INSIGHTTrending

” സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്ന് പറയാറില്ലേ അങ്ങനെ കണ്ടാൽ മതി “; ദിനംപ്രതി നായികമാർ വന്നുപോകുന്ന മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ, അന്തരിച്ച നടി ചിത്രയുടെ ഓർമകളിൽ നിന്ന്

ഡി.ജെ

ചാറ്റല്‍മഴയില്‍ നനയുന്ന പൂച്ചെടികളെ നോക്കി ഒരു കപ്പ് ചൂട് ചായയുമായി ബാല്‍ക്കണിയില്‍ ഇരിക്കവെ അറിയാതെ ആ നായിക ഓര്‍മ്മകളിലേക്കൊന്ന് എത്തിനോക്കി. കൈലി മുണ്ടും ബ്ലൗസുമണിഞ്ഞ് തലയില്‍ തോര്‍ത്തുമുണ്ടും കെട്ടി മോഹന്‍ലാലിനൊപ്പം ആടിപ്പാടിയ ആ ഗാനരംഗം.
”നീലക്കുയിലേ ചൊല്ലൂ
മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ!”

1992-ല്‍ അദ്വൈതം എന്ന ചിത്രത്തില്‍ കൈതപ്രം – എം.ജി.രാധാകൃഷ്ണന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ഈ മനോഹര ഗാനത്തിനൊപ്പം ചുവടുവച്ച നടി ഇന്ന് വ്യവസായിയായ വിജയരാഘവന്റെ സഹധര്‍മ്മിണിയായി മകള്‍ മഹാലക്ഷ്മിക്കൊപ്പം സസന്തോഷം ചെന്നൈയില്‍ കഴിയുകയാണ്. ആട്ടക്കലാശത്തിലെ മേരിക്കുട്ടിയും അമരത്തിലെ ചന്ദ്രികയുമുള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ ചെയ്ത ചിത്ര എന്ന അഭിനേത്രി സിനിമയ്ക്ക് ഇടവേള നല്‍കിയപ്പോഴും ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ നെഞ്ചില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു.

നായികയായും സ്വഭാവനടിയായും വില്ലത്തിയായുമൊക്കെ അഭിനയിക്കുമ്പോഴുള്ള ആ മുഖശോഭ ഇന്നും അങ്ങനെതന്നെ ജ്വലിച്ചുനില്‍ക്കുന്നു. ദിനംപ്രതി നായികമാര്‍ വന്നുപോകുന്ന മലയാളസിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തശേഷമാണ് ചിത്ര സിനിമാരംഗം വിട്ടത്.
അഭിനരംഗത്തിന് താല്‍ക്കാലിക വിട നല്‍കിയ നായികമാര്‍ പലരും പല കാലങ്ങളിലായി സിനിമയിലേക്ക് മടങ്ങിവന്നിരുന്നു. ആ കൂട്ടത്തിലേക്ക് ചിത്ര കൂടി വരികയാണ്.

എവിടെയായിരുന്നു ഇതുവരെ?

ഞാനെവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ചെന്നൈയില്‍ സെറ്റില്‍ ചെയ്തു. സിനിമ വിട്ടെന്നേയുള്ളൂ. എന്നുകരുതി മലയാള സിനിമ ഉപേക്ഷിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ പുതിയൊരു മലയാളം സിനിമ ചെയ്യില്ലായിരുന്നല്ലോ. സിനിമയുടെ വിവരങ്ങള്‍ തല്‍ക്കാലം പറയുന്നില്ല.

