MUKHAMUKHAMNEWSTop News

വീട്ടിൽ അപ്പു, നാട്ടിൽ കടുവ, മൊത്തത്തിൽ തോമസ്!

ജ്യോതിസ് എബ്രാഹം

“വലുതാകുമ്പോൾ ആരാകണം? ” കുഞ്ഞുനാളിലൊരിക്കലെങ്കിലും ഈ ചോദ്യത്തിന് മറുപടി പറയാത്തവരില്ല; ആ മറുപടി ജീവിതത്തിൽ പിന്തുടർന്നവരും. എന്നാൽ തന്റെ സ്വപ്‍നം കിനാവായിരുന്നില്ലെന്നു തെളിയിക്കുകയാണ് ഇടുക്കി ഇരട്ടയാർ പഞ്ചായത്ത്‌ മൂന്നാം വാർഡ്‌ മെമ്പർ തോമസ് ജോൺ. നാട്ടുകാരുടെ പ്രിയപ്പെട്ട കടുവ! കൃഷിയും പൊതുപ്രവർത്തനവുമായി തന്റെ ബാല്യസ്വപ്നം സാക്ഷാത്ക്കരിക്കുന്ന പള്ളിക്കാനത്തിന്റെ സ്വന്തം കടുവ എഴുത്തോലയോട്

നേതാക്കന്മാർ ഉണ്ടായി വരികയാണ് ചെയുന്നത്. ഉള്ളിലൊരു ലീഡറുണ്ടെന്ന് തിരിച്ചറിഞ്ഞതെപ്പോഴാണ്?

കേരള കോൺഗ്രസ്സിൽ അടിയുറച്ചു നിന്ന ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഓർമ വച്ച നാൾ മുതൽ രാഷ്ട്രീയത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും ലോകത്താണ് ഞാൻ വളർന്നത്. ഞാൻ പൊതുപ്രവർത്തകനായതിൽ വല്യച്ചാച്ചന് നിർണായക സ്വാധീനമുണ്ട്. പ്രതിഫലം ഇച്ഛിക്കാതെയുള്ള സേവനം, അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇതെന്നെ ചിന്തിപ്പിച്ചു.

ഓരോരുത്തർക്കും ഓരോ കഴിവുകളാണല്ലോ. എന്നിലെ സംഘാടകനെ തിരിച്ചറിയാൻ വിദ്യാർത്ഥി ജീവിതം ഒരുപാടവസരങ്ങൾ തന്നു. വിദ്യാർത്ഥി പ്രതിനിധി, അസോസിയേഷൻ സെക്രട്ടറി, എൻ സി സി അണ്ടർ ഓഫീസർ, യൂണിയൻ ചെയർമാൻ സ്ഥാനാർഥി, നേച്ചർ ക്ലബ്ബ് പ്രസിഡന്റ്‌ തുടങ്ങിയ പദവികളും പിന്തുണച്ചു. അധ്യാപകരും സഹപ്രവർത്തകരുമൊക്കെ എന്നെ വളർത്തി. അതൊരു തിരിച്ചറിവിന്റെ കാലമായിരുന്നു…

പട്ടാളത്തിൽ സെലക്ഷൻ കിട്ടി. അധ്യാപന പരിശീലനത്തിലും ഒരുകൈ നോക്കി. എന്നാൽ അതിനുമപ്പുറം ജനസേവനമാണ് സ്വന്തം വഴിയെന്നു തിരിച്ചറിഞ്ഞതെങ്ങനെയാണ്?

കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കുക എനിക്കെന്നും സന്തോഷമാണ്. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റായ നാലു വർഷക്കാലം വഴിത്തിരിവായി. നമ്മൾ സഹായിക്കുന്നവർ ചിലപ്പോൾ കരയും, ചിലർ സ്നേഹിക്കും. അതൊക്കെ കാണുമ്പോൾ… പറയാൻ പറ്റില്ല. അതു നമ്മളെ വേറൊരു ലോകത്ത് എത്തിക്കും. ഒരു പഞ്ചായത്തംഗമെങ്കിലുമായാൽ ചെറുതെങ്കിലും ഒത്തിരി സഹായം ചെയ്യാൻ കഴിയുമല്ലോയെന്ന് ഞാൻ ആലോചിച്ചു. മറ്റേതു ജോലിക്കും പരിമിതികളുണ്ട്. അതുകൊണ്ട് ഇരുപത്തഞ്ചാകുമ്പോൾ മെമ്പർ ആകണമെന്ന് മനസ്സിൽക്കുറിച്ചു. ഈശ്വരാനുഗ്രഹം കൊണ്ട് അതു സാധിച്ചു.

