INSIGHTNEWS

ഇത് കെ എം മാണിസാറിന്റെ സ്വപ്നം തന്നെയായിരുന്നു; സന്തോഷം പങ്കുവെച്ച് ജോസ് കെ മാണി

കോട്ടയം: പാലാ ബൈപ്പാസിന് കെ എം മാണിയുടെ പേര് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് അദ്ദേഹത്തിന്റെ മകനും കേരള കോൺ​ഗ്രസ് എം ചെയർമാനുമായ ജോസ് കെ മാണി. ഇത് കെ എം മാണി സാറിന്റെ സ്വപ്നം തന്നെയായിരുന്നു. പാലാ പട്ടണത്തിലെ ​ഗതാ​ഗത കുരുക്ക് ഒഴിവാക്കുവാനാണ് പാല പരലൽ റോഡ് അഥവാ ബൈപാസ് റോഡ് നിർമ്മിച്ചതെന്ന് അദ്ദേഹം മീഡിയ മം​ഗളത്തോട് പറഞ്ഞു. നാലുവരി പാതയാണ്. പാലായിൽ നിന്നും തൊടുപുഴക്കും, പാലായിൽ നിന്നും കൂത്താട്ടുകുളത്തേക്കും, പാലായിൽ നിന്നും വൈക്കത്തേക്കും, പാലായിൽ നിന്നും ഏറ്റുമാനൂരിലേക്കും ഈ മെയിൻ റോഡുകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡാണ്. ഈ റോഡിന് സംസ്ഥാന സർക്കാർ ചിങ്ങം ഒന്നാം തീയതി തന്നെ കെ എം മാണി റോഡ് പേരിടുവാനുള്ള തീരുമാനം എടുത്തിരിക്കുന്നു. അതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.

പാലാ ബൈപ്പാസ് കെ എം മാണി ബൈപ്പാസ് എന്ന് നാമകരണം ചെയ്യുന്നതോടെ കേരള കോൺ​ഗ്രസ് എമ്മിന്റെ നേതാവിന് ലഭിക്കുന്നത് അർഹമായ സ്മാരകമാണ്. കെ എം മാണിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു പാല ബൈപ്പാസ്. പാലാ ബൈപ്പാസിന് അദ്ദേഹത്തിൻ്റെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഗവൺമെൻറ് ഉത്തരവ് ഇറങ്ങിയതോടെ ഇനിമുതൽ റോഡിന് കെ എം മാണി റോഡ് എന്നാകും പേര്.

പാലാ പുലിയന്നൂർ ജംഗ്ഷൻ മുതൽ കിഴതടിയൂർ ജംഗ്ഷൻ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്യാൻ സർക്കാർ തീരുമാനമെടുത്തത്. പാലായിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ധന മന്ത്രിയായിരിക്കെ കെ.എം മാണി ബൈപ്പാസ് പദ്ധതിക്ക് രൂപം നൽകിയത്. റെക്കോർഡ് വേഗതയിൽ പണിതീർത്ത റോഡാണ് ഇത്. പ്രകൃതി ഭംഗി നിലനിർത്തി പരിസ്ഥിതിക്ക് കോട്ടം തട്ടാതെയായിരുന്നു നിർമ്മാണം. കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നൽകിയിരുന്നു.

പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതൽ 2019 ൽ മരിക്കുന്നത് വരെ 13 തവണ പാലാ നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി വിജയിച്ച രാജ്യത്തെ തന്നെ ഏക ജനപ്രതിനിധിയായിരുന്ന കെ.എം മാണിയുടെ ഓർമ്മയായി ഇനി പാലാ ബൈപ്പാസ് അറിയപ്പെടും. കെ.എം. മാണി തന്നെയാണ് പാലാ ബൈപ്പാസിന് രൂപം നൽകിയത്.

