Breaking NewsMUKHAMUKHAMNEWSTop News

നിനക്ക് ഇനി പെണ്ണ് കിട്ടില്ല ഇങ്ങനെയൊക്കെ നടന്നോ എന്നൊക്കെ പല വിമർശനങ്ങളും ഉണ്ടായി; എല്ലാരും അംഗീകരിച്ചതിലും അവരുടെ സ്നേഹം ലഭിക്കുന്നതിലും വളരെ സന്തോഷം; വൈറലായ ഓണപ്പാട്ട് പാടിയ വിനീത് മീഡിയ മം​ഗളത്തിന് നൽകിയ അഭിമുഖം

കഴിഞ്ഞ ഒരാഴ്ച കാലമായി കേരളം ആവേശത്തോടുകൂടി പാടുന്ന ഒരു ഓണപ്പാട്ടുണ്ട്. “ചെണ്ടുമല്ലിപൂ കണ്ടാൽ ചന്തമില്ല കരളേ..” ആ പാട്ട് പാടിയത് ആരാണെന്ന് അറിയാതെ പോലും ലക്ഷകണക്കിന് പേരാണ് ആ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. അവതരണ രീതികൊണ്ട് ശ്രദ്ധേയമായ ആ ചെറുപ്പക്കാരെ കണ്ടെത്തി ലോകത്തിന് പരിചയപ്പെടുത്തുകയാണ് മീഡിയ മം​ഗളം. തൃശ്ശൂർ അന്തിക്കാട് സ്വദേശിയായ വിനീതും സുഹൃത്തുക്കളും തങ്ങളുടെ ഇഷ്ടവും സ്വപ്നവും ജീവിതവുമെല്ലാം നമ്മോട് പങ്കുവെക്കുന്നു. അന്തിക്കാട് സ്വദേശികളായ വിനീതും സുഹൃത്തുക്കളും മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ കഴിഞ്ഞ പതിനൊന്ന് വർഷമായി ഇൻസ്ട്രക്ടർമാരായി ജോലിചെയ്യുകയാണ്.

ചോദ്യം: പാട്ടെല്ലാം വൈറൽ ആയി കേരളത്തിലുടനീളം എല്ലാരും ഇപ്പോൾ അറിയുന്നു. പാട്ട് പഠിച്ചിട്ടുണ്ടോ?

വിനീത്: ഇല്ല ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല. കൂട്ടുകാർ എല്ലാവരും കൂടുമ്പോൾ ഒരു തമാശക്ക് പാടും അത്രേ ഉള്ളു. കോളേജ് പഠിക്കുന്ന സമയം മുതൽ പാടുമായിരുന്നു. അപ്പോൾ കൂട്ടുകാർ അത് രസിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ പിന്നെ കുറച്ച് കൂടുതൽ അതിനെപ്പറ്റി അന്വേഷിച്ച് പാടാൻ തുടങ്ങി. അല്ലാതെ പ്രൊഫഷണൽ ആയിട്ട് പഠിച്ചിട്ടില്ല.

ചോദ്യം: ഇതൊരു നാടൻപാട്ടാണോ?

വിനീത്: ഇത് ഒരു ഓണക്കളിപ്പാട്ടാണ്. ഇത് പ്രദീപ് ഇരിഞ്ഞാലക്കുട എന്ന കലാകാരൻ എഴുതിയി ബിജു എന്നയാൾ പാടിയ പാട്ടാണ്. എന്റെ സുഹൃത്ത് റോഷൻ പാടിയാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്. അപ്പോൾ ഒരു താല്പര്യം തോന്നി, പിന്നെ എന്റേതായ രീതിയിൽ അതൊന്ന് പാടിയതാണ്. പക്ഷെ ഈ പാട്ട് ഇങ്ങനെ വൈറൽ ആവുമെന്ന് ഞാൻ കരുതിയില്ല.

ചോദ്യം: കോളേജിൽ പഠിക്കുന്ന സമയംതൊട്ടേ ഈ പാട്ടായിരുന്നോ പാടിയിരുന്നത്? അതോ വേറെ പാട്ടുകളും പാടിയിരുന്നോ?

ഉത്തരം: ഒരുപാട് പാട്ടുകൾ പാടാറുണ്ടായിരുന്നു. പക്ഷെ കേൾക്കുന്നവർക്ക് ഒരു ഓളം ഉണ്ടാകുന്നത് ഇത്തരത്തിലുള്ള പാട്ടുകൾ പാടുമ്പോഴാണ്.

