NEWSWORLD

പുതിയ ഇന്തോ-പസഫിക് കരാർ ആണവായുധ മത്സരത്തിന് കാരണമാകും; ആയുധ മത്സരം ഒഴിവാക്കണമെന്ന് മലേഷ്യ

ക്വാലലംപൂര്: ബ്രിട്ടനും അമേരിക്കയുമായുള്ള പുതിയ ഉടമ്പടി പ്രകാരം ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമ്മിക്കാനുള്ള ഓസ്ട്രേലിയയുടെ പദ്ധതി ഇന്തോ-പസഫിക് മേഖലയിൽ ആണവായുധ മത്സരത്തിന് കാരണമാകുമെന്ന് മലേഷ്യ പറഞ്ഞു. ചൈനയെ മറികടക്കാൻ ഇന്തോ-പസഫിക് സുരക്ഷാ പങ്കാളിത്തത്തിൽ ഓസ്ട്രേലിയ എട്ട് ആണവ-അന്തർവാഹിനികൾ നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഈ നീക്കം ദക്ഷിണ ചൈനാക്കടലിൽ കൂടുതൽ ആക്രമണാത്മകമായി പ്രവർത്തിക്കാൻ മറ്റ് ശക്തികളെ പ്രേരിപ്പിക്കുമെന്നാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച്ച പ്രതികരിച്ചത്.

അമേരിക്കയും യുകെയും ഓസ്‌ട്രേലിയയും തമ്മിലുള്ള ചരിത്രപരമായ സുരക്ഷാ ഉടമ്പടിയെ ചൈന വിമർശിച്ചിരുന്നു. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ അമേരിക്കയും യുകെയും ആദ്യമായി ഓസ്‌ട്രേലിയക്ക് നൽകുന്നതാണ് കരാർ. തെക്കൻ ചൈന കടലിൽ ചൈനയുടെ സ്വാധീനത്തെ ചെറുക്കാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ സഖ്യം പ്രാദേശിക സമാധാനത്തെ തകർക്കും എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിച്ചത്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ഭാഗമെന്ന നിലയിൽ ഈ പ്രദേശത്തെ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷതയുടെയും മേഖലയായി (ZOFPAN) നിലനിർത്തുക എന്ന തത്വം മലേഷ്യയ്ക്ക് ഉണ്ട് എന്ന് മലേഷ്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. മേഖലയിലെ പ്രകോപനവും ആയുധ മത്സരവും ഒഴിവാക്കണമെന്ന് മലേഷ്യ എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close