കെ.എം. മാണിക്കു മുൻപ് പാലാ എന്നൊരു നിയോജകമണ്ഡലം ഉണ്ടായിരുന്നില്ല. മീനച്ചിലെന്നും പുലിയന്നൂർ എന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആയത് 1965ൽ ആണ്. കെ.എം. മാണി ആദ്യം സ്ഥാനാർത്ഥിയായതും ജയിച്ചതും ആ വർഷം തന്നെ. പിന്നീട് പാലയെ കുറിച്ച് മാത്രമായിരുന്നു മാണിയുടെ പ്രധാന ചിന്ത. ഇത് തന്നെയാണ് അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ അമരക്കാരനെ പാലയിലെ മാണിക്യമാക്കിയതും. ഇതിന് പാലയ്ക്ക് മാണി നൽകിയത് വികസനത്തിന്റെ കാണാകാഴ്ചകളും. ഇവിടെയുള്ള ഓരോരുത്തരേയും മാണി പേരുചൊല്ലി വിളിച്ചു. കല്യാണ വീടുകളിലെല്ലാം കാരണവരെ പോലെ ഓടിയെത്തി. മരണവീടുകളിൽ സാന്ത്വന കണ്ണീരുമായി നിറഞ്ഞു. എങ്ങനെയാകണം ജനപ്രതിനിധിയെന്ന് കേരളം ആദ്യം തിരിച്ചറിഞ്ഞതും മാണിയിലൂടെയാണ്. പിന്നീട് പല നേതാക്കളും മാണിയുടെ മാതൃക പിന്തുടർന്നു. പുതുപ്പള്ളിയുടെ കുഞ്ഞുഞ്ഞായി ഉമ്മൻ ചാണ്ടി മാറിയതും മാണിയുടെ മാതൃക ആ മണ്ഡലത്തിൽ അവതരിപ്പിച്ചായിരുന്നു.

പാലായിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിച്ച് ഇന്ത്യൻ പ്രസിഡന്റ് തന്നെ അത് ഉദ്ഘാടനം ചെയ്യണമെന്നു കെ. എം. മാണി ആഗ്രഹിച്ചു. അതു നടക്കുകയും ചെയ്തു. മീനച്ചിലാറ്റിൽ 17 പാലങ്ങൾ പണിതതും നാട്ടുകാരുടെ പ്രിയ ജനപ്രതിനിധിയായി. കോട്ടയം ജില്ലയുടെ ആസ്ഥാനം കോട്ടയമാണെങ്കിലും രണ്ടാം തലസ്ഥാനം പാലായാകണം എന്നു കെ.എം. മാണി ആഗ്രഹിച്ചതും പരസ്യമായി തന്നെ പറഞ്ഞു. എന്തു കിട്ടിയാലും പങ്കുവയ്ക്കുന്നതാണു കെ.എം. മാണിയുടെ ശീലം. കിട്ടിയതിൽ നല്ല പങ്കും പാലായ്ക്കു തിരികെ നൽകി. മണ്ഡലത്തിലെ ആദ്യ മൽസരം മുതൽ ഇന്നുവരെ പാലയ്ക്കൊപ്പമായിരുന്നു യാത്ര. പാലയെ മറന്നൊന്നും മാണി ചെയ്തില്ലാ. മാണിയുടെ പാലാ ബജറ്റുകൾ പോലും രാഷ്ട്രീയ എതിരാളികൾ വിമർശനത്തിനായി എടുത്തുയർത്തി. അപ്പോഴും പാലക്കാർക്ക് മാണിയെ കൂടുതൽ അടുത്തറിയാനുള്ള അവസരമുണ്ടായി. വിമർശനങ്ങൾ പുച്ഛിച്ച് തള്ളി വീണ്ടും വീണ്ടും പാലായിലേക്ക് മാണി വികസനമെത്തിച്ചു. അതും പരസ്യമായി തന്നെ. പാലായുടെ വികസനത്തിൽ മാണിക്ക് ഒന്നും ഒളിക്കാനില്ലായിരുന്നു.

ഏതു തിരക്കിലാണെങ്കിലും ശനിയാഴ്ച വൈകിട്ടോടെ പാലായിൽ എത്തും. പാലായിൽ ഉറക്കമുണർന്നു ഞായറാഴ്ച പള്ളിയിൽ പോകും. കൊച്ചുവക്കീലായി മരങ്ങാട്ടുപിള്ളിയിൽനിന്നു പാലായിലേക്കു ചെറുതായി കുടിയേറിയ കെ.എം. മാണിയെ പാലായും പാലാക്കാരും ഇരു കൈയും നീട്ടിയാണു സ്വീകരിച്ചത്. മാണി മന്ത്രിസഭയിൽ ഉണ്ടെങ്കിൽ എല്ലാം പാലയിൽ എത്തും. പാലയ്ക്കുള്ളത്. കെഎസ്ആർടിസി നല്ല വണ്ടി വാങ്ങിയാൽ അതിലൊന്നു പാലായിലേക്കു പോകും. സൂപ്പർ ഫാസ്റ്റ് വന്നാലും എക്സ്‌പ്രസ് തുടങ്ങിയാലും അതിലൊന്നെങ്കിലും പാലായിൽ എത്തിയിരിക്കും. അങ്ങനെ നല്ല റോഡും പാലങ്ങളും പാലായിലേക്കു കുടിയേറി.

