Breaking NewsNEWSTop NewsWORLD

കാബൂളും പിടിച്ചെടുത്ത് താലിബാൻ; അഫ്​ഗാനിസ്ഥാൻ ഇനിമുതൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് താലിബാൻ; അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തീവ്രവാദികൾ വാർത്താ സമ്മേളനം നടത്തുമ്പോൾ ഹെലികോപ്റ്ററിൽ എംബസി അധികൃതരെ രക്ഷപെടുത്തി അമേരിക്ക

കാബൂൾ: അഫ്​ഗാന്റെ അധികാരം പൂർണണായി ഏറ്റെടുത്ത് താലിബാൻ. കാബൂൾ കൂടി പിടിച്ചെടുത്ത താലിബാൻ പോരാളികൾ ഇസ്ലാമിക് എമിറേറ്റ് ഓഫ് താലിബാൻ സ്ഥാപിച്ചതായി പ്രസിഡന്റിന്റെ കൊട്ടാരത്തിനുള്ളിൽ വെച്ച് നടത്തിയ വിജയപ്രഖ്യാപനത്തിൽ അറിയിച്ചു. നഗരത്തിൽ കടക്കില്ലെന്നും ഇടക്കാ‍ല സർക്കാരിന് അധികാരം കൈമാറുമെന്നും ആദ്യം പറഞ്ഞ താലിബാൻ പിന്നീട് നഗരത്തിലും ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

ഗ്വാണ്ടനാമോ തടവറയിൽ എട്ട് വർഷം കഴിയേണ്ടി വന്നവനാണ് താനെന്നായിരുന്നു വിജയ പ്രസംഗം നടത്തിയ ഒരു താലിബാൻ കമാൻഡർ അവകാശപ്പെട്ടത്. താലിബാൻ പോരാളികൾ ഞായറാഴ്ചചയാണ് പുരാതന കൊട്ടാരത്തിൽ അതിക്രമിച്ച് കയറുകയും തലസ്ഥാന നഗരം പിടിച്ചെടുക്കുകയും ചെയ്തത്. ഈ സമയം, അമേരിക്കൻ എംബസിയിൽ നിന്നും അധികൃതരെ അമേരിക്ക ഹെലികോപ്റ്ററുകളിൽ കയറ്റി രക്ഷപെടുത്തി. അൽ-ജസീറ വാർത്താ ചാനൽ കൊട്ടാരത്തിനുള്ളിൽ നിന്ന് പത്രസമ്മേളനം തത്സമയം സംപ്രേഷണം ചെയ്തു. ക്യൂബയിലെ യുഎസ് നിയന്ത്രണത്തിലുള്ള ഗ്വാണ്ടനാമോ തടങ്കൽ കേന്ദ്രത്തിലെ മുൻ തടവുകാരനാണെന്ന് ഒരു പോരാളി അവകാശപ്പെടുന്നത്. ഒരു കൂട്ടം താലിബാൻ പോരാളികൾ പ്രസിഡന്റിന്റെ മേശപ്പുറത്ത് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

അഫ്ഗാൻ സുരക്ഷാ സേനയെ ശക്തിപ്പെടുത്താൻ അമേരിക്കയും നാറ്റോയും സ്ഥാപിച്ച ബാഗ്രാം എയർബേസ് താലിബാൻ കീഴടക്കി. ഇത് ഏറ്റെടുത്തതോടെ, തടവിലായിരുന്ന നൂറുകണക്കിന് താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ മോചിപ്പിച്ചു. അഫ്ഗാനിസ്ഥാനിൽ യുദ്ധം അവസാനിച്ചുവെന്നും ഭരണവും ഭരണരീതിയും ഉടൻ വ്യക്തമാകുമെന്നും താലിബാന്റെ രാഷ്ട്രീയ ഓഫീസ് വക്താവ് അൽ-ജസീറ ടിവിയോട് പറഞ്ഞു. ‘ഞങ്ങൾ പൗരന്മാർക്കും നയതന്ത്ര ദൗത്യങ്ങൾക്കും സുരക്ഷ നൽകുമെന്ന് എല്ലാവർക്കും ഉറപ്പ് നൽകുന്നു. എല്ലാ അഫ്ഗാൻ പൗരന്മാരുമായും സംഭാഷണം നടത്താൻ ഞങ്ങൾ തയ്യാറാണ്. അവർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് നൽകും, ‘വക്താവ് മുഹമ്മദ് നയീം പറഞ്ഞു. ‘ഓരോ ഘട്ടത്തിലും ഞങ്ങൾ ഉത്തരവാദിത്തത്തോടെ നീങ്ങുന്നു, എല്ലാവരുമായും സമാധാനം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് പിന്തുണയുള്ള അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി തജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. ‘രക്തച്ചൊരിച്ചിൽ തടയുന്നതിന്’ അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ടുവെന്നും ‘അസംഖ്യം ദേശസ്നേഹികൾ രക്തസാക്ഷികളാകുമെന്നും കാബൂൾ നഗരം നശിപ്പിക്കപ്പെടുമെന്നും’ അദ്ദേഹം പറഞ്ഞു. തന്റെ നിലവിലെ സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാർ ഇസ്ലാമിസ്റ്റ് ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പാകിസ്ഥാൻ അതിർത്തിയിലേക്ക് നീങ്ങുകയാണ്.

കാബൂളിലെ വിദേശികളോട് രാജ്യം വിടുകയോ അവരുടെ സാന്നിധ്യം രജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. 6,000 ബ്രിട്ടീഷ് നയതന്ത്രജ്ഞരെയും പൗരന്മാരെയും ബ്രിട്ടീഷ് എയർഫോഴ്സ് വിമാനം രക്ഷപെടുത്തി എന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് അംബാസഡറെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പതിനായിരത്തിലധികം പൗരന്മാരെ രക്ഷിക്കാൻ അമേരിക്കയും ശ്രമങ്ങൾ ആരംഭിച്ചു. യുഎസ്, ഫ്രഞ്ച് അംബാസഡർമാരെ ഇതിനകം ഒഴിപ്പിച്ചു.

‘അടിയന്തിര ഒഴിപ്പിക്കൽ’ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ആദ്യ സൈനിക വിമാനം ഞായറാഴ്ച എത്തുമെന്ന് ഇറ്റലിയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു, അതേസമയം ഡെൻമാർക്കും നോർവേയും ഫിൻലാൻഡും കാബൂൾ എംബസികൾ താൽക്കാലികമായി അടച്ചു, ഫിൻലാൻഡ് 170 പ്രാദേശിക ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അഭയം നൽകും. അതേസമയം, കാബൂളിലെ റഷ്യൻ എംബസി ഒഴിപ്പിക്കാൻ പദ്ധതിയില്ലെന്ന് ക്രെംലിൻ പ്രതിനിധി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട സുന്നി തീവ്രവാദ ഗ്രൂപ്പിന്റെ ഭരണം ചൈന, റഷ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close