KERALATop News

JAIN ന്റെ കൊച്ചി ഓഫ് ക്യാമ്പസ് പ്രവര്‍ത്തിക്കുന്നത് ഈ നിമിഷം വരെ നിയമം ലംഘിച്ച്

എംഎംനെറ്റ് വര്‍ക്ക് കൊച്ചി

കൊച്ചി: രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളില്‍ പ്രമുഖരായ ജയിന്‍ കല്‍പിത സര്‍വകലാശാലയുടെ കൊച്ചി ക്യാംപസിനെതിരേ സംസ്ഥാന ഉന്നതവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും കേന്ദ്രസര്‍ക്കാരിനും യുജിസിക്കും കത്തയച്ചശേഷവും വന്‍കിട പരസ്യപ്രചാരണങ്ങളുമായി മാധ്യമങ്ങളുടെ നാവടച്ച് ജെയിന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ കണ്ടെത്തി മുന്നേറുകയാണ്. കേന്ദ്രത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ അസന്ദിഗ്ധമായി അറിയിച്ചിട്ടും, ഇവിടത്തെ അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാവരുതെന്നു മുന്നറിയിപ്പു നല്‍കിയിട്ടും വന്‍കിട പരസ്യങ്ങള്‍ കൈപ്പറ്റിയ അച്ചടി-ദൃശ്യമാധ്യമങ്ങളാവട്ടെ സ്വര്‍ണക്കടത്തിനു പിന്നാലെ എന്ന വ്യാജേന ഇക്കാര്യം സൗകര്യപൂര്‍വം തമസ്‌കരിച്ചിരിക്കുകയാണ്.

ഹരീഷ് വാസുദേവന്‍


അതേസമയം ഇതേപ്പറ്റി വിവരാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ.ഹരീഷ് വാസുദേവന്‍ പുറത്തുകൊണ്ടുവരുന്നത് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ജയിന്‍ സര്‍വകലാശാലയ്ക്ക് ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. 2018 ലെ വിജ്ഞാപനം അനുസരിച്ച് രാജ്യത്ത് രണ്ടു സ്ഥലത്തു കൂടി ഓഫ് ക്യാമ്പസ് ആരംഭിക്കാം. എന്നാല്‍ 2019 ഫെബ്രുവരിയില്‍ കല്‍പിത സര്‍വകലാശാലകള്‍ക്ക് മാത്രമായി പുതിയ വിജ്ഞാപനം വന്നത് അഡ്വ ഹരീഷ് ചൂണ്ടിക്കാണിക്കുന്നു. പുതിയ നിയമം അനുസരിച്ച് യു.ജി.സി. അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ഇല്ലാതെ കൊച്ചി ഓഫ് ക്യാമ്പസ് പ്രവര്‍ത്തിക്കാന്‍ ആകില്ല. ഈ ദിവസം വരെ ജയിനിന്റെ കൊച്ചി ഓഫ് ക്യാമ്പസിന് അനുമതി കിട്ടിയിട്ടില്ല. അതായത്, നിയമവിരുദ്ധമായാണ് അത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

യുജിസിയുടെ പരിശോധന കഴിഞ്ഞു. ചില പോരായ്മകള്‍ അവര്‍ ചൂണ്ടിക്കാട്ടി. അതാണ് അവരുടെ സൈറ്റില്‍ ഇത് സംബന്ധിച്ച അവസാന വിവരം. 546 -ാമത്തെ യോഗത്തിന്റെ മിനുട്ട്‌സ് ആണ് ഇതുവരെ ലഭ്യമായ രേഖ. അതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
അതെല്ലാം പരിഹരിച്ചെന്നും യുജിസി ജൂണിലെ യോഗത്തില്‍ അംഗീകാരത്തിന് ശുപാര്‍ശ ചെയ്തുവെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് യുജിസി മറുപടി പറയുന്നുണ്ട് (രേഖ താഴെ).

ഉടന്‍ അനുമതി കിട്ടുമെന്നു ജയിനും പറയുന്നു. ശരിയായിരിക്കാം. നല്ല പിടിപാടുള്ള ആളുകളാണ്. പക്ഷേ ഇതുവരെ അംഗീകാരം കിട്ടിയിട്ടില്ല. പക്ഷേ നാട്ടുകാരില്‍ നിന്ന് ഫീസ് വാങ്ങി, ക്ലാസും തുടങ്ങി. അത് തെറ്റ്. ആ തെറ്റ് മറയ്ക്കാനാണ് മാധ്യമങ്ങള്‍ക്ക് എല്ലിന്‍ കഷണം ഇട്ടുകൊടുത്തത്.
മാധ്യമങ്ങളില്‍ വന്ന ജിയിനിന്റെ വിശദീകരണം പച്ചക്കള്ളം മാണെന്നാണ് അഡ്വ.ഹരീഷ് ഫെയ്‌സ് ബുക്കില്‍ വിശദീകരിക്കുന്നത്. യുജിസി കൊച്ചി ക്യാംപസിന് അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്താല്‍ തന്നെയും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാതെ അതു നടപ്പില്‍വരുത്തുന്നത് നിയമവിരുദ്ധമാണ്. യുജിസിയുടെ എല്ലാ ശുപാര്‍ശകളും കേന്ദ്രം അംഗീകരിച്ചുകൊള്ളണം എന്നു നിയമമില്ല, കീഴ് വഴക്കവും. ആ നിലയ്ക്ക് ഇത്രയേറെ പരാതികളുയര്‍ന്ന സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാര്‍ തന്നെ കേന്ദ്രത്തിന് കത്തെഴുതിയ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ രണ്ടാമതൊന്നാലോചിക്കാമെന്നും തീരുമാനിക്കാം. അംഗീകാരം വേണ്ട എന്നു പറഞ്ഞത് നുണ. യുജിസി യുടെ 2019 ലെ deemed to be Universities Regulations ന്റെ 7.01, മുതല്‍ 7.01.06 വരെ വായിച്ചാല്‍ അംഗീകാരം വേണമെന്ന് ആര്‍ക്കും മനസിലാക്കാം.ഒരു പത്രവും ഈ മറുവശം ഇതേവരെ മിണ്ടിയിട്ടില്ല.

ഈ അംഗീകാരം ഇല്ലാതെ കോഴ്സ് നടത്തിയാലും വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കാത്ത നടപടികളേ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാവൂ എന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. അതായത് എപ്പോള്‍ അംഗീകാരം കിട്ടിയാലും വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം കിട്ടും. ജയിനിനെ പറ്റി 2018 ല്‍ തന്നെ നിയമസഭയില്‍ വ്യക്തമായ ഉത്തരം ഉണ്ടായിട്ടും ഒരു പത്രവും അത് പ്രസിദ്ധീകരിച്ചില്ലെന്നതില്‍ പരസ്യങ്ങളുടെ സ്വാധീനം പ്രകടമാണെന്നും ഹരീഷ് അഭിപ്രായപ്പെടുന്നു.

Show More

Related Articles

Back to top button
Close