ചോദ്യം: വിനീത് അഞ്ചു വർഷം മുൻപും ഈ ചെണ്ടുമല്ലിക പാട്ട് പാടിയിരുന്നു. അന്ന് ഒരുപാട് വിവാദങ്ങളൊക്കെ ഉണ്ടായി. പ്രധാനമായിട്ടും കല്യാണം കഴിക്കാൻ പറ്റില്ല, പെണ്ണുകിട്ടില്ല എന്നൊക്കെ കേൾക്കേണ്ടി വന്നു. അതെന്തായിരുന്നു ആ വിവാദം?

ഉത്തരം: അത് അന്ന് അന്തിക്കാട് പന്തോടുള്ള കുറച്ച് കൂട്ടുകാർ കൂടി പാടിയതായിരുന്നു. അന്ന് അത് മനഃപൂർവം എടുത്ത ഒരു വീഡിയോ ആയിരുന്നില്ല. എന്റെ മനോജ് എന്നുപറയുന്ന സുഹൃത്ത് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തതാണ്. അതിൽ മുണ്ടിൽ അഴുക്ക് ആവാതെയിരിക്കാൻ കുറച്ച് കേറ്റി വെച്ചിരുന്നാണ് പാടിയിരുന്നത്. അത് കണ്ടിട്ട് മനഃപൂർവം അങ്ങനെ പാടിയതാണെന്ന് എന്നൊക്കെ ആളുകൾ പറഞ്ഞു. നിനക്ക് ഇനി പെണ്ണ് കിട്ടില്ല ഇങ്ങനെയൊക്കെ നടന്നോ എന്നൊക്കെ പല വിമർശനങ്ങളും ആ സമയത്തുണ്ടായി. അതിനെ പോസിറ്റീവ് ആയിട്ടും എടുത്തു. എന്നാലും കുറച്ച് വിഷമങ്ങളൊക്കെ ആ സമയത്തുണ്ടായി.

ചോദ്യം: അതെ വാക്കുകൾ ഉപയോഗിച്ചായിരുന്നു ഇത്തവണ വീഡിയോ ഇട്ടത് അല്ലെ. അത് വൈറലായി, ലക്ഷകണക്കിന് പേരിലേക്ക് എത്തി. ഇപ്പോൾ ഒരുപാട് ആരാധികമാരൊക്കെ ഉണ്ടായിരിക്കുമല്ലേ ?

ഉത്തരം: അങ്ങനെയില്ല.. ആരാധികമാരും ആരാധകന്മാരും എല്ലാം ഉണ്ട്. അവർ മെസ്സേജ് ഒക്കെ അയക്കാറുണ്ട്

ചോദ്യം: ഈ പാട്ടുകൊണ്ട് കല്യാണം ഏകദേശം നടക്കുമെന്ന് ഉറപ്പായി അല്ലെ?

ഉത്തരം: അങ്ങനെ പറയാൻ പറ്റില്ല. എന്നാലും കല്യാണമൊക്കെ നോക്കണ്ട സമയമായി. ജോലി സ്ഥിരമാകാൻ വേണ്ടിയാണ് കാത്തിരുന്നത്.

ചോദ്യം: വിനീത് അന്തിക്കാടുകാരനാണെന്നറിയാം, മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് ജോലിയെന്നുമറിയാം. ജോലിയെക്കുറിച്ച് കൂടുതൽ പറയാമോ ?

ഉത്തരം: 2010 ലാണ് പ്രൊഫെസ്സർ. യു. ജയകുമാർ സാറിന്റെ ഫുഡ് സെക്യൂരിറ്റി ആർമി എന്നുപറയുന്ന ഒരു സംവിധാനത്തിലൂടെയാണ് ഞാനിവിടെ എത്തുന്നത്. വിഡിയോയിൽ കണ്ട എല്ലാവരും അതുമായി ബന്ധപ്പെട്ടാണ് ഇവിടെയെത്തിയത്. അദ്ദേഹം ഇപ്പോൾ റിട്ടയേർഡ് ആയി. ഇപ്പോഴത്തെ ഹെഡ് ആയ ലത മാഡവും മറ്റുദ്യോഗസ്ഥരുമാണ് ഓണപരിപാടികളും ഇത്തരത്തിലുള്ള അവസരങ്ങളും ഇവിടെ ഒരുക്കി തന്നത്. നമ്മുടെ കലാവാസനകളെ ഉണർത്താനുള്ള സൗകര്യങ്ങളെല്ലാം അവർ ഒരുക്കി തരുന്നുണ്ട്.