രാഷ്ട്രീയത്തിൽ താങ്കളുടെ ഹീറോ ആരാണ്?

കെ എം മാണി സാർ. എന്തുകൊണ്ടാണെന്നു ചോദിച്ചാൽ കേരള രാഷ്ട്രീയത്തിൽ സാധാരണക്കാർക്കും കൃഷിക്കാർക്കും വേണ്ടി ഇതുപോലെ നിലകൊണ്ട മറ്റൊരു നേതാവില്ല. കർഷക പെൻഷൻ, കാരുണ്യ ചികിത്സാ സഹായ പദ്ധതി, കാരുണ്യ ലോട്ടറി, റബ്ബർ വില സ്ഥിരതാ ഫണ്ട്‌ തുടങ്ങി പല ജനക്ഷേമ പദ്ധതികളും അദ്ദേഹം കൊണ്ടുവന്നു. ക്ഷേമ പദ്ധതികളുമായി വന്ന മറ്റു നേതാക്കന്മാരുണ്ടെങ്കിലും അവരാരും ഇത്തരത്തിലൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് രാഷ്ട്രീയത്തിൽ എന്റെ റോൾ മോഡൽ കെ എം മാണി സാറാണ്.

കടുവ എന്ന പേരെങ്ങനെയാണുണ്ടായത്?

ഇതു പാരമ്പര്യമായി കിട്ടിയതാണ്. ഈ പേരു വീണിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. ഞാൻ വീട്ടിൽ അപ്പു, നാട്ടിൽ കടുവ, അകെ മൊത്തത്തിൽ തോമസ്.

ജനപ്രതിനിധിയാകുമ്പോൾ ചെയ്യണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച കാര്യം?

എന്റെ വാർഡിലും സമീപ പ്രദേശങ്ങളിലും കലാകായിക മേഖലകളിൽ മാറ്റു തെളിയിച്ച ഒരുപാടു പേരുണ്ട്. യുവജന പ്രതിനിധിയെന്ന നിലയിൽ അവർക്കു വേണ്ട പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും ( ഗ്രൗണ്ട്, കായികപരിശീലനത്തിനുള്ള ഉപകരണങ്ങൾ ) ഒരുക്കാൻ മുൻകൈയെടുക്കും. വേണ്ട പിന്തുണ നൽകിയാൽ ഇവർ നമ്മൾ ഉദ്ദേശിക്കുന്നതിനുമപ്പുറമെത്തും, സംശയമില്ല.

രാഷ്ട്രീയം ഏറെക്കുറെ കുതിരക്കച്ചവടമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് യുവതയുടെ കടന്നു വരവ് മാറ്റങ്ങളുണ്ടാക്കുമോ?

കേരളമാകെ മുൻകാലങ്ങളെയപേക്ഷിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് അവസരം ലഭിച്ചുവെന്ന് കാണാൻ കഴിയും. അതിൽ തൊണ്ണൂറു ശതമാനവും വിജയിച്ചു. ഇതിൽ നിന്നൊക്കെ മനസിലാക്കേണ്ടത് ചെറുപ്പക്കാരിൽ നിന്ന് സമൂഹം ഒരുപാടു പ്രതീക്ഷിക്കുന്നുവെന്നു തന്നെയാണ്. മാറ്റം സൃഷ്ടിക്കാൻ യുവത്വത്തിനു കഴിയുമെന്ന സമൂഹത്തിന്റെ വിശ്വാസമാണ് ഈ വിജയത്തിന് കാരണം.

കടുവ നാട്ടിലിറങ്ങുന്നത് ജനങ്ങൾക്കു പേടിയാണ്. എന്നാൽ ഈ കടുവയെ നാട്ടിൽ കണ്ടില്ലെങ്കിലാണ് ജനങ്ങൾക്കു പേടി. കാരണം ഇവൻ കാലനല്ല, കാവലാണ്. തങ്ങളുടെ അവകാശങ്ങൾക്ക് കോട്ടം വരില്ലെന്ന വിശ്വാസത്തിന്റെ കാവൽ!

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close