ജീവിതത്തില്‍ ഞാനേറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് മലയാളത്തോടാണ്. കാരണം നല്ല കഥാപാത്രങ്ങള്‍ എനിക്ക് തന്നത് മലയാളമാണ്. മലയാളത്തില്‍ രണ്ട് പടങ്ങള്‍ ആദ്യം ചെയ്തുവെങ്കിലും നായികയാവുന്നത് ശശികുമാര്‍ സംവിധാനം ചെയ്ത ആട്ടക്കലാശത്തിലാണ്. ഒരു നടിയെ സംബന്ധിച്ച് സിനിമ ഹിറ്റായാല്‍ അതവര്‍ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണ്. അങ്ങനെ നോക്കിയാല്‍ ഞാന്‍ രണ്ടുതവണ അംഗീകരിക്കപ്പെട്ടു.
ആട്ടക്കലാശത്തില്‍ ലാലിനൊപ്പം പാടി അഭിനയിച്ച ”നാണമാകുന്നു മേനി നോകുന്നു” എന്ന പാട്ട് അക്കാലത്തെ തരംഗമായിരുന്നു. ഒരു പക്ഷേ ഇന്നും എന്നെ കാണുമ്പോള്‍ പലരും ചോദിക്കുന്നത് ”ആ പാട്ടില്‍ അഭിനയിച്ച നടിയല്ലേ?-” എന്നാണ്. അതിന് ശേഷം ലാലിനൊപ്പം അദ്വൈതത്തില്‍ ”നീലക്കുയിലേ ചൊല്ല്” എന്ന പാട്ടും സൂപ്പര്‍ഹിറ്റായി. അഭിനയിച്ച റോളുകള്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. അതൊക്കെ ഇപ്പോള്‍ ഓര്‍ക്കുന്തോറും സന്തോഷം ഇരട്ടിയാകുകയാണ്.

സിനിമയില്‍ നിന്നുള്ള പിന്മാറ്റം?

സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണമെന്ന് പറയാറില്ലേ? അങ്ങനെ കണ്ടാല്‍ മതി. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റി. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായി അഭിനയിച്ചാലും വിവാഹം പോലുള്ള വ്യക്തിപരമായ കാര്യങ്ങള്‍ വരുമ്പോള്‍ ഇടയ്ക്ക് ഒരു ഗ്യാപ്പെടുക്കുമല്ലോ. വിവാഹശേഷവും സൂത്രധാരന്‍ പോലുള്ള സിനിമകളില്‍ ഞാനഭിനയിച്ചു. പിന്നീട് ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കണമെന്നാഗ്രഹിച്ചു.
അദ്ദേഹം ബിസിനസ്സ്മാനാണ്. പലപ്പോഴും ജോലി സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് വളരെ ടെന്‍ഷനിലായിരിക്കും വീട്ടില്‍ വരിക. ആ സമയത്ത് ഞാനഭിനയിക്കാന്‍ പോയാല്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരാണുണ്ടാവുക? സഹായത്തിന് ഒരാളെ വെച്ചെന്ന് തന്നെയിരിക്കട്ടെ. ഞാന്‍ അദ്ദേഹത്തെ പരിപാലിക്കുന്നത് പോലെ മറ്റുള്ളവര്‍ നോക്കുമെന്നെന്താണുറപ്പ്?

ഞാന്‍ തുടര്‍ന്നഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പലപ്പോഴും എന്നോടത് സൂചിപ്പിച്ചിട്ടുണ്ട്. ഞാന്‍ തന്നെയാണ് അഭിനയം വേണ്ടെന്ന് തീരുമാനിച്ചത്. ഞങ്ങള്‍ക്ക് ഒരു മോളാണ്, മഹാലക്ഷ്മി. അവള്‍ ജീവിതത്തില്‍ വന്നശേഷമാണ് ഞാനേറ്റവുമധികം സന്തോഷിച്ചത്. കുഞ്ഞുണ്ടായ സമയത്ത് അവള്‍ നീന്തി നടക്കുന്നത് കാണാനും പിച്ചവെച്ച് നടക്കുന്നത് കാണാനുമായി പിന്നീട് എന്റെ ജീവിതം. മോളെ കുളിപ്പിക്കുക, കണ്ണെഴുതിക്കുക, പൊട്ട് തൊടീക്കുക, ഉടുപ്പിടീക്കുക, മുടി ചീകി കെട്ടികൊടുക്കുക എന്നതൊക്കെ ചെയ്യാന്‍ എനിക്ക് വല്ലാത്തൊരിഷ്ടമായിരുന്നു. ഇപ്പോ ആള് വലുതായി, പ്ലസ് ടുവിനു പഠിക്കുന്നു. അവള്‍ പഠിക്കുന്ന സമയത്ത് ഞാന്‍ കൂടെയിരിക്കും. പഠിക്കാന്‍ മിടുക്കിയായതുകൊണ്ട് തന്നെ ഡോക്ടറാകണമെന്നാണ് മോളുടെ ആഗ്രഹം. അവളുടെ ഇഷ്ടമാണ് ഞങ്ങളുടെയും ഇഷ്ടം.