ചോദ്യം: വീഡിയോ കണ്ടതിനു ശേഷം മേലുദ്യോഗസ്ഥരുടെ പ്രതികരണം എങ്ങനെയായിരുന്നു?

ഉത്തരം: അവർക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. എല്ലാരിലേക്കും എത്തിയിട്ടുണ്ടാവില്ല, അവരെല്ലാം തിരക്കുള്ള ഉദ്യോഗസ്ഥരല്ലേ .. എന്നാലും കണ്ടവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അതിൽ വളരെ സന്തോഷം

ചോദ്യം: ആരാധികമാരുടെ കാര്യമൊക്കെ പറഞ്ഞാലോ പ്രമുഖരായ ആരെങ്കിലും വിളിച്ചിട്ടുണ്ടോ?

ഉത്തരം: അങ്ങനെ ആരും വിളിച്ചിട്ടില്ല.പിന്നെ ധാരാളം മെസ്സേജുകൾ വരാറുണ്ട്. എല്ലാമൊന്നും ജോലിത്തിരക്കുകൾ കാരണം എടുത്തുനോക്കാൻ സാധിക്കാറില്ല. ഡ്യൂട്ടി ടൈമിന്റെ പ്രശ്നം കാരണം മൊബൈൽ ഉപയോഗം വളരെ കുറവാണ്. എല്ലാരും അംഗീകരിച്ചതിലും അവരുടെ സ്നേഹം ലഭിക്കുന്നതിലും വളരെ സന്തോഷം.

ചോദ്യം: വിനീതിന്റെ വീട്ടിലാരൊക്കെയുണ്ട് ?

ഉത്തരം: വീട്ടിൽ അച്ഛൻ, അമ്മ, പെങ്ങൾ. പെങ്ങളുടെ കല്യാണം കഴിഞ്ഞു ഒരു മോളുണ്ട്. മുത്തുമണി. നമ്മുടെ ഒരു ഹൃദയമാണവൾ.

ചോദ്യം: മുത്തുമണിയും, പാടുമല്ലേ?

ഉത്തരം: അങ്ങനെയല്ല, ഇങ്ങനെ ഓളത്തിനൊക്കെ പാടുവെന്നല്ലാതെ… കുഞ്ഞുകുട്ടിയല്ലേ . പിന്നെ അച്ഛൻ സാധാ കൂലിപ്പണിക്കാരനാണ്. അമ്മ ഒരു വനിതാ സൊസൈറ്റിയിൽ ജോലി ചെയ്യുന്നുണ്ട്. പെങ്ങൾ bEd കഴിഞ്ഞ് ഇപ്പോൾ വീട്ടിലുണ്ട്.

ചോദ്യം: ഇനി ഇപ്പോൾ കല്യാണമൊക്കെ ആവാം എന്നല്ലേ

ഉത്തരം: അങ്ങനെയല്ല, ഇതൊരു മാട്രിമോണി പരസ്യമാക്കരുതെന്ന് അഭ്യർത്ഥനയുണ്ട്.

ചോദ്യം: ഒരു പാട്ട് കൊണ്ട് കല്യാണം നടക്കില്ല എന്ന് ജനം മൊത്തം പറഞ്ഞപ്പോൾ അതെ പാട്ടുകൊണ്ട് വീണ്ടും സമൂഹത്തിനെ മൊത്തം കൈയിലെടുത്ത വിനീതാണ്. ഇനി എന്താണ് പ്ലാൻ ?

ഉത്തരം: ഇവിടെ ജോലിയുമായി ബന്ധപ്പെട്ട മുന്നോട്ടു പോവുക. പിന്നെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അപ്പോൾ ആ ഒരു ഒഴുക്കിൽ മുന്നോട്ട് പോവുക അത്രേയുള്ളു. കൂടുതൽ പാട്ടൊക്കെ പാടി എല്ലാവരെയും സംതൃപ്തിപ്പെടുത്തുക. കൂട്ടുകാരായിട്ട് ആഘോഷിച്ച് മുന്നോട്ടു പോവുക.

ചോദ്യം: ഈ പാട്ട് കണ്ടിട്ട് ഏതെങ്കിലും മ്യൂസിക് ബാന്റുകളോ മറ്റോ ബന്ധപെട്ടിരുന്നോ?

ഉത്തരം: അങ്ങനെയൊന്നും ഇതുവരെ വന്നിട്ടില്ല. നമുക്ക് ഇങ്ങനെയൊക്കെ തന്നെ അങ്ങ് പോയാൽ മതി.

