Breaking NewsKERALANEWSTop News

ജസ്ന സലീം ആദ്യമായി കൃഷ്ണ വി​ഗ്രഹം നേരിട്ട് കണ്ടു; ഇനി ആ​ഗ്രഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താൻ വരച്ച കണ്ണന്റെ ചിത്രം സമർപ്പിക്കാൻ‌

പത്തനംതിട്ട: അഞ്ഞൂറിലധികം കൃഷ്ണചിത്രങ്ങൾ വരച്ചിട്ടും ജസ്ന സലീമിന് കൃഷ്ണ വി​ഗ്രഹം നേരിട്ട് കാണാൻ ഭാ​ഗ്യം സിദ്ധിച്ചിരുന്നില്ല. ആദ്യമായി ക്ഷേത്ര ശ്രീകോവിലിൽ കയറി കൃഷ്ണവി​ഗ്രഹം കണ്ടതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കൊയിലാണ്ടി പുളിയിരിക്കുന്നത്ത് സലീമിന്റെ ഭാര്യ ജെസ്ന. പത്തനംതിട്ട ജില്ലയിലെ പന്തളം ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയാണ് ജസ്ന ആദ്യമായി ശ്രീകൃഷ്ണ വി​ഗ്രഹം കാണുന്നത്. കഴിഞ്ഞ ആറു വർഷമായി ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ചാണ് ജസ്ന പ്രശസ്തയായത്.

ഒരു ഇസ്ലാം മത വിശ്വാസിയായ യുവതി ശ്രീകൃഷ്ണന്റെ ചിത്രം വരക്കുന്നത് മാത്രമായിരുന്നില്ല ആളുകൾക്ക് കൗതുകം. മറിച്ച് ജസ്ന വരച്ച ചിത്രം വാങ്ങുന്നവർക്ക് തങ്ങളുടെ ആ​ഗ്രഹങ്ങൾ നടക്കുന്ന അനുഭവം കൂടി ഉണ്ടായതോടെ ജസ്നയുടെ കൃഷ്ണ ചിത്രങ്ങൾക്ക് ഡിമാൻഡ് ഏറുകയായിരുന്നു. ശ്രീകോവിലിന്റെ നേരെ മുന്നിൽനിന്ന് താൻ വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം സമർപ്പിക്കാനായത് ഉളനാട്ടിലെ ഓടക്കുഴലൂതി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ മുമ്പിലാണ്. ക്ഷേത്ര ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ച് ക്ഷേത്രത്തിലെത്തിയ ജെസ്ന, കണ്ണൻ വെണ്ണതിന്നുന്ന ചിത്രം നടയിൽ സമർപ്പിച്ചശേഷമാണ് ശ്രീകൃഷ്ണ വിഗ്രഹം കണ്ടത്. വെണ്ണ നിറച്ച ഉറി കണ്ണന് സമർപ്പിച്ചശേഷം മേൽശാന്തി വിഷ്ണുനമ്പൂതിരി നൽകിയ പ്രസാദവും തുളസിമാലയും കദളിപ്പഴവും സ്വീകരിച്ച് ദക്ഷിണയും നൽകി. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ഉളനാട് ഹരികുമാർ, സെക്രട്ടറി അജിത് കുമാർ, ട്രഷറർ അനിൽ എന്നിവർ ജെസ്നയെ സ്വീകരിച്ചു.

ഇസ്ലാം മത വിശ്വാസിയാണെങ്കിലും കൃഷ്ണ ചിത്രങ്ങൾ വരയ്ക്കുന്നതിൽ ഭർത്താവുൾപ്പെടെ ഭൂരിഭാഗം ആളുകളും തനിക്ക് പിന്തുണയാണ് നൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ വരച്ച ചിത്രം സമ്മാനമായി നൽകുകയെന്നതാണ് വലിയ ആഗ്രഹമെന്നും ജെസ്ന പറഞ്ഞു. വളരെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചയാളാണ് ജസ്ന. പക്ഷേ അവർ തന്നെ കുഞ്ഞിലേ കണ്ണാ എന്ന് വിളിക്കുമായിരുന്നു എന്ന് ജസ്ന പറയുന്നു. അത് കളിയാക്കിയിട്ടായിരുന്നു വിളി. മുസ്ലിം കുടുംബത്തിലൊരു കുട്ടിയെ കണ്ണാ എന്ന് വിളിക്കുന്നത് കളിയാക്കിയുള്ള വിളി ആണല്ലോ. അങ്ങനെ വീടിനടുത്തുള്ള കുട്ടികൾ സ്കൂളിലൊക്കെ ചെന്ന് പറയും. അങ്ങനെ സ്കൂളിലും അത് അറിയും. അതുകൊണ്ട് തനിക്ക് കണ്ണാ എന്ന് വിളി കേൾക്കുന്നത് ഇഷ്ടമല്ലായിരുന്നു എന്നാണ് ജസ്ന പറയുന്നത്. കല്ല്യാണം കഴിഞ്ഞ ശേഷം ഭർത്താവാണ് ആദ്യമായി കണ്ണനെ കാണിച്ചു തരുന്നതെന്നും യുവതി പറയുന്നു.