ഞാനൊരു നടിയാണെന്ന കാര്യം അവളറിഞ്ഞിരുന്നു. കുഞ്ഞുണ്ടായ സമയത്ത് എനിക്ക് സിനിമയില്‍ നിന്ന് പിന്നെയും ക്ഷണമുണ്ടായിരുന്നുവെന്ന് ഞാനവളോട് പറഞ്ഞു. അതുകേട്ടപ്പോള്‍ അവള്‍ക്കു സങ്കടമായി. മോള്‍ പ്ലസ് ടുവിനു സമയത്ത് എന്നോട് ഒരിക്കല്‍ പറഞ്ഞു; ”അമ്മാ, ഇനി സിനിമയില്‍ വിളിച്ചാല്‍ അഭിനയിക്കാന്‍ പൊയ്‌ക്കോ, ഞാനിപ്പോള്‍ കൊച്ചുകുട്ടിയല്ലല്ലോ, വലുതായില്ലേ, മാത്രമല്ല, എന്റെ കാര്യങ്ങള്‍ ഞാനിപ്പോള്‍ സ്വയം ചെയ്യുന്നില്ലേ, അമ്മ ടെന്‍ഷനടിക്കാതെ പോയിട്ട്‌വന്നോ” എന്ന്. ശരിക്കും ഞാന്‍ അത്ഭുതപ്പെട്ടു. അവള്‍ക്ക് വേണ്ടി എന്റെ ഇഷ്ടപ്പെട്ട പ്രൊഫഷന്‍ ഉപേക്ഷിച്ചപ്പോള്‍ എനിക്ക് സങ്കടമായെന്നാ മോള് വിചാരിച്ചത്. അതുകൊണ്ടായിരിക്കും മോള്‍ അങ്ങനെ പറഞ്ഞത്.

Tamil Actress Chitra Family Photos

സിനിമയിലേക്കുള്ള വരവ്?

അച്ഛന്‍ റെയില്‍വേയില്‍ എന്‍ജിനീയറായിരുന്നു. അച്ഛനുമമ്മയ്ക്കും ഞങ്ങള്‍ രണ്ടു മക്കളാണ്. സ്‌കൂള്‍ വാര്‍ഷികത്തിനും ശനി, ഞായര്‍ ദിവസങ്ങളിലും തമിഴ്‌നാടുള്ള അച്ഛന്റെ പെങ്ങളുടെ വീട്ടില്‍ പോകും. ജെമിനി സ്റ്റുഡിയോയുടെ മുന്നില്‍ കൂടിയാണ് പോകുക. ഒരിക്കല്‍ സ്റ്റുഡിയോയുടെ മുമ്പില്‍ വലിയൊരു ആള്‍ക്കൂട്ടം. അമ്മയെയും ഞങ്ങളെയും അവിടെ നിര്‍ത്തിയിട്ട് അച്ഛന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോയി. അച്ഛനറിയാതെ ഞാനും പിറകെ ചെന്നു. തിക്കിനും തിരക്കിനുമിടയില്‍ ആരോ എന്നെ മുന്നിലേക്ക് തള്ളിയിട്ടു. കെ. ബാലചന്ദര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. എന്റെ വീഴ്ച കണ്ട അദ്ദേഹം പെട്ടെന്ന് ”കട്ട്” പറഞ്ഞു. അപ്പോഴാണ് പിന്നാലെ ഞാന്‍ വന്ന കാര്യം അച്ഛന്‍ പോലുമറിയുന്നത്. അച്ഛന്‍ വന്ന് എന്നെ എഴുന്നേല്‍പ്പിച്ചു. എഴുന്നേറ്റ് നോക്കിയതാകട്ടെ കമല്‍ഹാസന്റെയും രജനീകാന്തിന്റെയുമൊക്കെ മുഖത്തേക്ക്! എന്തുചെയ്യുമെന്നറിയാതെ ഞാനവിടെ പകച്ചുനിന്നു! കൊച്ചുകുട്ടിയായതിനാല്‍ ബാലചന്ദര്‍ സര്‍ അടുത്ത് വന്ന് എന്നോട് പേരും മറ്റു വിവരങ്ങളും ചോദിച്ചു. നടന്മാരെ ഒന്നുകൂടി കണ്ടിട്ട് ഞങ്ങള്‍ അവിടെ നിന്നു പോയി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഞങ്ങളുടെ വീട്ടില്‍വന്നു. നായികയുടെ മകളായി അഭിനയിക്കാന്‍ എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ വേണമെന്നു പറഞ്ഞാണവര്‍ വന്നത്. സിനിമാലോകത്തെ കുറിച്ച് കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന എന്റെ വീട്ടുകാർക്ക് താല്‍പര്യമുണ്ടായിരുന്നില്ല. പേടിയുമായിരുന്നു.