ചോദ്യം: സിനിമയിൽ പാടണമെന്ന് ആഗ്രഹമുണ്ടോ?

ഉത്തരം: അത് തീർച്ചയയും എല്ലാവർക്കും ഉള്ള ആഗ്രഹമല്ലേ. അങ്ങനെ അവസരം കിട്ടിയാൽ തീർച്ചയായും പാടും.

ചോദ്യം: നിങ്ങളുടെ കൂടെ വിഡിയോയിൽ ആ വീഡിയോ അടുത്ത ആളില്ലാലോ അജിൻ. അജിൻ ആണ് ശെരിക്കും നിങ്ങളെയെല്ലാവരെയും ലോകത്തിനു മുന്നിൽ വൈറൽ ആക്കിയ ആൾ. അപ്പോൾ അജിനും ആ സന്തോഷം പങ്കുവെക്കാനുണ്ടാകും. ആ എക്സ്പീരിയൻസ് ഒന്ന് അറിയാം അല്ലെ ?

ചോദ്യം: അജിനാണ് ഈ വൈറൽ വീഡിയോ എടുത്ത ക്യാമറാമാൻ. ക്യാമറക്കു പിന്നിൽ മാത്രമാണ് നിന്നത്. ഇടക്ക് ചെറിയ ഒരു ശബ്‌ദം എന്തോ
കൂട്ടുകാരനെ വിളിക്കുന്നതു മറ്റോ. അപ്പോൾ ക്യാമറക്കു മുന്നിൽ വരാൻ കഴിയാത്തതിൽ വിഷമമുണ്ടോ ?

അജിൻ: ഒരിക്കലുമില്ല. നമ്മൾ കാരണം നമ്മുടെ കൂട്ടുകാരെ എല്ലാവർ അറിയുന്നത് കാണുമ്പോൾ അതൊരു പ്രത്യേക സന്തോഷമല്ലേ, പിന്നെ ഞാനിത് ഇങ്ങനെ വൈറൽ ആവും എന്ന് വിചാരിച്ച് അടുത്ത വീഡിയോ അല്ല. എല്ലാവരും കൂടുമ്പോൾ ഇങ്ങനെ പാട്ടൊക്കെ പാടും. അത് വീഡിയോ അടുക്കും. ഞാനാണ് കൂടുതലും വീഡിയോ എടുക്കാറുള്ളത്. ഉത്രാടത്തിന്റെ അന്ന് രാത്രി 12 മണിക്കാണ് അവരെന്നെ വിളിച്ച് ആ വീഡിയോ തരാൻ പറയുന്നത്. പിറ്റേന്ന് ഞാൻ രാവിലെ നോക്കുമ്പോഴേക്കും ലക്ഷകണക്കിന് പേർ കണ്ടുകഴിഞ്ഞിരുന്നു. ഇങ്ങനെ വൈറൽ ആവുമെന്ന് ഒരിക്കലും കരുതിയില്ല.

ചോദ്യം: അജിൻ ഇവിടെ ആണോ വർക്ക് ചെയ്യുന്നത്?

ഉത്തരം: ഞാൻ ഇവിടെ ആയിരുന്നു 11 വർഷം ജോലി ചെയ്തിരുന്നത്. ഇപ്പോൾ വെള്ളാനിക്കര ഫോറസ്റ് കോളേജിലാണ് പോസ്റ്റ് കിട്ടിയിരിക്കുന്നത്.

ചോദ്യം: അജിൻ പാടുവോ?

ഉത്തരം: കൂടെ പാടും…

ചോദ്യം: ഇന്ന് ഒരു അവധി ദിവസമായിട്ടും ഇത്തരത്തിലൊരു സാഹചര്യത്തിൽ നിങ്ങൾ എല്ലാവരും ഇവിടെ വന്നു. ഇങ്ങനെയൊരു അവസരം ഒരുക്കി തന്നു. ഇപ്പോഴും നിങ്ങളുടെ മുഴുവൻ സംഘവും ഇവിടെ വന്നിട്ടില്ല അല്ലെ ?

ഉത്തരം: അതെ, ഇതിൽ രണ്ടു പേര് ഇപ്പഴും എത്തിയിട്ടില്ല. നിഖിലും പോൾസനും. അവർ കുറച്ച് തിരക്കുകളായി ദൂര യാത്രയിലാണ്. അതുകൊണ്ട് എത്തിയിട്ടില്ല. അവർ കൂടി ഉണ്ടായിരുന്നെങ്കിൽ ഇരട്ടി സന്തോഷം ആയേനെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close