INSIGHTNEWSTop News

അഡ്വ. ജയശങ്കറിനെ ആര്‍ക്കാണ് പേടി? എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ സ്വീകാര്യനെന്ന് കരുതുന്ന വ്യക്തികള്‍ ഏത് പാര്‍ട്ടിക്കും മുതല്‍ക്കൂട്ടാണ്; ജ​ഗദീഷ് ബാബു എഴുതുന്നു

ജ​ഗദീഷ് ബാബു

ജയശങ്കറിനെ ആര്‍ക്കാണ് പേടി?

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ മലയാളികളെ ഇതുപോലെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഇല്ലെന്നുതന്നെ പറയാം. അഡ്വക്കേറ്റ് എ.ജയശങ്കര്‍ ദൃശ്യ മാധ്യമങ്ങളിലൂടെ നിരീക്ഷകനാകും മുന്‍പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകനായിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷക ജോലിക്കിടയില്‍ രാജേശ്വരി എന്ന പേരില്‍ മാധ്യമം വാരികയിലും പത്രത്തിലും എഴുതിക്കൊണ്ടായിരുന്നു ജയശങ്കറിന്റെ തുടക്കം.
ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം. അപ്രിയ സത്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ സിപിഐ ജയശങ്കറിനെ പുറത്താക്കിയിരിക്കുകയാണ്. സിപിഐ നേതൃത്വത്തിലുള്ള അഭിഭാഷക സംഘടനയിലും ജയശങ്കറിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായിയായാലും പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയായാലും എന്തിന്, സ്വന്തം പാര്‍ട്ടി സെക്രട്ടറി കാനത്തിനെയായാലും അദ്ദേഹം രൂക്ഷമായിട്ടും ചിലപ്പോള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞും വിമര്‍ശിക്കാറുണ്ട്.

കേരള രാഷ്ട്രീയം നന്നായി അറിയുന്നതുകൊണ്ടാവാം ഓര്‍മ്മയില്‍ നിന്നും പഴയ സംഭവങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് ജയശങ്കര്‍ സംസാരിക്കുക. ചിരിക്കുന്ന മുഖവും സരസമായ ഭാഷയുമുള്ളതുകൊണ്ടാവണം മറ്റ് ചാനല്‍ ചര്‍ച്ചയിലെ സ്ഥിരം കുറ്റികളെക്കാള്‍ ജയശങ്കറുണ്ടോ എന്ന് പ്രേക്ഷകര്‍ നോക്കുന്നത്. ജയശങ്കറുള്ളതുകൊണ്ടുമാത്രം ചാനല്‍ ചര്‍ച്ച കാണുന്ന ആളുകളെ കണ്ടിട്ടുണ്ട്. സത്യം പറയുന്നതുകൊണ്ടാണോ, സരസമായി സംസാരിക്കുന്നതു കൊണ്ടാണോ ഈ ജനപ്രീതി? രണ്ടായാലും ജയശങ്കറിന്റെ ഫേസ്ബുക്കിലും വാട്‌സ്അപ്പിലും ലക്ഷക്കണക്കിന് സുഹൃത്തുക്കളുണ്ടെന്നത് ആര്‍ക്കും തള്ളിക്കളയാനാവില്ല.

മുഖ്യമന്ത്രിയും പ്രമുഖരായ സിപിഎം നേതാക്കളും പലപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ ജയശങ്കറിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. സ്പീക്കര്‍ എം.ബി രാജേഷും ഷംസീര്‍ എംഎല്‍എയും അടക്കമുള്ളവര്‍ ജയശങ്കറിനോട് മുഖാമുഖം പൊരുതി തോറ്റിട്ടുണ്ട്. ജയശങ്കറിന്റെ ആക്ഷേപ ഹാസ്യത്തിന്റെ അസ്ത്രങ്ങള്‍ ഏല്‍ക്കാത്ത രാഷ്ട്രീയ നേതാക്കള്‍ ഇല്ലെന്നുതന്നെ പറയാം. അഭിഭാഷകന്‍ കൂടിയായതുകൊണ്ട് മാനനഷ്ടത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കാതെ വിമര്‍ശനങ്ങള്‍ നടത്താന്‍ ഇദ്ദേഹത്തിന് കഴിയാറുണ്ട്. സിപിഐക്കാരനാണ് ജയശങ്കര്‍ എന്നത് ആ പാര്‍ട്ടിക്ക് ഒരു അലങ്കാരമായിരുന്നു. അങ്ങനെയുള്ള ജനസമ്മതനായ ഒരാളെയാണ് സിപിഐ പുറത്താക്കിയിരിക്കുന്നത്.

വീടുകളിലെ സ്വീകരണ മുറികളില്‍ ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന ഒരു അതിഥി പോലെയാണ് ഈ മനുഷ്യന്‍. ഒന്നും മറച്ചുവെയ്ക്കാതെ അപ്രിയ സത്യങ്ങള്‍ മധുരമായ ഭാഷയില്‍ പറയാന്‍ കഴിയുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍. യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജിലും ഗവണ്‍മെന്റ് ലോ കോളേജിലുമായി വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം ബിരുദാനന്തര ബിരുദവും ഉന്നത നിയമ ബിരുദവും റാങ്കോടെ പാസായിട്ടുള്ള വ്യക്തി കൂടിയാണ്. 1989 മുതല്‍ ഹൈക്കോടതിയിലെ അഭിഭാഷകനാണ്. 1996 മുതല്‍ 2000 വരെ കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും, കാസ്റ്റിംഗ് മന്ത്രിസഭ എന്നീ പുസ്തകങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ സ്വീകാര്യനെന്ന് കരുതുന്ന വ്യക്തികള്‍ ഏത് പാര്‍ട്ടിക്കും മുതല്‍ക്കൂട്ടാണ്. അത്തരം വ്യക്തികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമ്പോള്‍ നഷ്ടം വ്യക്തികള്‍ക്കല്ല, പാര്‍ട്ടിക്ക് തന്നെയാണ്.

നരേന്ദ്ര മോദിയുടെ അസഹിഷ്ണുത രാഷ്ട്രീയത്തെക്കുറിച്ച് അലോസരപ്പെടുന്ന ഇടതുപക്ഷവും അസഹിഷ്ണുതയുടെ പിടിയിലാണ്. സത്യം വിളിച്ചുപറയുന്നവരെ വര്‍ഗ്ഗ ശത്രുക്കളായി കാണുന്നത് ഒരുതരം മനോരോഗമാണ്. അവര്‍ പറയുന്നതില്‍ വസ്തുതകളുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. വസ്തുനിഷ്ഠമാണ് വിമര്‍ശനമെങ്കില്‍ അത് ഉള്‍ക്കൊള്ളുന്നവരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍. സ്തുതിപാഠകരെ കൊണ്ടുനടക്കുകയും വിമര്‍ശകരെ പുറംകാല്‍ കൊണ്ട് തൊഴിക്കുകയും ചെയ്യുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണ്.

(ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചത്)

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close