KERALANEWSTop News

ജോസ് കെ മാണിക്ക് തുണയാകുന്നത് വിപ്ലവ പ്രസ്ഥാനത്തിന്റെ പിൻബലവും ജനാധിപത്യ പാർട്ടിയുടെ കരുത്തും; ഇങ്ങനെ പോയാൽ അഞ്ചു വർഷം കൊണ്ട് കേരള കോൺ​ഗ്രസ് എം സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബല ശക്തി; മലയോരം വിട്ട് പാർട്ടി പടർന്നു പന്തലിക്കുന്നതിനുള്ള കാരണങ്ങൾ ഇങ്ങനെ

നിരഞ്ജൻ

കോട്ടയം: കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ ഒരു രാഷ്ട്രീയ പാർട്ടിയും പ്രബല ശക്തിയായി വളർന്നിട്ടില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും പിന്നീട് സിപിഎമ്മും മാത്രമാണ് കേരളത്തിലെ നിർണായക ശക്തിയായി മാറിയ രാഷ്ട്രീയ പാർട്ടി. 1964ൽ സിപിഎം രൂപീകരണത്തിന് ശേഷം നിരവധി പാർട്ടികൾ കേരളത്തിൽ രൂപം കൊണ്ടു എങ്കിലും അവയൊന്നും ക്ലച്ച് പിടിക്കാതെ പോയതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എന്നാൽ, സിപിഎമ്മിന് ശേഷം മറ്റൊരു പാർട്ടി അത്തരത്തിൽ ശക്തി തെളിയിച്ച് എത്തുകയാണെങ്കിൽ അത് ഇന്ന് ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺ​ഗ്രസ് എം തന്നെയാകും എന്ന കാര്യം അവിതർക്കിതമാണ്.

കേരള രാഷ്ട്രീയത്തിന്റെ നാളത്തെ സ്പന്ദനം മനസ്സിലാക്കാൻ ജോസ് കെ മാണിക്ക് കഴിയുന്നു എന്നതാണ് കേരള കോൺ​ഗ്രസ് എമ്മിനെ പ്രസക്തമാക്കുന്നത്. ഇന്ന് കാണുന്ന യുഡിഎഫ്- എൽഡിഎഫ് സംവിധാനങ്ങൾ വന്നതിന് ശേഷം കേരളത്തിൽ ഒരു മുന്നണിക്കും അധികാര തു‌ടർച്ച ഉണ്ടാകില്ലെന്ന പൊതുബോധം നിലനിൽക്കുമ്പോഴാണ് ജോസ് കെ മാണിയും കൂട്ടരും അന്നത്തെ ഭരണകക്ഷിയായ ഇടത് മുന്നണിയുടെ ഭാ​ഗമാകുന്നത്. ഒരു തെരഞ്ഞെടുപ്പിന് പിന്നെ അധികനാൾ ഉണ്ടായിരുന്നില്ല. വേണമെങ്കിൽ യുഡിഎഫിൽ തന്നെ കേരള കോൺ​ഗ്രസ് എമ്മിന് തുടരാമായിരുന്നു. സംസ്ഥാന സർക്കാർ വലിയ ആരോപണങ്ങളെ നേരിടുന്ന സമയവും. സ്വാഭാവികമായും കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവമനുസരിച്ച് ഭരണമാറ്റം ഉണ്ടാകും എന്ന് ഒരു വിഭാ​ഗം ഇടതുപക്ഷക്കാർ പോലും വിശ്വസിച്ചിരുന്ന കാലം. അന്നാണ് ജോസ് കെ മാണിയും കൂട്ടരും ഇടതു മുന്നണിയിലേക്ക് എത്തുന്നത്.

ജോസ് കെ മാണിയുടെ തീരുമാനമായിരുന്നു ശരി എന്ന് കാലം തെളിയിച്ചു. സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അപസ്വരങ്ങൾ മുതൽ പ്ലാനിം​ഗ് ബോർഡിലേക്കുള്ള നോമിനിയെ തെരഞ്ഞെടുക്കുന്നത് വരെ പിന്നീട് ജോസ് കെ മാണി സ്വീകരിച്ച നിലപാടും ഉയർത്തിപ്പിടിച്ച രാഷ്ട്രീയ പക്വതയും ആ പാർട്ടിയുടെ മുകളിലേക്കുള്ള വളർച്ചക്ക് എങ്ങനെ ഊർജ്ജമാകും എന്ന് കാലം തെളിയിക്കും. ഇന്ന് കേരള കോൺ​ഗ്രസ് എം എന്ന പാർട്ടിയിലേക്ക് കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നാണ് ആളുകൾ എത്തുന്നത്. ഈ സ്ഥിതി തുടർന്നാൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇ‌ടത് മുന്നണിയിൽ സിപിഎം കഴിഞ്ഞാൽ ഏറ്റവും ജനപിന്തുണയുള്ള പാർട്ടിയായി കേരള കോൺ​ഗ്രസ് എം മാറും എന്നതിൽ തർക്കമില്ല.