ഇക്കാര്യമറിഞ്ഞ അപ്പച്ചിയാകട്ടെ, സിനിമയില്‍ നിന്നു വന്ന ക്ഷണം എന്തിന് നിരസിച്ചൂവെന്നും നടിയാവുന്നത് നല്ല കാര്യമല്ലേയെന്നും അച്ഛനോടും അമ്മയോടും ചോദിച്ചു. കുറച്ചുനാളുകള്‍ക്ക് ശേഷം കല്യാണപ്പന്തല്‍ എന്ന സിനിമയ്ക്ക് ഒരുക്ഷണം വന്നു.
പിന്നീട് കമല്‍ഹാസനും രജനീകാന്തും അഭിനയിക്കുന്ന അവള്‍ അപ്പടി ത്താൻ എന്ന സിനിമയിലേക്കും ക്ഷണം കിട്ടി. അതൊന്നും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നില്ല.

അങ്ങനെയിരിക്കെ ജൂബിലി പ്രൊഡക്ഷന്‍സിന്റെ ജോയ് സര്‍ വീട്ടില്‍ വന്നു. ഞാനന്ന് ഒമ്പതിലാണ്. ആട്ടക്കലാശത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള ക്ഷണമായിരുന്നു അത്. മലയാളം സിനിമ കാണാത്ത എന്നെ സംബന്ധിച്ചു മോഹന്‍ലാല്‍ ആരെന്ന് കൂടി അറിയില്ലായിരുന്നു.
ആദ്യമായി ക്യാമറയെ ഫേസ് ചെയ്യാന്‍ പേടിയായിരുന്നെങ്കിലും ”പറയുന്നതനുസരിച്ച് ചെയ്താല്‍ മതി”യെന്നു സംവിധായകന്‍ പറഞ്ഞു. പാട്ടുരംഗം ഷൂട്ട് ചെയ്തപ്പോള്‍ എനിക്ക് നാണമായിരുന്നു. പിന്നെ സിനിമകളോരോന്നായി വരാന്‍ തുടങ്ങി. അച്ഛന് ജോലിയുള്ളതിനാല്‍ അമ്മയാണ് ഷൂട്ടിംഗിന് വന്നത്. അവധി ദിവസങ്ങളില്‍ അമ്മ അനിയത്തിക്കൊപ്പം വീട്ടില്‍ നില്‍ക്കും. പകരം അച്ഛന്‍ കൂടെ വരും. ദൂരെസ്ഥലങ്ങളില്‍ ഷൂട്ടുള്ള സമയത്തും അച്ഛന്‍ തന്നെയാണ് വന്നിരുന്നത്.

