Uncategorized

‘ഇതൊന്നും ജനങ്ങൾക്ക് കേൾക്കണ്ട, മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയും’; മന്ത്രി റിയാസിന്‍റെ സാന്നിധ്യത്തിൽ വിമർശിച്ച് ജയസൂര്യ

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ വിമർശനവുമായി നടൻ ജയസൂര്യ. മഴയാണ് റോഡ് അറ്റകുറ്റപണിയുടെ തടസം എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യം ഇല്ലെന്ന് ജയസൂര്യ വിമർശിച്ചു. റോഡുകളിലെ കുഴികളിൽ വീണ് ജനങ്ങൾ മരിച്ചാൽ കരാറുകാരന് ഉത്തരവാദിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിൽ അടക്കം പല ഭാഗത്തും റോഡുകൾ മോശം അവസ്ഥയിലാണ്. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ല. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം. എന്ത് ചെയ്തിട്ടാണ് നല്ല റോഡുകൾ ഉണ്ടാക്കുന്നതെന്ന് അവർക്ക് അറിയേണ്ട കാര്യമില്ല. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു.

അതേസമയം റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിർവഹിച്ചു. മാസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ ജയസൂര്യയും പങ്കെടുത്തു.

ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഫോണ്‍ നമ്പര്‍ എന്നിവ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഡിസംബർ ഒന്നാം തിയതി വകുപ്പ് മേധാവി വഴിയല്ലാതെ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കിയതിനൊപ്പമാണ് സ‍ർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. എൻജിനീയർമാരുടെ ആത്മവിശ്വാസം തകർക്കുന്ന ഉത്തരവായതിനാലാണ് വകുപ്പ് മേധാവി വഴിയല്ലാതെ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കരുതെന്ന ഉത്തരവ് റദ്ദാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് അന്ന് അറിയിച്ചിരുന്നു. 2017ൽ സമാനമായ ഉത്തരവുണ്ടെന്നും ട്രാൻസ്ഫർ അപേക്ഷ പോലുള്ള കാര്യങ്ങൾ വകുപ്പു മേധാവി വഴിയേ പാടുള്ളുവെന്നും പുതിയ ഉത്തരവിൽ കൂട്ടി ചേർത്തിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി മഴ മാറുന്നതോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു,

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close