കേരള കോൺ​ഗ്രസ് എമ്മിന് ​ഗുണമാകുന്നത് നിരവധി ഘടകങ്ങളാണ്. കേരള പൊതുസമൂഹത്തിന് ഇടതു മുന്നണിയോടുള്ള താത്പര്യം ആണ് അതിൽ പ്രധാനം. ഇട‌തു മുന്നണിയെ ഇഷ്‌‌ടമാണെങ്കിലും സിപിഎം ഉയർത്തിപ്പിടിക്കുന്ന ഈശ്വര വിശ്വാസത്തോടുള്ള എതിർപ്പ് ആളുകളെ ആ പാർട്ടിയുടെ ഭാ​ഗമാകുന്നതിൽ നിന്നും തടയുന്നുണ്ട്. ഒരേ സമയം ദൈവവിശ്വാസി ആയിരിക്കുകയയും ആചാരങ്ങളെ മുറുകെ പിടിക്കുകയും അതേസമയം, ഇടത് പുരോ​ഗമന മുഖം സ്വീകരിക്കുകയും ചെയ്യാൻ അവസരം ലഭിച്ചാൽ തീർച്ചയായും കേരളത്തിലെ ബഹുഭൂരിപക്ഷവും അതിന് തയ്യാറാകും. ആ അവസരമാണ് ജോസ് കെ മാണി മുന്നേട്ട് വെക്കുന്നത്.

യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഏകദേശം ഒരേ സ്വഭാവമാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും യുഡിഎഫിന്റെ ഭാ​ഗമാകാണമെന്ന് തീരുമാനിച്ചാൽ പ്രബല കക്ഷിയായ കോൺ​ഗ്രസിനാകും മുൻതൂക്കം നൽകുക. ഇടത് മുന്നണിയിൽ സിപിഎമ്മിനും സിപിഐക്കും ഏകദേശം സമാന സ്വഭാവമാണ്. ഇവരിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും ഇടതുപക്ഷത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് കേരള കോൺ​ഗ്രസ് എമ്മോളം നല്ലൊരു പാർട്ടി ഇല്ലെന്ന് തന്നെ പറയാം.

മറ്റ് കേരള കോൺ​ഗ്രസുകളെ അപ്രസക്തമാക്കാനുള്ള ജോസ് കെ മാണിയുടെ കഴിവാണ് മറ്റൊരു പ്രധാന ഘടകം. പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺ​ഗ്രസിനുള്ളിലെ കലാപം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനും കേരള കോൺ​ഗ്രസ് എമ്മിന് കഴിയും. അണികളുമായി എത്തുന്ന നേതാക്കൾക്ക് അർഹമായ പരി​ഗണന എന്നതാണ് ജോസ് കെ മാണി മറ്റ് കേരള കോൺ​ഗ്രസ് ​ഗ്രൂപ്പുകളിലെ നേതാക്കൾക്ക് നൽകിയിരിക്കുന്ന സൂചന.

പാർട്ടിയിലെ മന്ത്രി നിർണയം മുതൽ താൻ ഒരു പാർലമെന്ററി സ്ഥാനവും ഏറ്റെടുക്കില്ലെന്ന പ്രഖ്യാപനം വരെ ജോസ് കെ മാണിക്ക് നൽകിയ ഇമേജ് വളരെ വലുതാണ്. പാർട്ടിക്കുള്ളിൽ കൊണ്ടുവരുന്ന മാറ്റങ്ങളും സംഘടനാ ചട്ടക്കൂടിനെ കൂടുതൽ ശക്തമാക്കും. മന്ത്രിയായി റോഷി അ​ഗസ്റ്റിനും ചീഫ് വിപ്പായി എൻ ജയരാജും പാർട്ടി ചെയർമാനായി ജോസ് കെ മാണിയും വന്നതോടെ കേരള കോൺ​ഗ്രസ് എം കൂടുതൽ യുവത്വം കൈവരിക്കുകയായിരുന്നു. ഒരുപക്ഷേ കേരള രാഷ്ട്രീയത്തിൽ ഇന്ന് ഒരു പാർട്ടിയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവും ജോസ് കെ മാണിയാണ്.

സന്തോഷ് ജോർജ് കുളങ്ങരയെ കേരള കോൺഗ്രസ് പ്രതിനിധിയായി സംസ്ഥാന ആസുത്രണ ബോർഡിലേയ്ക്ക് നാമനിർദേശം ചെയ്ത് ജോസ് കെ മാണിയും കൂട്ടരും മാറ്റത്തിന്റെ പാതയിലാണ് പാർട്ടിയെന്ന് വ്യക്തമാക്കുകയാണ്. കൂടുതൽ പ്രൊഫഷണലുകളെയും ജനകീയ മുഖമുള്ളവരെയും പാർട്ടിയുമായി അടുപ്പിച്ച് കേരള കോൺഗ്രസിനെ പ്രൊഫഷണൽ മുഖമുള്ള പാർട്ടിയാക്കി മാറ്റുന്നതിനു മുന്നോടിയായാണ് ജോസ് കെ മാണിയുടെ പുതിയ നീക്കം.

കൂടുതൽ പ്രൊഫഷണലുകൾ വരും ദിവസങ്ങളിൽ പാർട്ടിയിലെത്തുമെന്നാണ് കേരള കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ അടിമുടി മാറ്റത്തോടെ തികച്ചും ജനകീയമായ ഒരു മുഖത്തോടെ കേരളം രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ കേരള കോൺഗ്രസ്സിന് കഴിയുമെന്നാണ് വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close