അഭിനയം ശരിക്കും എന്‍ജോയ് ചെയ്തിട്ടുണ്ട്. ഞാനഭിനയിച്ച സമയത്തായിരുന്നു അനിയത്തിയുടെ വിവാഹം. ഇടയ്ക്ക് അമ്മയ്ക്ക് ഡയാലിസിസ് ചെയ്യേണ്ടി വന്നു. ആ സമയത്ത് അവളായിരുന്നു അമ്മയെ ശുശ്രൂഷിച്ചത്. എനിക്ക് ഷൂട്ടുള്ളതിനാല്‍ പലപ്പോഴും അമ്മയ്‌ക്കൊപ്പം ഒരുപാട് സമയം ഇരിക്കാന്‍ സാധിച്ചില്ല. അതിപ്പോഴുമോര്‍ക്കുമ്പോള്‍ സങ്കടമാകും. അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ടും ഞാന്‍ കല്യാണം കഴിക്കാതെ അഭിനയിച്ചുകൊണ്ടിരിക്കുന്നതില്‍ അച്ഛന് വല്ലാത്ത സങ്കടമായിരുന്നു. അച്ഛനൊരിക്കല്‍ എന്നോടത് പറയുകയം ചെയ്തു, ”മോളേ, നീ ജീവിതകാലം മുഴുവന്‍ ഇങ്ങനെ അഭിനയിച്ച് നടക്കാനാണോ പ്ലാന്‍. നിനക്കൊരു കൂട്ട് വേണ്ടേ, നല്ലൊരാലോചന വന്നിട്ടുണ്ട്.”എന്ന്. അച്ഛന് എന്റെ മേലുള്ള ഉത്കണ്ഠ കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കായില്ല. അച്ഛന്‍ പറഞ്ഞ ആലോചനയ്ക്ക് ഞാന്‍ സമ്മതം മൂളി. അച്ഛന്‍ പറഞ്ഞു. ”നിന്റെ ഭര്‍ത്താവിന് ഇഷ്ടമില്ലെങ്കില്‍ നീയിനി അഭിനയിക്കേണ്ട.”എന്ന്. പക്വതയില്ലാത്ത മകള്‍ക്ക് അച്ഛന്‍ നല്‍കിയ ഉപദേശം.
എന്നാല്‍ ഭര്‍ത്താവാകട്ടെ, എന്റെ ഇഷ്ടങ്ങള്‍ക്ക് പച്ചക്കൊടി കാട്ടുന്നയാളായിരുന്നു. ഇടയ്ക്കിടെ സര്‍പ്രൈസ് തരുന്ന, എന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവിനെയും മകളെയും ദൈവം എനിക്ക് സമ്മാനിച്ചില്ലേ. സിനിമയല്ല ജീവിതമെന്ന് എനിക്ക് മനസ്സിലായത് വിവാഹശേഷമാണ്. കുടുംബജീവിതം ഞാനിപ്പോള്‍ ശരിക്കുമാസ്വദിക്കുകയാണ്.

കാഴ്ചയില്‍ അന്നുമിന്നും ഒരുപോലെ?

