celebrityKERALANEWSSocial MediaTrending

നായകന്മാരെ മലയാളത്തിലേക്ക് കൊണ്ടുവന്നിരുന്ന പത്മരാജൻ കണ്ടെത്തിയ നായകൻ; ജയറാമിന് ഇന്ന് 57ആം പിറന്നാൾ

മലയാളത്തിന്റെ ജനപ്രിയ താരം ആരെന്ന് ചോദിച്ചാല്‍ ഉത്തരം ജയറാം എന്നായിട്ട് വർഷങ്ങളായി. കുടുംബപ്രേക്ഷകരുടെ നായകൻ എന്ന വിശേഷണവും ജയറാമിന്റെ അഭിനയജീവിതത്തിലെ പൊൻകിരീടമാണ്. ഇതുവരെയുള്ള ജയറാമിന്റെ അഭിനയ ജീവിതത്തില്‍ ജയങ്ങള്‍മാത്രമല്ല പരാജയങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഓരോ പരാജയവും പഴങ്കഥയാക്കി തിരിച്ചുവരുന്ന ചരിത്രമാണ് ജയറാമിന്റേത്. പുതുമുഖങ്ങളെ നായകന്മാരായി അവതരിപ്പിക്കാന്‍ മലയാള സിനിമ മടിച്ചുനിന്നൊരു കാലത്ത് പത്മരാജന്‍ എന്ന ജീനിയസിന്‍റെ ചിത്രത്തിലൂടെ നായകനായി അരങ്ങേറാന്‍ ഭാഗ്യമുണ്ടായ നടനാണ് ജയറാം. ഇതേ പേരിലുള്ള സ്വന്തം കഥയെ ആസ്‍പദമാക്കി 1988ല്‍ പത്മരാജന്‍ സംവിധാനം ചെയ്‍ത ‘അപരനി’ല്‍ ജയറാം കാസ്റ്റ് ചെയ്യപ്പെടാന്‍ ഇടയാക്കിയത് കൊച്ചിന്‍ കലാഭവന്‍റെ ഒരു വീഡിയോ കാസറ്റ് ആയിരുന്നു.

മലയാള സിനിമയുടെ എണ്‍പതുകളുടെ അവസാനം മോഹന്‍ലാലും മമ്മൂട്ടിയും കത്തിക്കയറി വരുന്ന കാലമാണ്. ഇരുവര്‍ക്കും കൈനിറയെ സിനിമകളും പലതും വമ്പന്‍ വിജയങ്ങളും. നായകനായി മറ്റൊരു ചോയ്‍സിനെക്കുറിച്ച് പലരും ആലോചിക്കുന്നുതന്നെയില്ല. ആ സമയത്താണ് ഒരു പുതുമുഖ നായകനെ അവതരിപ്പിക്കാന്‍ പത്മരാജന് നിര്‍മ്മാതാവായ ഹരി പോത്തന്‍ ധൈര്യം കൊടുക്കുന്നത്. ആ സമയത്ത് താന്‍ ചെയ്യാന്‍ ആലോചിച്ചിരുന്ന ‘അപരന്‍’ എന്ന സിനിമയ്ക്ക് ഒരു പുതുമുഖ നായകനാണ് അനുയോജ്യമെന്നത് പത്മരാജനും തിരിച്ചറിഞ്ഞ കാര്യമായിരുന്നു. നിര്‍മ്മാതാവ് പിന്തുണച്ചതോടെ അദ്ദേഹം നായകനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

തിരുവനന്തപുരത്ത് താമസിച്ചിരുന്ന പത്മരാജന്‍ നഗരത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് കാര്യമായി അന്വേഷിച്ചത്. യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള കലാലയങ്ങളുടെ ഗേറ്റില്‍ സ്വന്തം ഫിയറ്റ് കാര്‍ ഓടിച്ച് വൈകുന്നേരങ്ങളില്‍ അദ്ദേഹം എത്തുമായിരുന്നു. ചില മുഖങ്ങള്‍ കണ്ണില്‍ പതിയുമ്പോള്‍ അവരെ വിളിച്ച് സ്വന്തം താമസസ്ഥലത്ത് കൊണ്ടുപോയി സ്ക്രീന്‍ ടെസ്റ്റും നടത്തിയിരുന്നു. പക്ഷേ മനസിലെ കഥാപാത്രത്തിന് ചേരുന്ന ഒരാളെ കിട്ടുന്നതേയില്ല. അങ്ങനെ ആറ് മാസം പിന്നിട്ടു. കാസ്റ്റിംഗ് ശരിയാവാത്തതിന്‍റെ നിരാശയില്‍ കഴിയുന്ന കാലത്താണ് കലാഭവന്‍റെ ഒരു ദുബൈ പ്രോഗ്രാമിന്‍റെ വീഡിയോ കാസറ്റ് മകന്‍ അനന്തപദ്‍മനാഭന്‍ വീട്ടില്‍ കൊണ്ടുവരുന്നത്.