1947 ഫെബ്രുവരിയിൽ പാലാ നഗരസഭ രൂപം കൊള്ളുന്നതിനു മുൻപ് വില്ലേജ് യൂണിയനായിരുന്നു. ഇടുക്കിയിലേക്കുള്ള വലിയൊരു റോഡ് മാത്രമാണ് അന്നു പാലായ്ക്ക് സ്വന്തം. പൊടിപിടിച്ചു കിടക്കുന്ന മൺറോഡുകളായിരുന്നു ഉണ്ടായിരുന്നത്. ഈ മുഖമാണ് മാണി മാറ്റി എഴുതിയത്. 1953ൽ വലിയ പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു. സബ് രജിസ്റ്റ്രാർ ഓഫിസ്, താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷൻ, അഞ്ചൽ ഓഫിസ്, ജയിൽ, ഗവ. ആശുപത്രി, കോടതി, എക്സൈസ്, കെഎസ്ഇബി, ജല അഥോറിറ്റി ഓഫിസ്, ഗവ. സ്‌കൂൾ എന്നിവയെല്ലാം മാണി ആദ്യം എംഎൽഎയാകുമ്പോഴും പാലായിലുണ്ട്. മാണി എംഎൽഎയായതോടെ പാലായുടെ സുവർണകാലം ആരംഭിച്ചു. സംസ്ഥാനത്ത് എന്തു വികസനം വന്നാലും അതിൽ ഒരു പങ്ക് പാലായിലും എത്തി. വൃത്തിയുള്ള നഗരമായി പാലാ വളർന്നു. വാടകക്കെട്ടിടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഗവ. ഓഫിസുകളെല്ലാം മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ച് ഒരു കുടക്കീഴിലാക്കി. പാലാ മുനിസിപ്പൽ സ്റ്റേഡിയവും ഒട്ടേറെ പാലങ്ങളും ആധുനിക നിലവാരത്തിലുള്ള റോഡുകളുമെല്ലാം കെ.എം. മാണിയുടെ പ്രയത്നത്തിന്റെ ഫലമാണ്. ഏറ്റവുമൊടുവിൽ പാലാ ബൈപാസും. അങ്ങനെ പാലയുടെ ജനനായകനായി മാണി മാറി.

മാണിയുടേത് അപൂർവ്വ ചരിത്രം

ഒരു മണ്ഡലം രൂപീകരിച്ച നാൾ മുതൽ അവിടെ മത്സരിക്കുക, എല്ലാ തിരഞ്ഞെടുപ്പും വിജയിച്ച് എംഎൽഎയായി മണ്ഡലത്തെ പ്രതിനിധീകരിക്കുക. ഒരുപക്ഷേ മറ്റൊരു ജനപ്രതിനിധിക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ റെക്കോഡ് മണിക്ക് സ്വന്തമാണ്. 1965 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോൺഗ്രസിന് 36ഉം കേരള കോൺഗ്രസിന് 23ഉം സീറ്റ് ലഭിച്ച തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭ സമ്മേളിച്ചില്ല. 1967 ലെ തിരഞ്ഞെടുപ്പിലും കെ.എം. മാണി പാലായിൽ സ്ഥാനാർത്ഥിയായി. 1975 ൽ പാലായ്ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം മന്ത്രി പദത്തിലെത്തി. ‘ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏത് എക്‌സിറ്റ് പോൾ പ്രവചിച്ചാലും എനിക്ക് പ്രശ്‌നമല്ല. എന്നെ പാലാക്കാർ കൈവിടില്ല.’ ഇന്നോളം മാണിയുടെ വാക്കുകളിലെ ആ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല. പാലായുടെ എംഎൽഎയായി തന്നെ അദ്ദേഹം യാത്രയായി.

