KERALANEWS

പാലാ ബിഷപ്പിനെ അനുകൂലിച്ചാൽ പിണറായി പിണങ്ങും; തള്ളിപ്പറഞ്ഞാൽ സഭ എതിരാകും; മൗനം പാലിച്ച് ജോസ് കെ മാണി; കേരള കോൺ​​ഗ്രസ് എമ്മിൽ പ്രതിഷേധം പുകയുന്നു

കോട്ടയം: അമുസ്‌ലിംകൾക്കെതിരെ സംഘടിത നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമർശത്തിൽ ഒന്നും മിണ്ടാതെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. അതേസമയം, പാലാ എംഎൽഎ മണി സി കാപ്പൻ കഴിഞ്ഞ ദിവസം ബിഷപ്പിന്റെ പിന്തുണച്ച് രം​ഗത്തെത്തി. ഇടത് മുന്നണിയും മുഖ്യമന്ത്രിയും ബിഷപ്പിന്റെ പരാമർശത്തെ തള്ളി രം​ഗത്തെത്തിയിരുന്നു. മുസ്ലീം സംഘടനകൾ ബിഷപ്പിനെതിരെ നിലപാട് കടുപ്പിക്കുമ്പോഴും പാലയിള ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയെന്ന് ഊറ്റം കൊള്ളുന്ന കേരള കോൺ​ഗ്രസ് എം പ്രതികരിക്കാത്തത് പാർട്ടിക്കുള്ളിലും വലിയ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

അതേസമയം, കെസി (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഈ വിഷയത്തിൽ തന്റെ പാർട്ടിയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയില്ല. പാർട്ടിക്കുള്ളിൽ നടന്ന വിശദമായ ചർച്ചയ്ക്ക് ശേഷം പാർട്ടി ചെയർമാൻ ജോസ് കെ മാണി വിശദീകരണം നൽകുമെന്ന് ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. അതംസമയം, രൂപതയെ പിന്തുണച്ച് നടത്തിയ മാർച്ചുകളിൽ പാർട്ടി അംഗങ്ങൾ പങ്കെടുക്കുന്നത് തടയില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കേരള കോൺ​ഗ്രസ് എം സിപിഎമ്മിന് വല്ലാതെ വിധേയപ്പെടുന്നു എന്ന വിമർശനം നേതാക്കൾ ഉയർത്തുന്നുണ്ട്. സഭയും ബിഷപ്പും പ്രതിസന്ധിയിലാകുമ്പോൾ ആദ്യം പ്രതികരിക്കേണ്ടിയിരുന്നത് കേരള കോൺ​ഗ്രസും ജോസ് കെ മാണിയും ആയിരുന്നു. മുഖ്യമന്ത്രിയും ഇടത് മുന്നണിയും എടുക്കേണ്ടിയിരുന്ന നിലപാട് ഇതായിരുന്നില്ല എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനാണ് ബിജെപിയും കോൺ​ഗ്രസും ശ്രമിക്കുന്നത്. അതിന് വളമേകുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന് വിധേയപ്പെട്ട് എത്രനാൾ ഇങ്ങനെ പോകാൻ കഴിയുമെന്ന ചോദ്യമാണ് നേതാക്കൾ ഉയർത്തുന്നത്.

എന്നാൽ, കേരള കോൺ​ഗ്രസ് നേതൃത്വത്തിൽ തന്നെ ജോസ് കെ മാണിക്കെതിരായ വികാരം ശക്തമാണ്. കേരളാ കോൺഗ്രസ് (എം) വനിതാ വിഭാഗം പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിർമ്മലാ ജിമ്മി ഇന്നലെ ബിഷപ്പിനെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹം പറഞ്ഞത് സത്യമാണെന്നും ബിഷപ്പ് ഉന്നയിച്ച പ്രശ്നങ്ങൾ സംസ്ഥാനവും കേന്ദ്രവും അന്വേഷിക്കണമെന്നും അവർ പറഞ്ഞു. ബിഷപ്പിന്റെ പരാമർശങ്ങൾ വിവാദമായപ്പോൾ മുതൽ, പാലാ ആസ്ഥാനമായുള്ള രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കേരള കോൺ​ഗ്രസ് എം നിലപാട് വ്യക്തമാക്കാനുള്ള സമ്മർദ്ദത്തിലായിരുന്നു. എൽഡിഎഫിന്റെ ഭാഗമായതിനാൽ, സിപിഎമ്മും എൽഡിഎഫും ഈ വിഷയത്തിൽ തികച്ചും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിനാൽ ബിഷപ്പിന്റെ പ്രസ്താവനകളെ പരസ്യമായി പിന്തുണയ്ക്കാൻ പാർട്ടിക്ക് ബുദ്ധിമുട്ടാകും. എന്നാൽ കെസി (എം) ന്റെ നേതാക്കൾ സഭയ്ക്ക് പിന്തുണ നൽകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അതിനിടെ, ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടക്കമിട്ട നാര്‍ക്കോട്ടിക് ജിഹാദ് ആരോപണ വിവാദത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപിക ദിനപത്രം രം​ഗത്തെത്തി. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് അജ്ഞതയാണെന്ന് കുറ്റപ്പെടുത്തുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിവാദം അവസാനിപ്പിക്കാന്‍ സഭ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ലേഖനവും ഇതേ വിഷയത്തിലെ മുഖപ്രസംഗവും.

നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണം.’നാര്‍ക്കോട്ടിക് ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്. അതിനെതിരെ സര്‍ക്കാര്‍ ബോധവാന്‍മാരാണ്,’ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, കത്തോലിക്ക സഭയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള ദീപിക ദിനപത്രം മുസ്‌ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം മുഖ്യമന്ത്രിയുടെ പ്രതികരണം എന്ന് കുറ്റപ്പെടുത്തുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍, പിടി തോമസ് തുടങ്ങിയ നേതാക്കളെയും ലേഖനം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ശബ്ദം കേരള കോണ്‍ഗ്രസ് മാണികൂടെ അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ. മാണി തുറന്നു പറയേണ്ടതുണ്ടെന്നും ദീപിക ചൂണ്ടിക്കാട്ടുന്നു.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച ആക്ഷേപം പഠിച്ചും വിലയിരുത്തിയുമാണ്. ഉന്നയിച്ച ആശങ്കകള്‍ സംബന്ധിച്ച വിശദീകരണം കൊടുക്കുവാനോ തയ്യാറാകാതെ അങ്ങനെ ഒന്നില്ലായെന്നു കാടടച്ചു പറയാന്‍ കാണിച്ച തിടുക്കം മുസ്‌ലിം തീവ്രവാദികളോടുള്ള ഭയമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും പി.ടി തോമസും ബിഷപ്പിന്റെ വാക്കുകളെ അപലപിച്ചു. പ്രതിപക്ഷ നേതാവ് പറയുന്നത് കേരള കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചേര്‍ന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാകണ്. വിയോജിപ്പുള്ള ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണം.

ബിഷപ്പ് പറഞ്ഞതാണ് സത്യം എന്നു പറഞ്ഞ യൂത്തു കോണ്‍ഗ്രസുകാരെ വിമര്‍ശിക്കാനും ശബരീനാഥന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തിടുക്കം കാട്ടി. നൂലില്‍ കെട്ടി ഇറക്കപ്പെട്ട ശബരിനാഥന് പാലായിലെ യൂത്തു കോണ്‍ഗ്രസുകാരെ അറിയണമെന്നില്ല. പാലായിലെ കോണ്‍ഗ്രസുകാരെ പുറത്താക്കിയാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. കോണ്‍ഗ്രസിന് ഏറെ ഉണ്ടാവുകയും ചെയ്യുമെന്ന് മുന്നറിയിപ്പും ലേഖനം നല്‍കുന്നു. ഒരു ദേവാലയത്തില്‍ മെത്രാന്‍ നല്കിയ ഉപദേശത്തിനെതിരേ മെത്രാസന മന്ദിരത്തിലേയ്ക്ക് മാര്‍ച്ച് നടത്താനും മറ്റും മുതിരുന്നവരാണോ മതസ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍. ഇവര്‍ക്കു വേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ മതേതരത്വം വാദിക്കുന്നത് എന്നും ലേഖനം ചോദിക്കുന്നു. യാഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇത് കാണാതിരിക്കാനാവില്ല. ഇത്തരം പ്രീണന രാഷ്ട്രീയമാണ് കേരളത്തെ തീവ്രവാദികളുടെ വിഹാര കേന്ദ്രമാക്കിയത് എന്നാണ് ദീപിക മുഖപ്രസംഗത്തില്‍ ഉന്നയിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close