ന്യൂഡൽഹി: ഭരണഘടന അടിസ്ഥാനപരമായ പ്രതിസന്ധി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭരണഘടന ദിനത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് കോൺഗ്രസ് അധ്യക്ഷൻ ഉന്നയിച്ചിരിക്കുന്നത്. എല്ലാവരും ഒറ്റക്കെട്ടായി ഇന്ത്യയെ അതിന്റെ മൂല്യങ്ങളിലേക്ക് തിരികെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു. ‘ഇന്ത്യന്‍ ഭരണഘടനയുടെ പ്രതിസന്ധികള്‍’ എന്ന തലക്കെട്ടില്‍ എഴുതിയ പൊതുപ്രസ്താവനയിലാണ് ഖാര്‍ഗെ തന്റെ നിരീക്ഷണങ്ങള്‍ക്ക് പങ്കുവച്ചിരിക്കുന്നത്.
രാജ്യത്തിന് അഭിമാനിക്കാവുന്ന ഈ ദിനത്തില്‍, ഭരണകക്ഷിയും അതിന്റെ പ്രത്യയശാസ്ത്രവും രൂപകല്പന ചെയ്ത നിയമവിരുദ്ധമായ നിയമത്തിന് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പറഞ്ഞു. ‘ഏഴു പതിറ്റാണ്ടിലേറെക്കാലം വിജയകരമായി നിലകൊണ്ടതാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ന് ഈ ഭരണഘടന തന്നെ അടിസ്ഥാന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു.’- കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
സാമൂഹ്യസേവനത്തിന്റെ മറവില്‍ വിദ്വേഷ പ്രചരണം നടത്തുന്ന സംഘടനയായ ആര്‍.എസ്.എസിന്റെ കല്‍പ്പനകള്‍ക്ക് സര്‍ക്കാരും സര്‍ക്കാർ സ്ഥാപനങ്ങളും പൂര്‍ണ്ണമായി കീഴടങ്ങിക്കഴിഞ്ഞു. വാസ്തവത്തില്‍, ആര്‍.എസ്.എസ്, ബി.ജെ.പി എന്നീ പദങ്ങള്‍ മാറിമാറി ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഫലത്തില്‍ അവരണ്ടും ഒന്നാണെന്നും ഖാര്‍ഗെ പറഞ്ഞു.
2014 മുതല്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്സാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ ഹനിക്കാന്‍ ആര്‍എസ്എസ് ബിജെപിയെ ഉപയോഗിച്ചുവെന്ന് ഖാര്‍ഗെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ‘്യമവിരുദ്ധമായത് നിയമവിധേയമായിരിക്കുന്നു. കാരണം, അതിര്‍ത്തി ഇപ്പോള്‍ മുഖ്യധാരയായി മാറിയിരിക്കുന്നു.’ ഖാര്‍ഗെ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളെ നേരിടാന്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു എന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐയെയും ഇഡിയെയും പ്രതിപക്ഷത്തിനെതിരെ ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരുടെ ദുരൂഹ മരണങ്ങള്‍, കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കല്‍ തുടങ്ങിയ വിഷയങ്ങളും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ തന്റെ അഭിപ്രായത്തില്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ വിദ്വേഷകരമായ അജണ്ടയ്ക്ക് അനുയോജ്യമാക്കാനും ശാശ്വതമാക്കാനുമാണ് ചരിത്ര പുസ്തകങ്ങള്‍ മാറ്റിയെഴുതുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.