1964 ൽ പി.റ്റി ചാക്കോയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് രൂപീകരണം നടക്കുമ്പോൾ കോട്ടയം ഡിസിസി പ്രസിഡന്റായിരുന്നു മാണി. കോട്ടയം ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ നടന്ന കേരള കോൺഗ്രസ് രൂപീകരണ യോഗത്തിൽ കെ.എം ജോർജ്ജിന്റെ നേതൃത്വത്തിലുള്ള 14 എംഎൽഎമാർ പങ്കെടുത്തപ്പോൾ മാണി ഉണ്ടായിരുന്നില്ല. തുടർന്ന് മുൻ ഡിസിസി പ്രസിഡന്റായ മാത്തച്ചൻ കുരുവിനാൽ കുന്നേലടക്കമുള്ള നേതാക്കൾ കെ എം മാണിയെ സന്ദർശിച്ചു ഇതിന് ശേഷമായിരുന്നു ചരിത്ര പരമായ ആ തീരുമാനം. എന്നാൽ കോൺഗ്രസ് വിട്ടുവരാൻ അന്ന് കോട്ടയം ഡിസിസി ചുമതലക്കാരനായിരുന്ന മാണി നേതാക്കൾക്ക് മുന്നിൽ വച്ച ഡിമാൻഡിൽ തുടങ്ങുകയായിരുന്നു പിന്നീട് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച രാഷ്ട്രീയ നേതാവിന്റെ വളർച്ച.

65 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലവും ചെലവിന് 15,000 രൂപയുമായിരുന്നു മാണിയുടെ ഡിമാന്റ്. രൂപം കൊണ്ടതിന് ശേഷം അഭിമാനപ്പോരാട്ടമായിരുന്നു കേരളാ കോൺഗ്രസിന്. അതിനാൽ ഡമാൻഡ് പാർട്ടി അംഗീകരിച്ചു. പാലാ സീറ്റും 15000 രൂപയും പ്രചാരണത്തിനുള്ള വാഹനവും നൽകി. കോൺഗ്രസ്സിലെ മിസ്സിസ് ആർ.വി തോമസായിരുന്നു എതിരാളി. കനത്തപോരാട്ടത്തിൽ മാണി നേരിയ ഭുരിപക്ഷത്തിൽ ജയിച്ച് കയറി. 50 വോട്ടുകൾ മാത്രമായിരുന്നു ഭുരിപക്ഷം.

1965-ൽ ആണ് മാണി ആദ്യ വിജയം നേടിയതെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ ചേർന്നില്ല. പിന്നീട് 67-ലെ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച മാണി മാർച്ച് 15ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഒരു ദിവസം പോലും അദ്ദേഹം എംഎൽഎ എന്ന പദവിയില്ലാതെ ജീവിച്ചിട്ടില്ല എന്നതാണ് കൗതുകകരം. ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ചയാൾ, കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13), ഏറ്റവും അധികം മന്ത്രിസഭകളിൽ അംഗം (12), ഏറ്റവും അധികം കാലം ധന-നിയമ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ റിക്കാർഡുകളെല്ലാം അദ്ദേഹം സ്വന്തം പേരിൽ ചേർത്തു.

കോട്ടയം മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളിയിൽ 1933 ജനുവരി 30-ന് കർഷക ദമ്പതികളായ മാണിയുടെയും ഏലിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. തൃശിനാപ്പള്ളി സെൻറ് ജോസഫ് കോളജ്, മദ്രാസ് ലോ കോളജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മാണി 1955-ൽ അഭിഭാഷക ജോലിയിൽ പ്രവേശിച്ചു.

പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1959-ൽ കെപിസിസിയിൽ അംഗമായി. കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരിക്കുന്പോഴാണ് 1964-ൽ കേരള കോൺഗ്രസ് രൂപീകൃതമാകുന്നത്. പിന്നീട് കേരള കോൺഗ്രസ് നേതൃനിരയിലേക്കും കേരള രാഷ്ട്രീയത്തിലെ അതികായൻ എന്ന നിലയിലേക്കും പാലാക്കാരുടെ സ്വന്തം മാണി വളരുകയായിരുന്നു.1956 നവംബർ 28-നായിരുന്നു മാണിയുടെ വിവാഹം. കോൺഗ്രസ് നേതാവ് പി.ടി.ചാക്കോയുടെ ബന്ധുവായ കുട്ടിയമ്മയാണ് ഭാര്യ. ജോസ് കെ. മാണി ഉൾപ്പടെ ആറ് മക്കളുണ്ട്. മറ്റ് മക്കൾ: എൽസമ്മ, ആനി, സാലി, ടെസി, സ്മിത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close