
കൊൽക്കത്ത : ബംഗ്ലാദേശിൽ വർഗീയ കലാപങ്ങൾ ഉടെലെടുക്കുമ്പോൾ പശ്ചിമ ബംഗാളിലെ ബർദ്വാൻ ജില്ലയിൽ ഒരു ഗ്രാമം ലക്ഷ്മി പൂജയിലൂടെ സൗഹാർദ്ദത്തിന്റെ മാതൃക കാണിച്ചു കൊടുക്കുന്നു. ധർമ്മദംഗ ഗ്രാമത്തിലെ നിവാസികൾ മതവിശ്വാസങ്ങളിൽ കുരുങ്ങാതെ ലക്ഷ്മി പൂജക്കായി കൈകോർത്തു. മുൻ വർഷങ്ങളിലെ പോലെ തന്നെ പൂജാ വേദി വൃത്തിയാക്കുന്നതും പ്രസാദം വിതരണം ചെയ്യുന്നതുമെല്ലാം ഗ്രാമത്തിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ചേർന്നാണ്. അവർ ഒരുമിച്ച് ഉത്സവം ആഘോഷിക്കുന്നു.
സമീപകാല തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനം മൂർച്ചയുള്ള ധ്രുവീകരണത്തിന് സാക്ഷ്യം വഹിച്ചപ്പോൾ ബക്രീദിനും ഈദുൽ ഫിത്തറിനും ഇവിടുത്തെ ഹിന്ദുമതവിശ്വാസികൾ തങ്ങളുടെ മുസ്ലിം അയൽക്കാരുടെ വീടുകൾ സന്ദർശിച്ചു. “ലക്ഷ്മി പൂജയുടെ ഈ നാല് ദിവസങ്ങളിൽ ഞങ്ങൾ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒരുമിച്ച് കൂടുകയും ചെയ്യുന്നു. ഇത് ഞങ്ങളുടെ ഗ്രാമത്തിന്റെ പാരമ്പര്യമാണ്, ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനാണ് ഇവിടെ മുൻഗണന, ഒരു വ്യക്തിയുടെ മത വിശ്വാസമല്ല. ”ധർമ്മദംഗ നിവാസിയായ അസ്മത് അലി പറഞ്ഞു.
“ലക്ഷ്മി പൂജക്കുള്ള ആവശ്യമായ ചെലവുകളിൽ വലിയൊരു പങ്ക് വഹിക്കുന്നതും മുസ്ലിം സഹോദരരാണ്. കർഷകർ പ്രധാനമായും താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന ഉത്സവമാണ് ഈ പൂജ. ഉത്സവം ആഘോഷിക്കുന്നതിനും ഈ നാല് ദിവസങ്ങളിൽ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നു. ഞങ്ങൾ പരസ്പരം മത വിശ്വാസങ്ങളെ ബഹുമാനിക്കുന്നു.” അസ്മത്തിന്റെ അയൽവാസിയായ ബിദ്യുത് ദാസ് പറഞ്ഞു.
“ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ പരസ്പരം സഹായിക്കാൻ മുന്നോട്ട് വരുന്നു. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന തന്ത്രങ്ങളെ ഞങ്ങൾ ഗൗനിക്കാറേയില്ല. മനുഷ്യർ തമ്മിലുള്ള ബന്ധമാണ് ഏത് പ്രയാസകരമായ കാലത്തെയും അതിജീവിക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” മറ്റൊരു ഗ്രാമവാസിയായ സൗകത് മൊല്ല പറയുന്നു.