INDIANEWS

പൂഞ്ചിൽ പത്താം ദിവസവും ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം; ജമ്മുവിൽ തുടരുന്ന കരസേനാ മേധാവി ഇന്നും വിവിധ പ്രദേശങ്ങൾ സന്ദർശിക്കും

ഡൽഹി: ജമ്മുകശ്മീരിൽ പൂഞ്ചിൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരർക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ തിരച്ചിൽ ഊർജിതമാക്കി. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ പത്താം ദിവസം വ്യാപക തെരച്ചിൽ നടത്തുകയാണ്. മുൻകരുതലിന്റെ ഭാഗമായി മെൻന്ദാർ താനാമാണ്ടി വഴിയുള്ള ഗതാഗതം നിരോധിച്ചു. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ഉടൻ പിടികൂടാനുകമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ ഭീകര സംഘത്തിന് പാക് കമാന്‍ഡോകളുടെ പരിശീലനം ലഭിച്ചിട്ടുള്ളതായാണ് സൈന്യത്തിന്‍റെ അനുമാനം. ആറോ എട്ടോ ഭീകരരടങ്ങിയ സംഘം വൻ ആയുധശേഖരവുമായി മെൻധാർ, ദേര കി ഗലി വന മേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്. ഭീകരർക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്.

ഒക്ടോബ‍ർ 11നാണ് പൂഞ്ചിലെ വനമേഖലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസവും ഒരു മണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. ഇതുവരെ രണ്ട് ജൂനിയർ കമ്മീഷൻഡ് ഓഫീസറടക്കം 9 സൈനികരാണ് ഇവിടെ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചത്. ആക്രമണം ഉണ്ടാകാനുള്ള സാഹചര്യത്തിൽ നാട്ടുകാരോട് വീടിനകത്ത് നിന്ന് പുറത്തിറങ്ങരുതെന്നും ഇന്നലെ നിർദേശം നൽകിയിരുന്നു. കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന വനമേഖലയിൽ വൻ ആയുധ ശേഖരവുമായി ആറ് ഭീകരരെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് അനുമാനം. ഇന്നും ജമ്മുവിൽ തുടരുന്ന കരസേനാ മേധാവി എം എം നരവനെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും.

അതിനിടെ ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസങ്ങളിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളിൽ എൻ.ഐ.എ അന്വേഷണം. രണ്ടാഴ്ചയ്ക്കിടെ 11 സാധാരണക്കാരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഈ കേസുകളാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. അധ്യാപകരായ സുപീന്ദർ കൗർ, ദീപക് ചന്ദ്, വ്യവസായി എംഎല്‍ ബിന്ദ്രു, വീരേന്ദ്ര പാസ്വാൻ, രണ്ട് ബിഹാ‍ർ സ്വദേശികള്‍ എന്നിവരുടെ കൊലപാതകമാണ് എൻഐഎ അന്വേഷിക്കുക. ആക്രമണങ്ങളെ തുടർന്ന് ജമ്മുകശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിഭാഗീയത സൃഷ്ടിക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമമാണ് ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരു വിഭാഗം നാട്ടിലേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സർക്കാര്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരില്‍ ഒരു വിഭാഗവും മേഖലയില്‍ നിന്ന് മാറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പോലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കശ്മീര്‍ ഐജിപി വിജയകുമാര്‍ വ്യക്തമാക്കി. ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് വിശദീകരണം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതും വികസന പദ്ധതികള്‍ തടയുകയുമാണ് ഭീകരരുടെ ഉദ്ദേശമെന്നാണ് അനുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close