INSIGHT

പ്രതിസന്ധികളെ മറികടന്ന് ജനാധിപത്യം പുലരട്ടെ ; ഇന്ന് ലോക ജനാധിപത്യ ദിനം

എന്താണ് ജനാധിപത്യം? ഏകാധിപത്യം ഒരാളുടെ രാജ വാഴ്ചയെ സൂചിപ്പിക്കുമ്പോൾ ജനാധിപത്യത്തിൽ ജനങ്ങളല്ലേ രാജാക്കന്മാർ. അപ്പോൾ എല്ലാവർക്കും ഭരിക്കാൻ പറ്റുമോ? ഇല്ല, അതിന് നമ്മൾ പ്രതിനിധികളെ തിരഞ്ഞെടുക്കും. അവരുടെ നേതൃത്വത്തിൽ ഭരണം മുന്നോട്ട് പോകും. ഒരു ജനതയുടെ ക്ഷേമത്തിനായി തീരുമാനം എടുക്കുന്നതിനുള്ള ഒന്നിലധികം ആളുകളുടെ അവകാശം ഉൾപ്പെടുന്ന പങ്കാളിത്തമായി ജനാധിപത്യത്തെ നിർവചിക്കാം.

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം. 2008 മുതൽ സെപ്റ്റംബർ 15ന് ഈ ദിനം ആചരിക്കുന്നു. ലോകത്തിലെ ജനാധിപത്യത്തിന്റെ അവസ്ഥ അവലോകനം ചെയ്യാനുള്ള ദിനമായാണ് യു എൻ ഈ ദിനത്തെ കാണുന്നത്. ജനാധിപത്യത്തിന്റെ ശക്തിയും ആവശ്യകതയും സ്വാതന്ത്ര്യവും ലോകത്തെ ഓർമിപ്പിക്കാനും ഈ ദിവസം സഹായിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ത്യയാണ്. വർഷങ്ങൾ നീണ്ട് നിന്ന സമരത്തിലൂടെ നാം സ്വന്തമാക്കിയതാണ് ഈ സ്വാതന്ത്ര്യം. എന്നാൽ, ആ കാലത്തേക്ക് ഒരു മടങ്ങി പോക്കാണോ ഇപ്പോൾ നമ്മൾ ചെയ്യുന്നത് എന്ന് ഇന്ന് ആലോചിച്ചാൽ നന്നായിരിക്കും. സ്വാതന്ത്യം ലഭിച്ചു എഴുപത് വർഷങ്ങൾ കഴിഞ്ഞു പോകുമ്പോൾ നവീനമായി പുതുക്കേണ്ട സമൂഹം വിപരീത ദിശയിലേക്ക് പോകുന്ന അവസ്ഥയാണ് നാം കാണുന്നത്. പല ചിന്തകളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ശബ്ദിക്കുന്നവരെ ഒഴിവാക്കുന്നതും ഇന്നും കാണാൻ സാധിക്കും. ഇവിടെ ഉയരേണ്ടത് ശബ്ദങ്ങളും ഉണ്ടാകേണ്ടത് സംവാദങ്ങളുമാണ്. രാഷ്ട്ര നിർമാണത്തിൽ എല്ലാ പൗരന്മാരും വോട്ടിലൂടെയും സംവാദങ്ങളിലൂടെയും ഇടപെടുക എന്നത് തന്നെയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും.

Democracy is freedom with responsibility, ഉത്തരവാദിത്തത്തോട് കൂടിയ സ്വാതന്ത്ര്യം ആണ് ജനാധിപത്യം. ഈ ജനാധിപത്യം മനസിലാകുന്ന നേതാക്കന്മാരെയാണ് നമുക്ക് ആവശ്യം. ആ നേതാവിനേ വൈവിധ്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ജനതയെ വാർത്തെടുക്കാൻ സാധിക്കൂ. വിഭജനങ്ങൾ അല്ല നമുക്ക് വേണ്ടത് ക്ഷേമവും സമാധാനവും ആണെന്ന് തിരിച്ചറിയുന്നതാണ് സ്വാതന്ത്ര്യ ബോധം. ഈ ബോധം തലമുറകളിലേക്ക് കൈമാറാൻ നമുക്ക് ശ്രമിക്കാം.

എല്ലാ വർഷവും യു എൻ ജനാധിപത്യ ദിനത്തോട് അനുബന്ധിച്ചു ആശയങ്ങൾ അവതരിപ്പിക്കും. ഇത്തവണ ഭാവി പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ജനാധിപത്യ പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ആശയമാണ് അവതരിപ്പിച്ചത്. ഭരണഘടന അടിസ്ഥാനത്തിൽ നിലനിൽക്കുന്നതാണ് ജനാധിപത്യം. അംബേദ്കർ ഉൾപ്പടെയുള്ള പണ്ഡിതർ തയ്യാറാക്കിയ ഈ ഭരണഘടന ഭേദഗതികൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. കാലം അനുസരിച്ചു ഭേദഗതികൾ വേണ്ടന്നല്ല, അത് നമ്മളെ മുന്നോട്ട് നയിക്കുന്നതായിരിക്കണം. ഓരോ പൗരനിലും ഭരണഘടനയെ കുറിച്ചുള്ള ബോധവും നൽകണം. അല്ലാത്ത പക്ഷം democracy is an illusion, ജനാധിപത്യം എന്നത് ഒരു മിഥ്യ ആണെന്നുള്ള ബോധം ആളുകളിൽ ഉടലെടുക്കും. പ്രബുദ്ധതയിൽ മുന്നിൽ നിൽക്കുന്നു എന്ന് പറയുന്ന നമ്മുടെ നാട്ടിലും വിഭജനത്തിന്റെ ചിന്തകൾ നമുക്ക് കാണാം. ഒരാശയവും തീവ്രമായി അടിച്ചേല്പിക്കാനുള്ളതല്ല. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ നാം നടത്തുന്ന ക്രൂരതകൾ ജനാധിപത്യത്തെ പിന്നോട്ട് വലിക്കുന്നതാണ്. ഈ വിഷയത്തെ മുന്നിൽ കണ്ട് അതിനെ പ്രതിരോധിക്കാൻ നമുക്ക് ശ്രമിക്കാം. ജനാധിപത്യം എന്ന ഉന്നത ആശയത്തെ അതിന്റെ ആഴത്തിൽ അടയാളപ്പെടുത്താം. ചിന്തകൾ പരക്കട്ടെ. സംവാദങ്ങൾ ഉടലെടുക്കട്ടെ. പരസ്പര ബഹുമാനത്തോടെ നമുക്ക് മുന്നേറാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close