NEWSTECH

ഐ.ഒ.എസ് 15 എത്തുന്നു; സെപ്റ്റംബര്‍ 20ന് റിലീസ്​ ചെയ്യുമെന്ന് ആപ്പിള്‍; അറിയാം വിശേഷങ്ങള്‍

ആപ്പിള്‍ പ്രേമികള്‍ക്ക് ഇതാ പുതിയ സന്തോഷവാർത്ത. ആപ്പിളി​ന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിന്റെ​ പുതുക്കിയ പതിപ്പുകള്‍ സെപ്റ്റംബര്‍ 20ന് റിലീസ്​ ചെയ്യാന്‍ പോവുന്നു​. ഐഫോണ്‍ 13 ലോഞ്ചി​ന്റെ ആവേശത്തിൽ നിൽക്കുമ്പോളാണ് പുതിയ അറിയിപ്പ് വരുന്നത്. ഡിസൈനില്‍ കാര്യമായ മാറ്റങ്ങളില്ലെങ്കിലും പുതിയ മോഡലുകളിലേക്ക്​ ആളുകളെ ആകര്‍ഷിക്കാനായി കാമറയിലും ബാറ്ററിയിലും മറ്റ്​ സവിശേഷതകളിലും കാര്യമായ അപ്​ഗ്രേഡ്​ വരുത്തിയാണ് ആപ്പിൾ​ ഐഫോണ്‍ 13 ഇറക്കിയിരിക്കുന്നത്.

ഐ.ഒ.എസ് 15, ഐപാഡ്‌ഒഎസ് 15 എന്നിവയാണ്​ വലിയ മാറ്റങ്ങളോടെ ആപ്പിൾ അവതരിപ്പിക്കാന്‍ പോവുന്നത്​. കൂടെ വാച്ച്‌ ഒഎസ്, മാക് ഒഎസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയെല്ലാം പുതുക്കിയ വേര്‍ഷന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് ഒരുമിച്ച്‌ ഉള്ളടക്കങ്ങള്‍ ആസ്വദിക്കാനും ഫേസ് ടൈം വഴി സ്ക്രീനുകള്‍ പങ്കിടാനും അനുവദിക്കുന്ന ‘ഷെയര്‍പ്ലേ’ ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകളുമായാണ് സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് വരുന്നത്. വീഡിയോ കോളുകളുടെ സമയത്ത് ഉപയോക്താക്കള്‍ക്ക് പോര്‍ട്രെയിറ്റ് മോഡ് ഉപയോഗിക്കാനുള്ള ഫീച്ചറും വരുന്നുണ്ട്​. കൂടാതെ, സ്റ്റാന്‍ഡേര്‍ഡ്, വോയ്സ് ഐസൊലേഷന്‍, വൈഡ് സ്പെക്‌ട്രം എന്നീ മൂന്ന് മോഡുകള്‍ ഉപയോഗിച്ച്‌ മൈക്രോഫോണ്‍ ക്രമീകരിക്കാനുള്ള ഓപ്ഷനുകളും ഉണ്ട്. ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ഒരു പ്രത്യേക വെബ്‌ലിങ്ക് ഉപയോഗിച്ച്‌ മറ്റുള്ളവരെ വിഡിയോ കോളിലേക്ക്​ ക്ഷണിക്കാനും കഴിയും – അവര്‍ വിന്‍ഡോസോ ആന്‍ഡ്രോയ്​ഡ്​ സോഫ്റ്റ്​വെയറോ ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ പോലും.

ഐ.ഒ.എസ് 15, സന്ദേശങ്ങളിലും മെമ്മോജിയിലും നോട്ടിഫിക്കേഷനുകളിലും സഫാരി ബ്രൗസറിലും വാലറ്റിലുമടക്കം നിരവധി മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരുന്നുണ്ട്​. പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഐഫോണ്‍ 6എസ് മുതലുള്ള എല്ലാ ഫോണുകള്‍ക്കും, ഐപാഡ് എയര്‍ 2 മുതലുള്ള ഐപാഡുകള്‍ക്കും, ആപ്പിള്‍ വാച്ച്‌ മൂന്നാം ജനറേഷന്‍ മുതലുള്ള സ്മാര്‍ട് വാച്ച്‌ സീരീസിനും ലഭ്യമാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close