അച്ഛന്‍ നായകനെ തിരയുകയാണെന്ന് അറിഞ്ഞിരുന്ന മകന്‍റെ കണ്ണിലാണ് ജയറാമിന്‍റെ മുഖം ആദ്യം ഉടക്കിയത്. മകന്‍റെ നിര്‍ബന്ധപ്രകാരം മിമിക്രി എന്ന കലയോട് താല്‍പര്യമില്ലാതിരുന്ന പത്മരാജന്‍ പ്രോഗ്രാം കാണുകയായിരുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ ജയറാമിനെ അദ്ദേഹത്തിന് ബോധിച്ചു. സുഹൃത്തും എഴുത്തുകാരനുമായി മലയാറ്റൂര്‍ രാമകൃഷ്‍ണന്‍റെ അനന്തിരവനാണെന്ന് അറിഞ്ഞതോടെ ജയറാമിനെ വേഗത്തില്‍ വിളിച്ചുവരുത്തി അദ്ദേഹം സ്ക്രീന്‍ ടെസ്റ്റ് നടത്തുകയും അപരനിലേക്ക് കാസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രേക്ഷകശ്രദ്ധ നേടിയ അപരന്‍ സാമ്പത്തിക വിജയവുമായിരുന്നു. പത്മരാജന്‍റെ തൊട്ടടുത്ത സിനിമയിലും ജയറാമായിരുന്നു നായകന്‍. ‘മൂന്നാംപക്കം’ ആയിരുന്നു ചിത്രം. തൊട്ടടുത്ത വര്‍ഷം അദ്ദേഹത്തിന്‍റെ ‘ഇന്നലെ’ എന്ന ചിത്രത്തിലും ജയറാം അഭിനയിച്ചു. ‘ഞാന്‍ ഗന്ധര്‍വ്വന്‍’ ഇറങ്ങിയ സമയത്ത് തന്നെ നായകനാക്കി മറ്റൊരു സിനിമയുടെ ആശയവും പത്മരാജന്‍ അവതരിപ്പിച്ചിരുന്നുവെന്ന് ജയറാം പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പത്മരാജന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ആ പ്രോജക്റ്റ് നടക്കാതെപോയി. താന്‍ അവതരിപ്പിച്ച പത്മരാജന്‍ കഥാപാത്രങ്ങള്‍ക്കു കിട്ടിയ സ്വീകാര്യത എന്തായിരുന്നുവെന്നതിന് ജയറാമിന്‍റെ ആദ്യകാല ഫിലിമോഗ്രഫി തന്നെ തെളിവ്.

പെരുമ്പാവൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജയറാം സുബ്രമണ്യമെന്ന ജയറാം ജനിക്കുന്നത്. സ്കൂൾ-കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളിൽ സജീവമായിരുന്ന ജയറാം കാലടി ശ്രീ ശങ്കര കോളേജിലെ ബിരുദ പഠനത്തിനു ശേഷം കൊച്ചിൻ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളിലൊരാളായി പ്രസിദ്ധി നേടി. കലാഭവനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സംവിധായകൻ പത്മരാജൻ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായിത്തിരഞ്ഞെടുത്തു. 1988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. തുടർന്ന് പത്മരാജന്റെ തന്നെ മികച്ച സിനിമകളായ “മൂന്നാം പക്കം”, “ഇന്നലെ” തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ വളരെ ശ്രദ്ധേയമായി അവതരിപ്പിച്ചു. പിന്നീട് സംവിധായകൻ രാജസേനനുമൊത്തുള്ള ചിത്രങ്ങളാണ് ജയറാമിന്റെ കരിയർ ഗ്രാഫ് ഏറെ മുകളിലേക്കുയർത്തിയത്. തുടർന്ന് സത്യൻ അന്തിക്കാടുമൊത്തും ഏറെ കുടുംബ ചിത്രങ്ങൾ ഹിറ്റുകളാക്കി മാറ്റി.

അഭിനേത്രിയും നർത്തകിയുമായ പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. മകൻ കാളിദാസൻ ബാലതാരമായി ദേശീയ അവാർഡ് കരസ്ഥമാക്കിയിരുന്നു. മകൾ മാളവികയും ഉൾപ്പെടുന്ന കുടുംബവുമൊത്ത് ചെന്നെയിലാണ് സ്ഥിരതാമസം.

മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തിരവനായ ജയറാം വലിയൊരു ആനപ്രേമിയും ചെണ്ടമേളക്കാരനുമാണ്. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും കഴിവ് തെളിയിച്ച ജയറാമിന് 2011ൽ പദ്മശ്രീ അവാർഡ് ലഭിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close