KERALANEWS

ചിട്ടി തട്ടിപ്പ്; നിക്ഷേപകർ നിരാഹാര സമരം ആരംഭിച്ചു; ചോദ്യം ചെയ്യലിന് സൊസൈറ്റി സെക്രട്ടറി പി. വി ഹരികുമാർ ഹാജരായില്ല

കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകർ നിരാഹാര സമരം ആരംഭിച്ചു. പണം നഷ്ടമായവർ ഇന്ന് മുതൽ അഞ്ച് ദിവസം റിലേ സത്യാഗ്രഹം നടത്താനാണ് തീരുമാനം. കേസിൽ ഇനിയും നടപടി ഇല്ലെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കുമെന്ന് ഇവർ പറഞ്ഞു. ഇത് വെറും സൂചന പ്രതിഷേധമാണെന്ന് മുന്നറിയിപ്പും ഇവർ നൽകി.

സമരത്തിന് പിന്തുണയുമായി പേരാവൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ എത്തി. അതേസമയം കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്വേഗസ്ഥന് മുന്നിൽ സൊസൈറ്റി സെക്രട്ടറി പി. വി ഹരികുമാർ ഹാജരായില്ല. രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു സഹകരണ വകുപ്പ് നോട്ടീസ് നൽകിയത്.

ഹരികുമാറിനെതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പ്രദോഷ് കുമാർ വ്യക്തമാക്കി. പണം ആരെങ്കിലും തട്ടിയെടുത്തതായി കണ്ടെത്തിയിട്ടില്ല. എന്നാൽ നിക്ഷേപമായി ചിട്ടി വഴി സ്വീകരിച്ച പണം ശമ്പളത്തിനും മറ്റുമായി വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം സഹകരണ വകുപ്പിനുണ്ട്. ചിട്ടി നടത്തിയത് വ്യവസ്ഥകൾക്ക് വിരുദ്ധമായാണ്. സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് ഈ മാസം 15 നുള്ളിൽ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സൊസൈറ്റിയുടെ ആസ്‌തി വിറ്റും കുറ്റക്കാരിൽ നിന്ന് ഈടാക്കിയും പണം നൽകാമെന്ന് സിപിഎം നേരത്തെ വ്യക്‌തമാക്കിയിരുന്നു. സൊസൈറ്റിയിലെ ക്രമക്കേട് സംബന്ധിച്ച് സിപിഎം ജില്ലാ- പ്രാദേശിക നേതാക്കൾ രണ്ടുതട്ടിലാണ്. പാർട്ടിയുടെ അനുമതിയില്ലാതെയാണ് ചിട്ടി നടത്തിയതെന്ന് ജില്ലാ നേതൃത്വം ആവർത്തിക്കുന്നു. എന്നാൽ, തങ്ങൾക്ക് ഇക്കാര്യം അറിയില്ലെന്നാണ് ലോക്കൽ സെക്രട്ടറിയുടെ പ്രതികരണം.

സൊസൈറ്റിയുടെ ആസ്തി വിറ്റും കുറ്റക്കാരായവരില്‍ നിന്ന് ഈടാക്കിയും നിക്ഷേപകരുടെ പണം മുഴുവന്‍ തിരിച്ചുകൊടുക്കുമെന്ന് സിപിഎം പറയുമ്പോഴും പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. പണം എന്ന് തരാനാകുമെന്ന് വ്യക്തമാക്കുകയാണ് വേണ്ടതെന്നും പാര്‍ട്ടിയുടെ അനുമതി ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചയല്ല വേണ്ടതെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. ചിട്ടിപ്പണം വകമാറ്റി ശമ്പളത്തിന് ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയ സൊസൈറ്റി സെക്രട്ടറിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്‌ഥൻ രേഖപ്പെടുത്തും.

സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി 2017ലാണ് 876 പേരിൽ നിന്നായി ഒരുലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു ചിട്ടി. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി 85 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്നാണ് പരാതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close