INDIANEWSSocial MediaTrendingviral

`ദേശീയ ഗാനം ആലപിക്കുമ്പോൾ വിരാട് കോലി ച്യൂയിങ്ഗം ചവയ്ക്കുന്ന തിരക്കിലാണ്, ഇദ്ദേഹമാണോ രാജ്യത്തിന്റെ അംബാസഡർ ?`; രൂക്ഷ വിമർശനവുമായി ആരാധകർ; വീഡിയോ വൈറൽ ആകുന്നു

കേപ് ടൗൺ: വിവാദങ്ങൾ ഉണ്ടാക്കാൻ മുൻപതിയിൽ കാണും വിരാട് കോലി. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി വീണ്ടും വിവാദക്കുരുക്കിൽ പെട്ടിരിക്കുകയാണ്. മത്സരം ആരംഭിക്കുന്നതിനു മുൻപ് മൈതാനത്ത് ദേശീയ ഗാനം ആലപിക്കുമ്പോൾ കോലി ച്യൂയിങ്ഗം ചവച്ചുകൊണ്ട് നിന്നതാണ് വിവാദമായത്. ക്യാപ്റ്റൻ കെ.എൽ. രാഹുലും ജസ്പ്രീത് ബുമ്രയും ഉൾപ്പെടെയുള്ള സഹതാരങ്ങൾ ദേശീയ ഗാനത്തിനൊത്ത് ചുണ്ടുചലിപ്പിക്കുമ്പോഴാണ് കോലി ച്യൂയിങ്ഗം ചവച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിന്റെ വിഡിയോയിൽ കോലി ച്യൂയിങ്ഗം ചവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഒട്ടേറെപ്പേരാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

കേപ് ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം നടന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇതിനുശേഷം മത്സരം ആരംഭിക്കുന്നതിനു മുൻപാണ് ദേശീയ ഗാന സമയത്ത് ച്യൂയ്ങ്ഗം ചവച്ച് കോലി വിവാദത്തിൽച്ചാടിയത്. ‘ദേശീയ ഗാനം ആലപിക്കുമ്പോൾ വിരാട് കോലി ച്യൂയിങ്ഗം ചവയ്ക്കുന്ന തിരക്കിലാണ്. ഇദ്ദേഹമാണോ രാജ്യത്തിന്റെ അംബാസഡർ’ – ബിസിസിഐയെ ടാഗ് ചെയ്ത് ഒരു ആരാധകൻ കുറിച്ചു.

മത്സരത്തിനു മുൻപേ വിവാദത്തിൽ ചാടിയെങ്കിലും മത്സരത്തിൽ മികച്ച പ്രകടനമാണ് കോലി പുറത്തെടുത്തത്. മത്സരം നേരിയ വ്യത്യാസത്തിൽ ഇന്ത്യ തോറ്റെങ്കിലും പരമ്പരയിലെ രണ്ടാം അർധസെഞ്ചുറി നേടിയ കോലിയുടെ പ്രകടനം ശ്രദ്ധനേടി. 288 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി കോലി 84 പന്തിൽ അഞ്ച് ഫോറുകളോടെ 65 റൺസെടുത്തു. ഓപ്പണർ ശിഖർ ധവാനൊപ്പം രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ടും തീർത്തു.

അതേസമയം ബോളിവുഡ് താരം അനുഷ്ക ശർമയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചതായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. 29–ാം വയസ്സിൽ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ നൽകുകയായിരുന്നു കോലി ചെയ്യേണ്ടതെന്നും അക്തർ അഭിപ്രായപ്പെട്ടു. വിരാട് കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അത്ര നേരത്തേ വിവാഹം കഴിക്കുമായിരുന്നില്ലെന്നും അക്തർ വ്യക്തമാക്കി. വിവാഹം താരങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്തം കൊണ്ടുവരുമെന്നും അത് സമ്മർദ്ദം സൃഷ്ടിക്കുമെന്നും അക്തർ ചൂണ്ടിക്കാട്ടി.

‘വിരാട് കോലി ഏതാണ്ട് 6–7 വർഷക്കാലം ഇന്ത്യയെ നയിച്ചു. സത്യത്തിൽ ഞാൻ കോലിയെ ക്യാപ്റ്റനാക്കുന്നതിനെ അനുകൂലിക്കുന്ന ആളല്ല. നായകസ്ഥാനം ഏറ്റെടുക്കുന്നതിനു പകരം കോലി ശരാശരി 100–120 റൺസ് വീതം സ്കോർ ചെയ്യുന്നതായിരുന്നു എനിക്ക് ഇഷ്ടം. അദ്ദേഹം ബാറ്റിങ്ങിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ഏറ്റവും ഉചിതം’ – അക്തർ പറഞ്ഞു.

‘വിരാട് കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആ പ്രായത്തിൽ വിവാഹം കഴിക്കുമായിരുന്നില്ല. പകരം ഞാൻ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ റൺസ് നേടി കരിയർ ആസ്വദിക്കുമായിരുന്നു. കരിയറിലെ ഈ 10–12 വർഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. അത് നമുക്ക് പിന്നീട് ലഭിക്കുകയുമില്ല’ – അക്തർ ചൂണ്ടിക്കാട്ടി.

‘വിവാഹം ചെയ്യുന്നത് മോശം കാര്യമാണെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, നിങ്ങൾ ഇന്ത്യയ്‌ക്കായി കളിക്കുമ്പോൾ കുറച്ചുകാലം കൂടി അതിൽ ശ്രദ്ധിക്കണമായിരുന്നു. ആരാധകർക്ക് കോലിയെന്ന് വച്ചാൽ ജീവനാണ്. ആ സാഹചര്യത്തിൽ കഴിഞ്ഞ 20 വർഷമായി ആരാധകർ നൽകുന്ന സ്നേഹം മികച്ച ബാറ്റിങ്ങിലൂടെ തിരികെ നൽകാൻ കോലിയും ബാധ്യസ്ഥനാണ്’ – അക്തർ വിശദീകരിച്ചു. വിവാഹം കളിക്കാരന്റെ കരിയറിനെ ബാധിക്കുമോയെന്ന ചോദ്യത്തിന്, ‘ബാധിക്കും’ എന്നായിരുന്നു അക്തറിന്റെ മറുപടി. ഭാര്യയും കുഞ്ഞുങ്ങളുമാകുന്നതോടെ കളിയിൽ പഴയപോലെ ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്ന് അക്തർ ചൂണ്ടിക്കാട്ടി.

‘വിവാഹത്തിന്റെയും ക്യാപ്റ്റൻസിയുടെയും സമ്മർദ്ദം തീർച്ചയായും ബാറ്റിങ്ങിനെ ബാധിക്കും. കുടുംബാംഗങ്ങളിൽനിന്നും മക്കളിൽനിന്നും സ്വാഭാവികമായി സമ്മർദ്ദമുണ്ടാകും. ഉത്തരവാദിത്തം കൂടുന്നതിന് അനുസരിച്ച് സമ്മർദ്ദവുമേറും. ക്രിക്കറ്റ് താരങ്ങൾക്ക് 14–15 വർഷമാണ് ശരാശരി കരിയർ. അതിൽ 5–6 വർഷമാണ് മികവിന്റെ ഔന്നത്യത്തിൽ ഉണ്ടാകുക. കോലിയെ സംബന്ധിച്ച് ആ വർഷങ്ങൾ കടന്നുപോയി. ഇനി കോലിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്’ – അക്തർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close