Breaking NewsKERALANEWSTop News

ഉന്നതമായ മുന്നണി മര്യാദ പാലിച്ച് ജോസ് കെ മാണി; സിപിഐക്കെതിരായ എതിർപ്പുകളും പരാതികളും ഉന്നയിക്കുക മുന്നണി യോ​ഗത്തിൽ; പരസ്യമായി വിഴുപ്പലക്കാനില്ലെന്ന നിലപാടിൽ കേരള കോൺ​ഗ്രസ് എം ചെയർമാൻ; രാഷ്ട്രീയ കേരളത്തിന് മാതൃകയാക്കാവുന്ന നിലപാടെന്ന് നിരീക്ഷകരും

പാലാ: വിവാദങ്ങളെ പക്വതയോടെ നേരിട്ട് കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺ​ഗ്രസിനെതിരെ സിപിഐ ഉയർത്തുന്ന ആരോപണങ്ങളോടും, തീവ്രവാദത്തെ കുറിച്ച് സിപിഎം സ്വീകരിക്കുന്ന നിലപാടുകളോടും കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സ്വീകരിക്കുന്ന നിലപാടുകൾ കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാവുന്നതാണ് എന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. പൊതുസമൂഹത്തിന് മുന്നിൽ വിഴുപ്പലക്കാനില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി. സിപിഐ തങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുണ്ടെന്നും എന്നാലത് മാധ്യമങ്ങളോട് പറയില്ല എന്നുമായിരുന്നു കഴിഞ്ഞ ദിവസം ജോസ് കെ മാണി വ്യക്തമാക്കിയത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധമെന്തെന്ന് അറിയില്ലെന്നാണ് ജോസ് കെ.മാണി കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യുന്ന സിപിഐ റിപ്പോർട്ട് സംബന്ധിച്ചു പാലായിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കാനം രാജേന്ദ്രനിൽ നിന്ന് മുൻപും വ്യക്തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ബഹുമാനിക്കുന്ന നേതാവാണ് കാനം. സിപിഐ റിപ്പോർട്ടിൽ പരാതിയില്ല. സിപിഐ അവരുടെ അഭിപ്രായം പറഞ്ഞു. ഞങ്ങൾക്കും ഇക്കാര്യത്തിൽ അഭിപ്രായങ്ങളുണ്ട്. പക്ഷേ, മാധ്യമങ്ങളോടു പറയുന്നില്ല’’– ജോസ് കെ.മാണി പറഞ്ഞു.

തീവ്രവാദത്തെക്കുറിച്ചുള്ള സിപിഎം നിലപാടിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സമൂഹത്തിൽ ഒരുപാട് ചർച്ചകൾ നടന്നതാണ്. ഉചിതമായ തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിക്കും. സർക്കാരിന് എല്ലാ കാര്യങ്ങളുമറിയാം. ഉചിതമായ സമയത്ത് ഉചിതമായ ഇടപെടൽ നടത്തും. നാര്‍ക്കോട്ടിക ജിഹാദ് സംബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കാര്യമില്ല. അത് വെറു പ്രതിപക്ഷ ആരോപണങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നും ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ജോസ് പറഞ്ഞു.

കേരള കോൺ​ഗ്രസ് എമ്മിന് ജനപിന്തുണയില്ലെന്ന സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടാണ് വിവാദമായത്. കുറിക്ക് കൊള്ളുന്ന മറുപടി നൽകി സിപിഐയുടെ വായടപ്പിക്കുന്നതിനൊപ്പം ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടാകാതിരിക്കാനാണ് കേരള കോൺ​ഗ്രസ് എം മുന്നണി നേതൃത്വത്തിന് പരാതി നൽകുന്നത്. തങ്ങളേക്കാൾ ശക്തരായ പാർട്ടിയോടുള്ള അസൂയയാണ് സിപിഐ പ്രകടിപ്പിക്കുന്നത് എന്നാണ് കേരള കോൺ​ഗ്രസ് എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നതെന്നും സിപിഐ റിപ്പോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും കേരളാ കോൺ​ഗ്രസ് എം ചൂണ്ടിക്കാട്ടുന്നു. സിപിഐയ്ക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയാണെന്ന നിലപാടാണ് കേരള കോൺ​ഗ്രസിന്. നിലവിൽ കോട്ടയം ജില്ലയിൽ സിപിഐയെക്കാൾ ഒരുപാട് സീറ്റുകൾ കൂടുതൽ കേരള കോൺ​ഗ്രസ് മത്സരിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ ഒമ്പത് നിയമസഭാ സീറ്റുകളിൽ അഞ്ചിലും മത്സരിച്ചത് കേരള കോൺ​ഗ്രസ് എം ആയിരുന്നു. സിപിഐക്കാകട്ടെ ഒരു സീറ്റ് മാത്രമാണ് മത്സരിക്കാൻ ലഭിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ നിലവിലെ സീറ്റ് നില സിപിഐഎം -6, കേരളാ കോണ്‍ഗ്രസ് എം -5, സിപിഐ – 3 എന്നിങ്ങനെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ കേരള കോൺ​ഗ്രസ് എം സിപിഐക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നെങ്കിലും മുന്നണി മര്യാദ പാലിക്കണമെന്ന ജോസ് കെ മാണിയുടെ നിർദ്ദേശത്തോടെ നിശബ്ദത പാലിക്കുകയായിരുന്നു. കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചെന്നായിരുന്നു കേരളാ കോൺഗ്രസ് എം നേതാക്കൾ അന്ന് ആരോപിച്ചത്. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമർശനമുണ്ടായത്.

സീറ്റ് വിഭജനം മുതൽ കേരള കോൺഗ്രസ്‌ എം – സിപിഐ ഭിന്നത രൂക്ഷമായിരുന്നു. ജോസ് കെ മാണി മത്സരിച്ച പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സിപിഐ നിശബ്ദമായിരുന്നുവെന്നാണ് കേരളാ കോൺഗ്രസിന്റെ വിമർശനം. സ്റ്റിയറിംഗ് കമ്മിറ്റിയിൽ യോഗത്തിൽ പാർട്ടി സ്ഥാനാർത്ഥികൾ ഇക്കാര്യം ചെയർമാൻ ജോസ് കെ മാണിയെ അറിയിച്ചു. ഇരിക്കൂറിൽ പലയിടത്തും പ്രചാരണത്തിന് സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണമുണ്ടായിരുന്നില്ല. റാന്നിയിലെ സ്ഥാനാർത്ഥി പ്രമോദ് നാരായണനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. കേരളാ കോൺഗ്രസ് ഇടത് മുന്നണിയിലെത്തിയപ്പോൾ സിപിഐയ്ക്ക് അവർ മത്സരിച്ചിരുന്ന പല സീറ്റുകളും നഷ്ടമായി. ഇതിൽ പ്രവർത്തകർക്ക് നീരസമുണ്ടായിട്ടുണ്ടെന്ന് സിപിഐ നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close