്‍ ഗെയിംസിലും ചോപ്ര തന്റെ സ്വര്‍ണവേട്ട തുടര്‍ന്നു.

ഏഷ്യന്‍ ഗെയിംസിലെ നേട്ടത്തിന്‌ ശേഷം ഒരു മാസം പിന്നിടുമ്പോഴാണ്‌ കൈമുട്ടിന്‌ എന്തോ അസ്വസ്ഥത തോന്നിത്തുടങ്ങിയത്‌. ഇത്‌ പിന്നീട്‌ സന്ധികളിലേക്കും പടര്‍ന്നു. തുടര്‍ന്ന്‌ കുറഞ്ഞ ദൂരം മാത്രമേ ജാവ്‌ലിന്‍ എറിയാന്‍ സാധിക്കൂ എന്ന്‌ വന്നു. 2019 മെയില്‍ അദ്ദേഹം ഒരു ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായി. പിന്നീട്‌ ദീര്‍ഘകാലം കായികമേഖലയില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കേണ്ടി വന്നു. 2020 ജനുവരിയിലാണ്‌ പിന്നീട്‌ ഒരു മത്സരത്തിന്‌ അദ്ദേഹം എത്തുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ നടന്ന ആ മത്സരത്തില്‍ 87.86 മീറ്റര്‍ ദൂരം താണ്ടി ഒന്നാമനായി. ഇതാണ്‌ അദ്ദേഹത്തെ ഇക്കൊല്ലത്തെ ടോക്യോ ഒളിമ്പിക്‌സ്‌ വേദിയിലും എത്തിച്ചത്‌.

സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ടാര്‍ജറ്റ്‌ ഒളിമ്പിക്‌ പോഡിയം സ്‌കീമില്‍ 2018ല്‍ തന്നെ ചോപ്രയെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്‌ പുറമെ കായിക മന്ത്രാലയത്തില്‍ നിന്നും ഒരു വാര്‍ഷിക അലവന്‍സ്‌ അദ്ദേഹത്തിന്‌ പരിശീലനത്തിനും മറ്റുമായി ലഭ്യമായി. 2016 മുതല്‍ 2021 വരെ ഏഴ്‌ കോടി രൂപയാണ്‌ അദ്ദേഹത്തിന്‌ സര്‍ക്കാരില്‍ നിന്ന്‌ ലഭിച്ചത്‌. ഈ കടമാണ്‌ പൊന്ന്‌ സമ്മാനിച്ച്‌ അദ്ദേഹം വീട്ടിയത്‌. പട്യാലയിലും വിദേശത്തും അയച്ച്‌ അദ്ദേഹത്തെ സര്‍ക്കാര്‍ പരിശീലിപ്പിച്ചു. 126 താരങ്ങളാണ്‌ ഇന്ത്യയുടെ ടാര്‍ജറ്റ്‌ ഒളിമ്പിക്‌ പോഡിയം പദ്ധതിയുടെ ഭാഗമായി പരിശീലനം നടത്തുന്നത്‌. 2014ലാണ്‌ പദ്ധതിക്ക്‌ നരേന്ദ്രമോഡി സര്‍ക്കാര്‍ തുടക്കമിട്ടത്‌. കായികതാരങ്ങള്‍ക്ക്‌ ഏറെ സഹായകമായ പദ്ധതിയാണിത്‌.
അതീവ ഗുണമേന്‍മയുള്ള കായികോപകരണങ്ങള്‍ വാങ്ങാനും മറ്റും സഹായം ഇതിലൂടെ ലഭിക്കുന്നുണ്ട്‌. പരിശീലകര്‍ക്ക്‌ പുറമെ കായിക മനഃശാസ്‌ത്രജ്ഞരെയും ഉഴിച്ചില്‍ വിദഗ്‌ദ്ധരെയും വരെ താരങ്ങള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ നല്‍കുന്നുണ്ട്‌. ഇതിന്‌ പുറമെ അന്‍പതിനായിരം രൂപയും പ്രതിമാസം താരങ്ങള്‍ക്ക്‌ നല്‍കുന്നു. ഇതിന്റെ എല്ലാം ആകെത്തുകയാണ്‌ നീരജ്‌ചോപ്രയും മീരാഭായ്‌ ചാനുവും അടക്കമുള്ള താരങ്ങള്‍ ഇത്തവണ ടോക്യോയില്‍ നിന്ന്‌ നമുക്ക്‌ എത്തിച്ച്‌ നല്‍കിയത്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close