(ചിരിക്കുന്നു).
കാണുന്നവരൊക്കെ ചോദിക്കാറുണ്ട്, വണ്ണം കൂടിയതാഴിച്ചാല്‍ അന്നുമിന്നുമൊരുപോലെയാണല്ലോയെന്ന്. രാവിലെ യോഗ ചെയ്യാറുണ്ട്. യോഗ പലതരമുണ്ടല്ലോ. അങ്ങനെയൊരിക്കല്‍ യോഗ ചെയ്യവേ കൈയ്ക്ക് ചെറിയൊരു പരിക്ക് പറ്റി. അതിന് ശേഷം സൂര്യനമസ്‌കാരം ചെയ്യാന്‍ തുടങ്ങി. മത്സ്യ മാംസാദികള്‍ ഒന്നും ഞാന്‍ കഴിക്കാറില്ല. പച്ചക്കറികളാണ് കൂടുതലിഷ്ടം. അതില്‍ തന്നെ കേരളത്തിലെ അവിയലും സാമ്പാറുമാണ് എനിക്കേറ്റവുമിഷ്ടം. ഓണത്തിന്റെയൊക്കെ സമയത്ത് ഇലയിട്ട് അതില്‍ ചോറും തൊടുകറികളും സാമ്പാര്‍ ഉള്‍പ്പടെയുള്ള ഒഴിച്ചുകറികളുമുള്‍പ്പടെ കഴിക്കുന്ന സുഖവും സംതൃപ്തിയും മറ്റൊരു ഭക്ഷണത്തിനും കിട്ടില്ല. കുഞ്ഞിലേ മുതല്‍ അഭിനയിക്കാന്‍ പോകുന്നതുകൊണ്ട് എനിക്ക് പാചകത്തിനെക്കറിച്ച് ഒന്നുമറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞശേഷമാണ് ഞാന്‍ പാചകബുക്ക് വാങ്ങി അത് നോക്കിപ്പഠിച്ച് ഓരോന്നായി ഉണ്ടാക്കിത്തുടങ്ങിയത്. അതെല്ലാം പരീക്ഷിക്കുന്നത് എന്റെ ഭര്‍ത്താവില്‍ തന്നെയായിരുന്നു. അദ്ദേഹം കഴിച്ച് ഓക്കെ എന്ന് പറഞ്ഞാല്‍ പിന്നൊന്നും നോക്കില്ല. ഇപ്പോള്‍ ഞാന്‍ പാചകത്തില്‍ എകസ്‌പേര്‍ട്ടാണ്. വെറുതെ പറഞ്ഞതല്ല, ഭര്‍ത്താവും മകളും എന്റെ പാചകത്തിന് നൂറില്‍ നൂറ് മാര്‍ക്കും തന്നുകഴിഞ്ഞു. കഴിഞ്ഞ ഓണത്തിന് പായസമുള്‍പ്പടെയുള്ള സദ്യ ഞാനൊറ്റയ്ക്കുണ്ടാക്കി. ഇത്തവണയും അങ്ങനെതന്നെയാണ് ഞാന്‍ പ്ലാന്‍ ചെയ്യുന്നത്. അതോടൊപ്പം എന്റെ ചില സ്‌പെഷ്യല്‍ കറികള്‍ കൂടി ഇത്തവണ ഇലയില്‍ വിളമ്പുമല്ലോ..!

ഇന്നത്തെ ന്യൂജെന്‍ സിനിമകളെക്കുറിച്ച്?

സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ ടി.വിയിലും മൊബൈലിലും മലയാള സിനിമകള്‍ കാണാറുണ്ട്. സുഡാനി പോലെയുള്ള സിനിമകള്‍ കാണാന്‍ എന്തുരസമാണ്! മാത്രമല്ല, ഞങ്ങളുടെയൊക്കെ കാലത്തെ പോലെയല്ലല്ലോ, സാങ്കേതികവിദ്യയടക്കം എന്തൊക്ക മാറ്റങ്ങളാണ് വന്നത്. ഈയിടെ ഞാനൊരു മലയാള സിനിമയില്‍ അഭിനയിച്ചു. മൂന്നാറായിരുന്നു അതിന്റെ ഷൂട്ട്. ഞാനൊക്കെ അഭിനയിക്കുന്ന സമയത്ത് നമ്മുടെ സീന്‍ കഴിഞ്ഞ് വന്നാല്‍ ഇരിക്കാന്‍ ഇന്നത്തെപ്പോലെ കാരവാനൊന്നുമില്ലല്ലോ. എല്ലാരും കൂടി ഒത്തൊരുമിച്ചിരുന്ന് കഥകളും തമാശകളുമൊക്കെ പറയും. ഇന്നത്തെ തലമുറ കാരവന്‍ സംസ്‌കാരത്തിലേക്ക് ഒതുങ്ങിപ്പോയില്ലേ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close