കണ്ണനുമായുള്ള ബന്ധത്തിനും ജെസ്നയ്ക്ക് ഒരു കഥയുണ്ട്. ആറുവർഷം മുമ്പ് പേപ്പറിൽ അവിചാരിതമായി കണ്ട കൃഷ്ണന്റെ ചിത്രം വരച്ചുനോക്കി ഭംഗി തോന്നിയപ്പോൾ അത് വീടിനടുത്തുള്ള നമ്പൂതിരി കുടുംബത്തിലെ വിശേഷത്തിന് സമ്മാനമായി നൽകി. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജെസ്ന, കൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന കലാകാരിയായി.

അന്ന് മകൻ കെജി പഠിക്കുകയാണ്. അങ്ങനെ മോന്റെ പെൻസിലൊക്കെയെടുത്ത് ജസ്ന വരച്ചുനോക്കി. വരച്ചത് നന്നാവുകയും ചെയ്തു. ഭർത്താവ് ജോലിക്ക് പോയി വന്നപ്പോൾ കാണിച്ചു കൊടുത്തു. അന്ന് ഭർത്താവ് പറഞ്ഞു, വരച്ചതൊക്കെ നന്നായിട്ടുണ്ട്. പക്ഷേ, വീട്ടിൽ വയ്ക്കണ്ട. കാരണം ഭർത്താവിന്റെ വീട്ടുകാരല്ല, ജസ്നയുടെ വീട്ടുകാർ കണ്ടാൽ അത് പ്രശ്നമാണ്. അതോണ്ട്, നീയിത് നശിപ്പിച്ച് കളയ് എന്നായിരുന്നു ഭർത്താവിന്റെ നിലപാട്. എന്നാൽ നശിപ്പിക്കാൻ ജസ്നക്ക് മനസ് വന്നില്ല. അങ്ങനെ സലീം തന്നെ ആ ചിത്രം ഫ്രെയിം ചെയ്ത് നൽകി. അത് അവരുടെ ഒരു സുഹൃത്തിന് സമ്മാനമായി നൽകുകയും ചെയ്തു. ആ ചിത്രം കിട്ടിയതോടെ സുഹൃത്തിന് നല്ല കാര്യങ്ങൾ സംഭവിച്ചു എന്ന് പറഞ്ഞതോടെ വീണ്ടും ചിത്രത്തിന് ആവശ്യക്കാരേറി.

ജസ്നയുടെ സ്വന്തം സ്ഥലം താമരശ്ശേരിയിലെ പൂനൂരാണ്. അവിടെ മുസ്ലിംകളാണ് തിങ്ങിപ്പാർക്കുന്നത്. അവിടെ നിന്നും ഒരു മുസ്ലിം കുട്ടി കൃഷ്ണനെ വരയ്ക്കുന്നു എന്ന് ആ കുടുംബം പറഞ്ഞ് കുറേപ്പേർ അറിഞ്ഞു. അവർക്കൊക്കെ അത് അത്ഭുതമായിരുന്നു. ആ കുടുംബം ആ കൃഷ്ണനെ വീട്ടിൽ വച്ചശേഷം നല്ല കാര്യങ്ങൾ സംഭവിച്ചു എന്ന് പറഞ്ഞതറിഞ്ഞ് കുറേപ്പേർ വിളിച്ചു, കൃഷ്ണനെ വാങ്ങി. പിന്നെ, ചിലർ താനൊരു മുസ്ലിം കുട്ടിയാണ്. അവൾക്കൊരു പ്രചോദനമായിക്കോട്ടെ എന്ന് കരുതിയും ചിത്രം വാങ്ങാറുണ്ടെന്നും ജസ്ന പറയുന്നു. നാട്ടിൽ നിന്നുമാത്രമല്ല, 14 ജില്ലകളിൽ നിന്നും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമെല്ലാം ആളുകൾ കണ്ണനെ തേടി വിളിക്കാറുണ്ടെന്ന് യുവതി വ്യക്തമാക്കുന്നു. ഭർത്താവിന്റെ വീട് കൊയിലാണ്ടിയാണ്. ഭർത്താവ് ദുബൈയിൽ ആണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുണ്ട്. ഒരു മകനും മകളും. മോഹൻലാൽ, സുരേഷ് ​ഗോപി, ജയറാം, മനോജ് കെ.ജയൻ, ദിലീപ്, മാതാ അമൃതാനന്ദമയി,​ ​ഗോകുലം, മാളവിക ഇവരൊക്കെ ഈ ചിത്രം തന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ജസ്ന പറയുന്നു. കാൻവാസ്, അക്രിലിക്, ​ഗ്ലാസ് പെയിന്റ് എല്ലാം ചിത്രരചന പഠിക്കാത്ത ജസ്നക്ക് വഴങ്ങും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close